Main Menu

മുഖ്യമന്ത്രിയുടെ ‘ആക്രോശം’ ഗ്രാമീണ ഭാഷയായിരിക്കാം: കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകരോട് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിയെ ലഘൂകരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മുഖ്യമന്ത്രിയുടേത് ഗ്രാമീണ ഭാഷയായിരിക്കാമെന്നും അതൊന്നും വല്യ വിഷയമായി കാണേണ്ടതില്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

ഇന്ന് രാവിലെ തിരുവനന്തപുരത്ത് ബിജെപി പ്രവര്‍ത്തകരുമായി നടന്ന സമാധാനചര്‍ച്ച റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെയാണ് മുഖ്യമന്ത്രി ചര്‍ച്ച നടക്കാനിരുന്ന ഹാളില്‍ നിന്ന് ഇറക്കി വിട്ടത്. അതേസമയം, പുറത്തു പോകാന്‍ പല രീതിയില്‍ പറയാമെന്നും മുഖ്യമന്ത്രി പറഞ്ഞ വാക്കുകള്‍ മുഖ്യമന്ത്രി തന്നെ വിശദീകരിക്കുമെന്നും കാനം വ്യക്തമാക്കി.

പത്രക്കാരെ ആക്ഷേപിക്കുക എന്ന ഉദ്ദേശം മുഖ്യമന്ത്രിക്ക് ഉണ്ടായിരുന്നിരിക്കില്ലെന്നും കാനം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ചര്‍ച്ച നടന്ന തിരുവനന്തപുരത്തെ മാസ്‌കറ്റ് ഹോട്ടലിന് പുറത്ത് മാധ്യമപ്രവര്‍ത്തകരെ കാണുകയായിരുന്നു കാനം.

ചര്‍ച്ചയ്ക്കായി ഹോട്ടലിലെത്തിയ മുഖ്യമന്ത്രി ആദ്യം തന്നെ മാധ്യമപ്രവര്‍ത്തകരെ ഉള്ളില്‍ കടത്തിവിട്ടതിന് ഹോട്ടല്‍ മാനേജരോട് കയര്‍ത്തു. ശേഷം മാധ്യമപ്രവര്‍ത്തകരോട് മുറിയില്‍ നിന്നും ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയായിരുന്നു.

മാധ്യമപ്രവര്‍ത്തകര്‍ പുറത്തേക്ക് ഇറങ്ങുന്നതിനിടയില്‍ ‘കടക്ക് പുറത്ത്’ എന്നും മുഖ്യമന്ത്രി ആക്രോശിച്ചു. മുഴുവന്‍ മാധ്യമപ്രവര്‍ത്തകരും പുറത്തിറങ്ങിയ ശേഷമാണ് മുഖ്യമന്ത്രി മുറിയിലേക്ക് പ്രവേശിച്ചത്.

ചര്‍ച്ച കഴിഞ്ഞ് പുറത്തു വന്ന മുഖ്യമന്ത്രി ചര്‍ച്ചയെക്കുറിച്ച് പറഞ്ഞുവെങ്കിലും മാധ്യമപ്രവര്‍ത്തകരെ പുറത്തിറക്കി വിട്ടതിനെക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ല. അദ്ദേഹത്തിന്റെ പിന്നാലെ ഇറങ്ങിയ കോടിയേരിയും ഇതിനെക്കുറിച്ച് മൗനം പാലിച്ചു. പിന്നീട് വന്ന കാനമാണ് ഇത്തരത്തില്‍ ഒരു വിശദീകരണം നല്‍കിയത്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്