Main Menu

മലയാളി യുവതാരങ്ങള്‍ക്ക് കളിക്കാന്‍ അവസരം നല്‍കിയില്ല; ചോദ്യങ്ങളുമായി ആരാധകര്‍: വിശദീകരണവുമായി ഡേവിഡ് ജെയിംസ്‌

ബ്ലാസ്റ്റേഴ്‌സിന്റെ പ്രീ സീസണ്‍ ടൂര്‍ണമെന്റായ ടൊയോട്ട യാരിസ് ലാലീഗ വേള്‍ഡിന് കൊച്ചിയില്‍ ഇന്നലെ കൊടിയിറങ്ങി. ടൂര്‍ണമെന്റില്‍ കളിച്ച രണ്ട് മത്സരങ്ങളും പരാജയപ്പെട്ടെങ്കിലും ഏറെ പ്രതീക്ഷ നല്‍കുന്ന പോരാട്ടമാണ് മത്സരങ്ങളില്‍ ബ്ലാസ്റ്റേഴ്‌സ് കാഴ്ച വെച്ചത്.

എങ്കിലും ബ്ലാസ്റ്റേഴ്‌സില്‍ ഇത്തവണ പുതിയതായെത്തിയ ചില മലയാളി താരങ്ങള്‍ക്ക് പരിശീലകന്‍ ജെയിംസ് കളത്തില്‍ അവസരം നല്‍കാതിരുന്നത് ഒരുപറ്റം ആരാധകരുടെ ഭാഗത്ത് നിന്ന് വിമര്‍ശനങ്ങള്‍ ഉയരുന്നതിന് വഴിവെച്ചിരുന്നു. കഴിഞ്ഞ ദിവസം ജിറോണയ്‌ക്കെതിരെ പരാജയപ്പെട്ടതിന് ശേഷം പത്രസമ്മേളനത്തിനെത്തിയ ജെയിംസ് നേരിട്ട പ്രധാന ചോദ്യങ്ങളിലൊന്ന് ഇതിനെക്കുറിച്ചായിരുന്നു.

ഈ വര്‍ഷത്തെ സന്തോഷ് ട്രോഫിയില്‍ കേരളത്തെ കിരീട നേട്ടത്തിലേക്ക് നയിച്ച അഫ്ദാലിനും, ജിതിനും എന്തുകൊണ്ട് പ്രീ സീസണ്‍ മത്സരങ്ങളില്‍ കളിക്കാന്‍ അവസരം നല്‍കിയില്ല എന്നായിരുന്നു ചോദ്യം. ഇതിന് കൃത്യമായ വിശദീകരണമാണ് ഡേവിഡ് ജെയിംസ് നല്‍കിയത്.

‘ അവര്‍ ടീമിനൊപ്പം ബെഞ്ചിലുണ്ട്. ചില താരങ്ങളെ പ്രീ സീസണില്‍ കളിപ്പിക്കാന്‍ കഴിഞ്ഞില്ല. കാരണം അവര്‍ ശാരീരികമായി കളിക്കാനുള്ള രീതിയിലേക്ക് എത്തിയിട്ടില്ല. അവര്‍ അതിന് ശ്രമിക്കുന്നില്ലെന്നല്ല, മറിച്ച് നിലവില്‍ അവര്‍ക്ക് കളിക്കാന്‍ ഇറങ്ങാനുള്ള ശാരീരീക കരുത്ത് ആര്‍ജിക്കാന്‍ കഴിഞ്ഞിട്ടില്ല. ‘ ഡേവിഡ് ജെയിംസ് പറഞ്ഞു.

കഴിഞ്ഞ ലാലിഗ സീസണില്‍ റയല്‍ മാഡ്രിനെ തോല്‍പ്പിച്ച ജിറോണ എഫ്‌സി എതിരില്ലാത്ത അഞ്ച് ഗോളിനാണ് മഞ്ഞപ്പടയെ തകര്‍ത്തത്. ബ്ലാസ്റ്റേഴ്‌സിനെതിരെ നേടിയ വിജയത്തോടെ മൂന്ന് ടീമുകള്‍ പങ്കെടുത്ത പ്രീ സീസണ്‍ ടൂര്‍ണമെന്റ് കിരീടവും ജിറോണ സ്വന്തമാക്കി. ടൂര്‍ണമെന്റിലെ രണ്ടാം മത്സരത്തില്‍ എതിരില്ലത്ത ആറ് ഗോളുകള്‍ക്ക് ഓസ്‌ട്രേലിയന്‍ ക്ലബ്ബായ മെല്‍ബണ്‍ സിറ്റിയെ ജിറോണ വമ്പന്മാര്‍ തകര്‍ത്തിരുന്നു.

കരുത്തരായ ജിറോണിനെ ആദ്യ പകുതിയില്‍ ഒരു ഗോളില്‍ പിടിച്ചു കെട്ടിയ ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതിയിലാണ് നാല് ഗോളുകള്‍ വഴങ്ങിയത്.

മോണ്ടസ, പൊറേറോ, അലക്‌സ് ഗ്രാനെല്‍, കാറബെല്ലോ, ഗാര്‍സിയ എന്നിവരാണ് ജിറോണയ്ക്കായി ഗോളുകള്‍ നേടിയത്. ജിറോണ തങ്ങളുടെ ആക്രമണശൈലി തുടര്‍ന്നെങ്കിലും പ്രതീക്ഷ നല്‍കുന്ന ചില കൗണ്ടര്‍ അറ്റാക്കുകള്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗത്ത് നിന്നുണ്ടായി. കിസീറ്റോയും പെക്കൂസണുമാണ് ഈ മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍പിടിച്ചത്. പ്രതിരോധത്തില്‍ പുതിയതായെത്തിയ മുഹമ്മദ് റാക്കിപും മികച്ച പ്രകടനമാണ് നടത്തിയത്. ടൂര്‍ണമെന്റില്‍ ഒരു മത്സരം പോലും ജയിക്കാനായില്ലെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് അഭിമാനത്തോടെ തന്നെയാണ് മടങ്ങുന്നത്.

ശക്തരായ ജിറോണിനെ അദ്യ പകുതിയുടെ 40 മിനിറ്റ് വരെ ഗോളടിപ്പിക്കാതെ പിടിച്ചുനിര്‍ത്താന്‍ അവര്‍ക്കായി. എതിരാളികളുടെ ശക്തിയ്ക്ക് മുമ്പില്‍ അടിപതറാതെ അവസാന നിമിഷം വരെ പൊരുതിയ ടീമിനെയാണ് അവസാന മത്സരത്തില്‍ കണ്ടത്. ശക്തരായ ടീമികളോടുള്ള ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റുമുട്ടല്‍ മുന്നോട്ടുള്ള പോരാട്ടങ്ങളില്‍ ടീമിന് മുതല്‍ കൂട്ടാകുമെന്ന കാര്യം ഉറപ്പാണ്. ലാലിഗ വമ്പന്‍മാരായ ജിറോണ എഫ് സി, ഓസ്‌ട്രേലിയന്‍ എ സിരീസ് വമ്പന്‍മാരായ മെല്‍ബണ്‍ സിറ്റി എഫ് സി എന്നീ ടീമുകളാണ് ലാലിഗ വേള്‍ഡ് ടൂര്‍ണമെന്റിനായി പന്ത് തട്ടാന്‍ കൊച്ചിയിലെത്തിയത്.

മെല്‍ബണ്‍ സിറ്റിയുമായുള്ള ആദ്യ മത്സരത്തില്‍ തന്നെ ആറ് ഗോളുകളാണ് ബ്ലാസ്‌റ്റേഴ്‌സ് വാങ്ങിച്ചുകൂട്ടിയത്. മൂന്ന് കളികളില്‍ നിന്നായി പതിനേഴ് ഗോളുകളാണ് കൊച്ചിയില്‍ പിറന്നത്. ഇതില്‍ പതിനൊന്ന് ഗോളുകളും മഞ്ഞപ്പടയുടെ വല ചലിപ്പിക്കുകയായിരുന്നു. എന്നാല്‍, ആദ്യ മത്സരത്തിലും അവസാന മത്സരത്തിലും വാങ്ങിച്ച ഗോളുകള്‍ക്ക് മറുപടി നല്‍കാന്‍ മഞ്ഞപ്പട്ക്ക് സാധിച്ചില്ല. അവസാന മത്സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്‌സ് തോല്‍വി വഴങ്ങിയത്.

എന്നാല്‍, ആദ്യ മത്സരത്തേക്കാള്‍ മികച്ച രീതിയിലുള്ള പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് പുറത്തെടുത്തത്. ആദ്യ നാല്‍പ്പത് മിനിറ്റുലുണ്ടായ ബ്ലാസ്റ്റേഴ്‌സിന്റെ ചെറുത്ത് നില്‍പ്പ് ജിറോണ വമ്പന്‍മാര്‍ക്ക് ചെറിയ രീതിയിലെങ്കിലും പ്രഹരമേല്‍പ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. ഇത് തന്നെയാണ് ബ്ലാസ്‌റ്റേഴ്‌സിനും ആരാധകര്‍ക്കും ആശ്വാസം പകരുന്നത്.Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്