‘മോളെന്തെയ്യുന്നു ചേട്ടാന്ന് ചോദിച്ചതോര്‍ക്കുന്നു; നെഞ്ചില്‍ കിടന്നു തലകുത്തി മറിയുവാ എന്ന് മറുപടി; മനസ്സിലെ നോവായി കുഞ്ഞാവ പോയി’; ബാലഭാസ്കര്‍ പറഞ്ഞ വാക്കുകള്‍ ഓര്‍ത്ത് സുഹൃത്ത് ആര്.ജെ.ഫിറോസ്

തിരുവനന്തപുരം: മലയാളികള്‍ ഇന്നലെ ഏറെ ഞെട്ടലോടെ കേട്ട വാര്‍ത്തയായിരുന്നു വയലിനിസ്റ്റ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടതും രണ്ട് വയസുകാരിയായ മകള്‍ തേജസ്വനി മരിച്ചതും.16 വര്‍ഷം കാത്തിരുന്ന് കിട്ടിയ കണ്മണിയെ മരണം തട്ടിയെടുത്തതു പോലും അറിയാതെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് ബാലഭാസ്കറും ഭാര്യ ലക്ഷ്മിയും. ഇവര്‍ ജീവിതത്തിലേക്ക് മടങ്ങിവരണമെന്നും കുഞ്ഞിന്റെ വിയോഗം അറിഞ്ഞാല്‍ അത് താങ്ങാനുള്ള കരുത്ത് അവര്‍ക്ക് നല്‍കണമെന്നുമാണ് കേരളക്കരയാകെ പ്രാര്‍ത്ഥിക്കുന്നത്.
കേരളത്തില്‍ പ്രളയം നേരിട്ട സമയത്ത് ബാലഭാസ്കറുമായി സംസാരിച്ചത് ഓര്‍ക്കുകയാണ് സുഹൃത്തായ ആര്.ജെ.ഫിറോസ്. ”പ്രളയ സമയത്തു ചേട്ടന് വിളിച്ചിരുന്നു .ഡാ ,നീ ചെയ്യുന്നതൊക്കെ കാണുന്നും അറിയുന്നുമുണ്ട് .ഞാനും കൂടാം എന്റെ വയലിനുമായി. ക്യാമ്പുകളില്‍ വന്ന് അവരെയൊക്കെ ഒന്നുഷാറാക്കാം എന്ന് പറഞ്ഞു വയ്ക്കുമ്പോള്‍ മോളെന്തെയ്യുന്നു ചേട്ടാ ന്ന് ചോദിച്ചതോര്‍ക്കുന്നു .നെഞ്ചില്‍ കിടന്നു തലകുത്തി മറിയുവാ എന്ന് മറുപടി. മനസ്സിലെ നോവായി കുഞ്ഞാവ പോയി.ചേട്ടനും ചേച്ചിയും ജീവിതത്തിലേക്ക് മടങ്ങിയെത്തുമ്പോള്‍ ആ വിയോഗം താങ്ങാനുള്ള കരുത്തു കിട്ടട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു”, ഫിറോസ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
ആര്.ജെ ഫിറോസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
കോളേജ് പഠനകാലത്ത് ഏറ്റവും അടുപ്പമുള്ള ജ്യേഷ്ഠ സഹോദരനായിരുന്നു ബാലുച്ചേട്ടന്. കക്ഷീടെ പ്രണയകാലത്തിനു സാക്ഷ്യം വഹിച്ചു ഞങ്ങള്‍ യുവജനോത്സവവേദികളില്‍ ഇഷ്ടം പകുത്തു എത്രയോ യാത്ര ചെയ്തു !റേഡിയോയില്‍ എത്തുമ്പോള്‍ ഏറ്റവും കൂടുതല്‍ പ്രോത്സാഹിപ്പിച്ചവരില് ഒരാള്‍.ആ സ്നേഹമാണ് ഇപ്പൊ ബോധം മറഞ്ഞു ,18 വര്‍ഷം കാത്തിരുന്ന് ലഭിച്ച കണ്മണി പോയതറിയാതെ ആശുപത്രിക്കിടക്കയില്‍ സര്‍ജറി മുറിയില്‍ ഉള്ളത് !വിധു പ്രതാപ് പോയി കണ്ടിട്ട് പറഞ്ഞ വാക്കുകള്‍ ഞാനും കേട്ടു .ചേച്ചി അപകട നിലതരണംചെയ്തു .ബാലുച്ചേട്ടന് സ്പൈനല്‍ കോഡ് ന് ഇഞ്ചുറി സംഭവിച്ച സ്ഥിതിയിലാണ്. ബിപി ഒരുപാട് താഴെയും ,എല്ലുകള്‍ ഒടിഞ്ഞ അവസ്ഥയിലുമാണത്രെ !സര്‍ജറിക്ക് കയറ്റിയിട്ടുണ്ട് .മലയാളക്കരയുടെ മുഴുവന്‍ പ്രാര്‍ത്ഥനകളുണ്ട് .ബാലുച്ചേട്ടന് എത്രയും വേഗം സുഖം പ്രാപിക്കട്ടെ .പ്രളയ സമയത്തു ചേട്ടന് വിളിച്ചിരുന്നു .ഡാ ,നീ ചെയ്യുന്നതൊക്കെ കാണുന്നും അറിയുന്നുമുണ്ട് .ഞാനും കൂടാം എന്റെ വയലിനുമായി. ക്യാമ്പുകളില്‍ വന്ന് അവരെയൊക്കെ ഒന്നുഷാറാക്കാം എന്ന് പറഞ്ഞു വയ്ക്കുമ്പോള്‍ മോളെന്തെയ്യുന്നു ചേട്ടാ ന്ന് ചോദിച്ചതോര്‍ക്കുന്നു .നെഞ്ചില്‍ കിടന്നു തലകുത്തി മറിയുവാ എന്ന് മറുപടി. മനസ്സിലെ നോവായി കുഞ്ഞാവ പോയി.ചേട്ടനും ചേച്ചിയും ജീവിതത്തിലേക്ക് മടങ്ങിയെത്തുമ്പോള്‍ ആ വിയോഗം താങ്ങാനുള്ള കരുത്തു കിട്ടട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു .
ആകെ സങ്കടം ,ആധി .
എത്രയും വേഗം ഭേദമാകട്ടെ