Main Menu

മലപ്പുറം തൃക്കലങ്ങോട് പഞ്ചായത്തില്‍ വീണ്ടും ക്രമക്കേട്; വീട് തകര്‍ന്നതിന് നഷ്ടപരിഹാരം തേടിയെത്തിയവരെ മടക്കി അയച്ചു

മലപ്പുറം: പ്രളയദുരിതാശ്വാസത്തിന്റെ പേര് പറഞ്ഞ് അനര്‍ഹര്‍ക്ക് അധികസഹായത്തിന് ശുപാര്‍ശ ചെയ്ത മലപ്പുറം തൃക്കലങ്ങോട് പഞ്ചായത്തില്‍ വീണ്ടും ക്രമക്കേട്. വീട് തകര്‍ന്നതിന് നഷ്ടപരിഹാരം തേടിയെത്തിയവരെ മടക്കി അയച്ചു.

ശക്തമായ മഴ പെയ്താല്‍ ഏതു നിമിഷവും തകര്‍ന്നു വീണേക്കാവുന്ന നിലയിലാണ് ആമയൂരിലെ രണ്ട് വീടുകള്‍. വീട് ഭാഗികമായെങ്കിലും തകര്‍ന്നവര്‍ക്കേ നഷ്ടപരിഹാരമുളളൂവെന്ന് സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

എങ്കിലും ഒരേ പഞ്ചായത്തു പരിധിയിലെ ഇരട്ടത്താപ്പ് തുറന്നു കാട്ടുന്നു. വെളളാരങ്കല്ല് ഇരുമ്പന്‍ അബ്ദുല്ലയുടെ ഇരുപത്തഞ്ചടിയോളം ഉയരത്തിലുളള വീടിന്റെ ഓരം ഇടിഞ്ഞുതാണ നിലയിലാണ്. പിന്‍ഭാഗത്ത് ഇനിയൊരു മണ്ണിടിച്ചിലുണ്ടായാല്‍ വീടുസഹിതം നിലപൊത്തും. 25 അടിയോളം ഉയരത്തില്‍ നിര്‍മിച്ച കോണ്‍ക്രീറ്റ് സുരക്ഷാഭിത്തി സഹിതം തൊട്ടടുത്ത വീടുകള്‍ക്ക് മീതേക്കാണ് നിലംപതിച്ചത്. എന്നാല്‍ നഷ്പരിഹാരത്തിന് അര്‍ഹനല്ലെന്ന് അറിയിച്ച് മല്‍സ്യക്കച്ചവടക്കാരനായ അബ്ദുല്ലയെ മടക്കി അയച്ചു.

തൊട്ടു താഴെയുളള ഇ.കെ. ഉമ്മര്‍ഹാജിയുടേയും ഹസന്റേയും വീടുകളും അപകടാവസ്ഥയിലാണ്. അബ്ദുല്ലയുടെ കോണ്‍ക്രീറ്റ് സുരക്ഷാഭിത്തി തകര്‍ന്നു വീണ് ഹസന്റെ വീടിന്റെ ഒരു ഭാഗം തകര്‍ത്തിട്ടുണ്ട്. ഏതു നിമിഷവും വലിയൊരപകടത്തിന് കാരണമാംവിധം അടര്‍ന്നു തൂങ്ങി നില്‍ക്കുകയാണ് കൂറ്റന്‍ കോണ്‍ക്രീറ്റ്മതില്‍. പരിസരത്തുകൂടി നടന്നു പോകുന്നവരും അപകടത്തില്‍പ്പെട്ടേക്കാം. മുറ്റത്ത് പാതി തകര്‍ന്നിരിക്കുന്ന കിണറും ഇടിഞ്ഞു താഴുമെന്ന നിലയിലാണ്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്