Main Menu

മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ച് ഉണ്ട്; അതിന് വലിയ മാറ്റമൊന്നും ഇപ്പോള്‍ ഉണ്ടായിട്ടില്ല; തുറന്നടിച്ച് അശ്വതി

സത്യം ശിവം സുന്ദരം എന്ന ചിത്രത്തിലൂടെ മലയാളത്തിന് കിട്ടിയ നടിയാണ് അശ്വതി. മുന്‍നിര നായികയായി ഉയരാനുള്ള സാഹചര്യങ്ങളുണ്ടായിട്ടും പെട്ടെന്നൊരു നാള്‍ അശ്വതി അപ്രത്യക്ഷയായി. ഓര്‍ത്തിരിക്കാന്‍ വിരലിലെണ്ണാവുന്ന സിനിമകള്‍ മാത്രം സമ്മാനിച്ച അവര്‍ നീണ്ട ഇടവേളയ്ക്കു ശേഷം മലയാള സിനിമയില്‍ സജീവമാകാനുള്ള തയാറെടുപ്പിലാണ്. തിരിച്ചുവരവിനൊരുങ്ങുമ്പോള്‍ പഴയ ചില ഓര്‍മകള്‍ പങ്കുവെച്ചിരിക്കുകയാണ് അശ്വതി.

അശ്വതിയുടെ വാക്കുകള്‍:

2000 ലായിരുന്നു സത്യം ശിവം സുന്ദരം എന്ന ചിത്രത്തിലൂടെ ഞാന്‍ അരങ്ങേറ്റം കുറിച്ചത്. അതിനു ശേഷം നാലു ചിത്രങ്ങള്‍ ചെയ്തു. നാലാമത്തെ ചിത്രം കഴിഞ്ഞപ്പോള്‍ എന്റെ ഡിഗ്രി ഫൈനല്‍ പരീക്ഷയായിരുന്നു. തമിഴില്‍ നിന്നും മറ്റും അവസരങ്ങള്‍ വന്നിരുന്നു. പക്ഷേ പോകാന്‍ സാധിച്ചില്ല. ഒരു സാധാരണ എന്‍ആര്‍ഐ കുടുംബമായിരുന്നു എന്റേത്. അതുകൊണ്ട് പഠനം എന്നത് വലിയ പ്രാധാന്യമുള്ളതായിരുന്നു.

പഠിക്കാനാണ് ശരിക്കും നാട്ടിലേക്കു പോന്നതും. ലാലേട്ടന്റെ ഒപ്പം ഒന്നാമന്‍ ചെയ്തു. പിന്നാലെ ദുബൈയിലേക്കു തിരികെ പോയി. അവിടെ ജോലി ലഭിച്ചു. രാവിലെ മുതല്‍ വൈകിട്ടു വരെ ഓഫിസിലിരുന്നു ചെയ്യുന്ന ജോലി. അതു മറ്റൊരു ജീവിതമായിരുന്നു. പക്ഷേ അഭിനയം പല വഴികളിലൂടെ എന്നിലേക്കു വന്നു. ചില ഇംഗ്ലിഷ് നാടകങ്ങളിലൊക്കെ അഭിനയിക്കാനുള്ള അവസരം ലഭിച്ചു. അതുകൊണ്ട് ഇടവേളയുടെ വിടവ് അനുഭവപ്പെട്ടില്ല.

2000-ല്‍ ഞാന്‍ അഭിനയം തുടങ്ങിയ കാലത്ത് കാസ്റ്റിങ് കൗച്ച് എന്ന സംഭവം ഉണ്ട്. അതിന് വലിയ മാറ്റം ഉണ്ടായെന്നു ഞാന്‍ കരുതുന്നില്ല. അത് സങ്കടകരമാണ്, പക്ഷേ അതാണ് സത്യം. ഞാന്‍ തിരിച്ചു വരുന്ന ഈ സമയത്തും അതിനെപ്പറ്റി ചില സംസാരങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ എനിക്ക് എന്റേതായ ചില തീരുമാനങ്ങളുണ്ട്. ഏതൊക്കെ അവസരങ്ങള്‍ വേണം, വേണ്ട എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യവും എനിക്കുണ്ട്.

ശരിക്കും ഞെട്ടിക്കുന്നതായിരുന്നു ചില അനുഭവങ്ങള്‍. ശരിക്കും സങ്കടമുളവാക്കുന്നതാണ് ഇതൊക്കെ. ഇതിനെതിരെ ശബ്ദമുയര്‍ത്തി പ്രതികരിക്കുന്ന നടിമാര്‍ വളരെ നല്ല കാര്യമാണ് ചെയ്യുന്നത്. ഡബ്ല്യുസിസി ഒരുപാടു നല്ല കാര്യങ്ങള്‍ ചെയ്തു. അമ്മയും ഒരുപാടു നടീനടന്മാരെ സഹായിക്കുന്നുണ്ട്. രണ്ടു സംഘടനകളും സിനിമാപ്രവര്‍ത്തകരുടെ നന്മയ്ക്കായാണ് പ്രവര്‍ത്തിക്കുന്നത്. പിന്നെ ഓരോ സിനിമയും ഓരോ തരത്തിലാണ്. ഞാന്‍ ജോലി ചെയ്തിട്ടുള്ള സിനിമകളിലൊന്നും എനിക്കു ദുരനുഭവങ്ങളുണ്ടായിട്ടില്ല.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്