Main Menu

മലചവിട്ടാനെത്തിയത് ചുംബന സമര നായികയും ആന്ധ്രയിലെ മാധ്യമ പ്രവര്‍ത്തകയും; പ്രതിഷേധങ്ങള്‍ക്കൊടുവില്‍ മടക്കം; രഹ്നയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തരവാദിത്വം ഇല്ലെന്ന് ബിഎസ്എന്‍എല്‍

ശബരിമല: മല ചവിട്ടാനെത്തിയ കവിത ജക്കാലയും രഹ്ന ഫാത്തിമയും ആരാണെന്നുള്ള ചര്‍ച്ചയാണ് ഇന്ന് അന്താരാഷ്ട്ര തലത്തില്‍ വരെ നടക്കുന്നത്. ഐജി ശ്രീജിത്തിന്റെയും സംഘത്തിന്റെയും ശക്തമായ സുരക്ഷാവലയത്തിനുള്ളില്‍ നടപ്പന്തല്‍ വരെ എത്തിയ ഈ യുവതികള്‍ക്ക് എന്നാല്‍ ലക്ഷ്യം പൂര്‍ത്തിയാക്കാതെ പ്രതിഷേധം ഭയന്ന് മടങ്ങേണ്ടി വന്നു.

ഇരുമുടിക്കെട്ടുമേന്തിയാണ് രഹ്ന ഫാത്തിമ മലചവിട്ടാനെത്തിയത്. പൊലീസ് വേഷത്തില്‍ സകല സുരക്ഷാ കവചങ്ങളും അണിഞ്ഞാണ് കവിത യാത്ര തുടങ്ങിയത്. പൊലീസ് വേഷത്തില്‍ ചാനല്‍ ക്യാമറകളില്‍ പതിഞ്ഞ കവിത ആന്ധ്ര സ്വദേശിയായ മോജോ ജേണലിസ്റ്റ് ആണെന്ന വിവരം ആദ്യമേ പുറത്തു വന്നിരുന്നു എന്നാല്‍ എറണാകുളം സ്വദേശിയായ മലയാളി എന്നാണ് രഹ്ന ഫാത്തിമയെക്കുറിച്ച് ആദ്യം പുറത്തു വന്ന വിവരം.

ഹൈദരാബാദിലെ നാല്‍ഗോണ്ട സ്വദേശിയാണ് കവിത. സില്ല പരിഷത്ത് ഹൈസ്‌കൂളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഇവര്‍,എഇസിറ്റി കോളേജ്,ദീപ്തി ജൂനിയര്‍ കോളേജ് എന്നിവിടങ്ങളില്‍ നിന്നുമാണ് ഉന്നതവിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. 10 ടിവിയില്‍ വാര്‍ത്ത അവതാരകയായി ജോലി ആരംഭിച്ച കവിത ഇപ്പോള്‍ തെലുങ്ക് മോജോ ടിവിയിലെ മാധ്യമ പ്രവര്‍ത്തകയാണ്. മോജോ ടിവിയ്ക്ക് വേണ്ടിയാണ് കവിത ശബരിമലയില്‍ എത്തിയതും. ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ശക്തമായ സായുധ പൊലീസ് സംഘം കവിതയ്ക്ക് സുരക്ഷയൊരുക്കിയെങ്കിലും ഭക്തരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കവിതയ്ക്ക് നടപ്പന്തലില്‍ യാത്ര അവസാനിപ്പിക്കേണ്ടിവന്നു. സുരക്ഷയുടെ ഭാഗമായി പൊലീസിന്റെ ഹെല്‍മറ്റും ജാക്കറ്റും ധരിച്ചായിരുന്നു കവിതയുടെ സന്നിധാനത്തേക്കുള്ള യാത്ര. പമ്പയില്‍ വ്യാഴാഴ്ച്ചയെത്തിയ കവിത രാത്രി തന്നെ മല ചവിട്ടണമെന്ന് ആവശ്യപ്പെട്ടെങ്കിലും പോലീസ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് വെള്ളിയാഴ്ച്ചത്തേക്ക് യാത്ര മാറ്റിവയ്ക്കുകയായിരുന്നു.വിശ്വാസത്തിന്റെ ഭാഗമായല്ല തന്റെ യാത്രയെന്നും, ജോലിയുടെ ഭാഗമായാണ് മല ചവിട്ടുന്നതെന്നും സ്ത്രീകളുടെ അവകാശം സംരക്ഷിക്കുകയാണ് ലക്ഷ്യമെന്നും കവിത വ്യക്തമാക്കിയിരുന്നു.

സുപ്രീം കോടതി ശബരിമല വിധി പുറപ്പെടുവിച്ചപ്പോള്‍ മുതല്‍ മാധ്യമ ശ്രദ്ധ നേടിയ യുവതിയായിരുന്നു രഹ്ന ഫാത്തിമ. വിധി വന്നതിനു പുറമേ കറുപ്പും ഉടുത്ത് മലക്ക് പോകാന്‍ മാലയും ഇട്ട് രഹ്ന ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ച ഫോട്ടോ ഏറെ വിവാദങ്ങള്‍ക്ക് ഏറ്റു വാങ്ങിയിരുന്നു. പിന്നീട് ഏറെ രഹസ്യമായി ശബരിമലയ്‌ക്കെത്തിയ യുവതി രഹ്ന ഫാത്തിമയാണ് എന്നറിഞ്ഞപ്പോള്‍ പ്രതിഷേധക്കാര്‍ കൊച്ചിയിലെ അവരുടെ വീട് വരെ ആക്രമിക്കുന്ന ഘട്ടം വരെ കാര്യങ്ങള്‍ എത്തിയിരുന്നു. നടപ്പന്തലില്‍ ഭക്തരുടെ പ്രതിഷേധത്തെ തുടര്‍ന്ന് യാത്ര അവസാനിപ്പിക്കാന്‍ ഐ.ജി ശ്രീജിത്തിന്റെ ഭാഗത്തുനിന്ന് നിര്‍ദേശമുണ്ടായപ്പോഴും പതിനെട്ടാംപടി ചവിട്ടണമെന്നായിരുന്നു രഹ്നാ ഫാത്തിമയുടെ നിലപാട്. പിന്നീട് ഇവരെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തിയാണ് തിരികെ ഇറക്കിയത്.

അതേസമയം ശബരിമല കയറിയ രഹ്ന ഫാത്തിമയുടെ ഓഫിസിതര പ്രവര്‍ത്തനങ്ങളുമായി തങ്ങള്‍ക്ക് ഒരു ബന്ധവുമില്ലെന്ന് ബിഎസ്എന്‍എല്‍ അറിയിച്ചു. എറണാകുളം ബിസിനസ് ഏരിയയിലെ ഉദ്യോഗസ്ഥയാണ് രഹ്നയെങ്കിലും ഓഫിസിനു പുറത്തുള്ള അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തങ്ങള്‍ക്ക് ഉത്തരവാദിത്തമില്ലെന്ന് ബിഎസ്എന്‍എല്‍ അധികൃതര്‍ വാര്‍ത്താക്കുറിപ്പിലൂടെയാണ് വ്യക്തമാക്കിയത്.

ഓഫിസിനു പുറത്ത് സ്വന്തം നിലയ്ക്കു നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് രഹ്ന മാത്രമായിരിക്കും ഉത്തരവാദി. ഓഫിസിനു പുറത്ത് ഔദ്യോഗിക പ്രവര്‍ത്തന സമയത്തല്ലാതെ അവര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കോ രേഖാമൂലം നല്‍കിയ ചുമതലകളില്‍ ഉള്‍പ്പെടാത്ത പ്രവര്‍ത്തനങ്ങള്‍ക്കോ ബിഎസ്എന്‍എല്ലിന് ഉത്തരവാദിത്തമില്ലെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്