ബാങ്ക് ഗ്യാരണ്ടി നല്‍ക്കാത്തതിന്റെ പേരില്‍ വിദ്യാര്‍ഥികളെ പുറത്താക്കിയ കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളജിലേക്ക് വിവിധ വിദ്യാര്‍ഥികള്‍ സംഘടനകള്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. വിദ്യാര്‍ഥി പ്രതിഷേധത്തെ തുടര്‍ന്ന് ബാങ്ക് ഗ്യാരണ്ടിയുടെ പേരില്‍ ഇനി ഒരു നടപടിയുമുണ്ടാവില്ലെന്ന് പ്രിന്‍സിപ്പാള്‍ രേഖാമൂലം ഉറപ്പ് നല്‍കി.

കെഎസ് യു, എസ്എഫ്ഐ ,എം എസ് എഫ്,എ ബി വി പി എന്നീ സംഘടനകളാണ് പ്രതിഷേധവുമായെത്തിയത്. ആദ്യമെത്തിയ എബിവിപി പ്രവര്‍ത്തകര്‍ കോളജ് പ്രിന്‍സിപ്പാളിനെ ഉപരോധിച്ചു. മറ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍ കോളേജ് ഗേറ്റിന് മുന്നില്‍ ശക്തമായി പ്രതിഷേധിച്ചു.

വിദ്യാര്‍ഥി സംഘടന നേതാക്കളുമായുള്ള ചര്‍ച്ചയില്‍ ബാങ്ക് ഗ്യാരണ്ടിയുമായി ബന്ധപ്പെട്ട് ആരെയും പുറത്താക്കിയിട്ടില്ലെന്ന നിലപാടാണ് പ്രിന്‍സിപ്പാള്‍ സ്വീകരിച്ചത്. പ്രവേശം ലഭിച്ച എല്ലാ വിദ്യാര്‍ഥികള്‍ക്കും ക്ലാസില്‍ ഹാജരാവാമെന്നും പ്രിന്‍സിപ്പാള്‍ പറഞ്ഞു. ഇക്കാര്യം രേഖാമൂലം വേണമെന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍ ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്ന് ഇക്കാര്യം പ്രിന്‍സിപ്പാള്‍ എഴുതി നല്‍കി. ഇതോടെ സമരവും അവസാനിച്ചു.