Main Menu

‘മീ ടൂവിനെ ഒരു മൂവ്‌മെന്റ് ആയി കാണേണ്ട; വേണമെങ്കില്‍ പുരുഷന്‍ന്മാര്‍ക്കും മീടൂ ആകാം’: മോഹന്‍ലാല്‍

ദുബായ്: ഇന്ത്യന്‍ സിനിമാ മേഖലയെ തന്നെ ഞെട്ടിച്ചു കൊണ്ട് മീടൂ വെളിപ്പെടുത്തല്‍ ഓരോ ദിവസം പുറത്ത് വരുന്ന് കൊണ്ടിരിക്കുകയാണ്. മലയാള സിനിമയിലും നിരവധി വെളിപ്പെടുത്തലുകള്‍ പുറത്ത് വന്ന സാഹചര്യത്തില്‍ മീടൂ എന്ന മൂവ്‌മെന്റിനെ കുറിച്ച് അധികം ഒന്നും പറയാന്‍ താല്‍പര്യമില്ലെന്ന നിലപാടിലാണ് നടന്‍ മോഹന്‍ലാല്‍.

മറ്റു നടന്‍മാര്‍ക്കെതിരെയുള്ള മീടൂ ആരോപണങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ശരിയായ മറുപടി തരാതെ ഒഴിഞ്ഞു മാറുകയായിരുന്നു നടനും താരസംഘടനയായ എഎംഎംഎയുടെ പ്രസിഡന്റുമായ മോഹന്‍ലാല്‍. ഞാന്‍ അനുഭവിക്കാത്ത കാര്യങ്ങളെ കുറിച്ച് എങ്ങനെയാണ് അഭിപ്രായം പറയുകയെന്നും, അത്തരത്തില്‍ ഒരു അഭിപ്രായ പ്രകടനം നടത്തുന്നത് ശരിയല്ലെന്നുമായിരുന്നു മോഹന്‍ലാലിന്റെ മറുപടി. വേണമെങ്കില്‍ പുരുഷന്മാര്‍ക്കും ഒരു മീടൂ ആകാമെന്ന് ചിരിച്ചുകൊണ്ട് മോഹന്‍ലാല്‍ പറഞ്ഞു.

പ്രളയ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് പണം കണ്ടെത്താന്‍ സിസംബര്‍ ഏഴിന് അബുദാബിയില്‍ നടക്കാനിരിക്കുന്ന ‘ഒന്നാണ് നമ്മള്‍’ ഷോയെക്കുറിച്ച് നടത്തിയ പത്രസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്ര സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ മീടുവിനെ കുറിച്ചു ചോദിച്ചപ്പോള്‍, അതിനെ ഒരു മൂവ്‌മെന്റായി കാണേണ്ട ആവശ്യമില്ലെന്നും, മീടു ഇപ്പോള്‍ ഒരു ഫാഷനായി മാറിയിരിക്കുകയാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. അതിന്റെ സമയം തീര്‍ന്ന് മങ്ങിത്തുടങ്ങിയെന്നും അത്രയ്ക്കുള്ള ആയുസേ ഉണ്ടായിരുന്നുള്ളൂവെന്നും മോഹന്‍ലാല്‍ പറഞ്ഞു.

മോഹന്‍ലാലിന്റെ ഈ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പരക്കെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. വളരെ നിരുത്തരവാദിത്തപരമായാണ് മോഹന്‍ലാല്‍ സംസാരിച്ചതെന്നാണ് വിമര്‍ശനം.

മുമ്പ് മീടുവിനെക്കറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഇത്തരത്തില്‍ ഉത്തരങ്ങള്‍ നല്‍കി അമിതാഭ് ബച്ചനും ആമിര്‍ ഖാനും വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍ എന്ന ചിത്രത്തിന്റെ ഓഡിയോ റിലീസ് സമയത്ത്, തനുശ്രീ ദത്ത, നാനാ പടേക്കറിനെതിരെ ഉന്നയിച്ച ആരോപണത്തെ കുറിച്ചുള്ള ചോദ്യത്തിന് താന്‍ തനുശ്രീ ദത്തയോ നാനാ പടേക്കറോ അല്ലെന്നും അതിനാല്‍ അഭിപ്രായം പറയാന്‍ സാധിക്കില്ലെന്നുമായിരുന്നു ബച്ചന്റെ മറുപടി. കാര്യങ്ങളെ കുറിച്ച് കൂടുതല്‍ അറിയാതെ സംസാരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് ഒഴിയുകയായിരുന്നു ആമിര്‍ ഖാനും ചെയ്തത്. ഇതു തന്നെയാണ് മോഹന്‍ലാലും പിന്തുടരുന്നത് എന്ന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

മലയാള സിനിമയ്ക്ക് മീടൂ കൊണ്ട് യാതൊരു കുഴപ്പവും സംഭവിച്ചിട്ടില്ലെന്നും, സിനിമാ മേഖലയില്‍ മാത്രമല്ല, മറ്റു മേഖലകളിലും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടെന്നും പത്രസമ്മേളനത്തില്‍ മോഹന്‍ലാല്‍ പറഞ്ഞിരുന്നു. മലയാള സിനിമാ മേഖലയില്‍ നടന്മാരായ അലന്‍സിയര്‍, മുകേഷ് എന്നിവര്‍ക്കെതിരെ മീടൂ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്