Main Menu

മെഡിക്കല്‍ പ്രവേശനം അനിശ്ചിതത്വത്തില്‍; സുപ്രീം കോടതി വിധിയില്‍ കുടുങ്ങി 550 വിദ്യാര്‍ഥികള്‍

കൊച്ചി: മെഡിക്കല്‍ വിദ്യാഭ്യാസത്തിനുള്ള യോഗ്യതാ പരീക്ഷ വിജയിച്ചിട്ടും 550 വിദ്യാര്‍ഥികള്‍ പഠനം തുടങ്ങാനാവാതെ ഇപ്പോഴും പ്രതിസന്ധിയില്‍. കേരളത്തിലെ നാല് സ്വകാര്യ മെഡിക്കല്‍ കോളേജുകളിലേക്ക് കഴിഞ്ഞ മാസം സ്‌പോട്ട് അഡ്മിഷന്‍ നേടിയവരാണ് പഠനം തുടങ്ങാനാവാതെ വലയുന്നത്. വിചാരണ പൂര്‍ത്തിയായ കേസില്‍ സുപ്രീംകോടതിയുടെ വിധിയും പ്രതീക്ഷിച്ച് കഴിയുകയാണ് ഈ വിദ്യാര്‍ത്ഥികള്‍.

ഒറ്റപ്പാലത്തെ പി.കെ. ദാസ് ഇന്‍സ്റ്റിറ്റ്യൂട്ട്, വയനാട്ടിലെ ഡി.എം. ഇന്‍സ്റ്റിറ്റ്യൂട്ട്, തൊടുപുഴയിലെ അല്‍ അസ്ഹര്‍, വര്‍ക്കലയിലെ എസ്ആര്‍ മെഡിക്കല്‍ തുടങ്ങിയ കോളേജുകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളാണ് ബുദ്ധിമുട്ടിലായത്. ഈ കോളേജുകളില്‍ പ്രവേശനത്തിന് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ അനുമതി നിഷേധിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ഇതിനെതിരേ ഹൈക്കോടതിയെ സമീപിച്ച മാനേജ്‌മെന്റിന് പ്രവേശനത്തിന് അനുമതി ലഭിച്ചു. സെപ്റ്റംബര്‍ നാല്, അഞ്ച് തീയതികളിലായിരുന്നു സംസ്ഥാന എന്‍ട്രന്‍സ് കമ്മിഷണറുടെ നിര്‍ദേശപ്രകാരമുള്ള നടപടികള്‍. എന്നാല്‍ രണ്ടാം ദിവസം ഉച്ചയോടെ മെഡിക്കല്‍ കൗണ്‍സിലിന്റെ പരാതിയില്‍ സുപ്രീംകോടതി സ്റ്റേയെത്തി. ഏറെ പ്രയത്‌നങ്ങള്‍െക്കാടുവില്‍ നേടിയെടുത്ത പ്രവേശത്തിന്റെ സന്തോഷം നിമിഷ നേരം കൊണ്ട് ഇല്ലാതായതോടെ രക്ഷാകര്‍ത്താക്കളും വിദ്യാര്‍ഥികളും അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

മൊത്തം 550 സീറ്റുകളാണ് നാലു കോളജിലുമായുള്ളത്. ഇതില്‍ അഞ്ഞൂറോളം എണ്ണത്തിലാണ് നടപടികള്‍ പൂര്‍ത്തിയായത്. ബന്ധപ്പെട്ട കക്ഷികളുടെ ഭാഗങ്ങള്‍ കേട്ട കോടതി അവസാനമായി കേസ് പരിഗണിച്ചത് കഴിഞ്ഞ 26നാണ്. കോടതി അവധിയിലായതോടെ തീരുമാനവും വൈകി. ഇതോടെയാണ് കുട്ടികളും ബന്ധുക്കളും വലിയ നിരാശയിലായത്. ഇതില്‍ 88 കുട്ടികള്‍ അനുബന്ധ കോഴ്‌സുകളായ ബിഡിഎസിനും മറ്റും ചേര്‍ന്നതായാണ് വിവരം. ഭൂരിഭാഗം പേരും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. നിലവില്‍ ഒരു വര്‍ഷം നഷ്ടപ്പെടുത്തി പ്രവേശനപ്പരീക്ഷ വീണ്ടുമെഴുതി പ്രവേശനം നേടിയ ചില കുട്ടികള്‍ കടുത്ത മാനസിക സമ്മര്‍ദത്തിലായിട്ടുണ്ട്. അടുത്ത പ്രവേശനപ്പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള സമയമായിട്ടും പഠിച്ചു നേടിയ അവസരം കിട്ടാക്കനിയായിത്തീര്‍ന്നതാണ് അവരെ കുഴക്കുന്നത്. ശക്തമായ ഇടപെടല്‍ ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയകക്ഷി നേതാക്കളെയും ഭരണാധികാരികളെയും സമീപിച്ചിട്ടുമുണ്ട്. 22 വരെയാണ് കോടതിയുടെ അവധി. കോടതി തുറന്നാലുടന്‍ കേസില്‍ വിധിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും.Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്