Main Menu

മുകേഷിന്റെ നിലപാടിനെതിരെ സിപിഐഎം; ജില്ലാ കമ്മിറ്റി വിശദീകരണം തേടും

കൊല്ലം: ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ യോഗത്തില്‍ കൊല്ലം എംഎല്‍എയും നടനുമായ മുകേഷ് എടുത്ത നിലപാടിനെതിരെ സിപിഐഎം കൊല്ലം ജില്ലാ കമ്മിറ്റി. പ്രശ്‌നം ജില്ലാ കമ്മിറ്റിയില്‍ ഉന്നയിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. സംഭവങ്ങളില്‍ മുകേഷില്‍നിന്നു വിശദീകരണം തേടാനും സാധ്യതയുണ്ട്.

അമ്മയുടെ ജനറല്‍ ബോഡി യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളാണ് അഭിനേതാക്കളും എംഎല്‍എ മാരുമായ മുകേഷിനെയും കെ.ബി. ഗണേഷ്‌കുമാറിനെയും ചൊടിപ്പിച്ചത്. പക്ഷേ, വേദിയിലുണ്ടായിരുന്ന മമ്മൂട്ടിയും മോഹന്‍ലാലും മൗനം പാലിച്ചു.

ഇരയോടും ആരോപണ വിധേയനായ നടനോടും എങ്ങനെ ഒരേ നിലപാടു സ്വീകരിക്കുന്നുവെന്ന ചോദ്യമാണ് പ്രകോപനത്തിനിടയാക്കിയത്. ദിലീപിനെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങള്‍ അനുവദിക്കില്ലെന്നും വനിതാ സംഘടനയുടെ പ്രതിനിധികള്‍ പോലും യോഗത്തിനെത്തി അമ്മയ്ക്കു പിന്തുണ അറിയിച്ചിട്ടുണ്ടെന്നും മുകേഷ് അറിയിച്ചു.

വനിതാ സംഘടനയുടെ ഭാരവാഹിക്കള്‍ക്കില്ലാത്ത പ്രശ്‌നം മാധ്യമങ്ങള്‍ക്കെന്തിനാണെന്നും അദ്ദേഹം ചോദിച്ചു. നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് യോഗത്തില്‍ ആരും പ്രതികരിച്ചിട്ടില്ലെന്നായിരുന്നു ഗണേഷ് കുമാറിന്റെ പ്രതികരണം. ദിലീപിനെയും നടിയെയും തള്ളിപ്പറഞ്ഞിട്ടില്ലെന്നും എന്തു വിലകൊടുത്തും അമ്മ അതിന്റെ അംഗങ്ങളെ രക്ഷിക്കുമെന്ന് ഇന്നസന്റും വ്യക്തമാക്കി. നടന്‍ ദേവനും ചോദ്യങ്ങളില്‍ ഇടപെട്ടു സംസാരിച്ചു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്