Main Menu

മരിക്കുന്നതിന് മുമ്പ് ഡിവൈഎസ്പി ആത്മഹത്യക്കുറിപ്പ് എഴുതിയിരുന്നു; മകനും ഭാര്യയ്ക്കും സഹോദരനുമെഴുതിയ ആത്മഹത്യക്കുറിപ്പ് പോലീസ് കണ്ടെടുത്തു

തിരുവനന്തപുരം: മരിക്കുന്നതിന് മുമ്പ് ഡിവൈഎസ്പി ബി.ഹരികുമാര്‍ മകനും ഭാര്യയ്ക്കും സഹോദരനും ആത്മഹത്യക്കുറിപ്പെഴുതിയിരുന്നതായി പോലീസ്. മരണസമയത്ത് ധരിച്ചിരുന്ന ടിഷര്‍ട്ടിന്റെ പോക്കറ്റില്‍നിന്നാണ് ചെറിയ കടലാസിലെഴുതിയ ആത്മഹത്യക്കുറിപ്പ് പോലീസ് കണ്ടെത്തിയത്.

അമ്മയെ നോക്കണമെന്നും നന്നായി പഠിക്കണമെന്നും മകനോട് കത്തില്‍ പറയുന്നു. മകനെ നോക്കണമെന്ന് ഭാര്യയോടും മകനെയും ഭാര്യയെയും നോക്കണമെന്ന് സഹോദരനോടും ആവശ്യപ്പെടുന്നതാണ് കുറിപ്പ്.

കല്ലമ്പലം വെയിലൂരിലെ നന്ദാവനമെന്ന വീട്ടില്‍ തിങ്കളാഴ്ച രാത്രിയോടെയാണ് ഹരികുമാര്‍ എത്തിയത്. ഈ വീട് കുറച്ചു നാളായി അടഞ്ഞു കിടക്കുകയായിരുന്നു. ജോലിയുടെ ഭാഗമായി നെയ്യാറ്റിന്‍കരയിലാണ് ഡിവൈഎസ്പി ഇപ്പോള്‍ താമസിക്കുന്നത്. ഭാര്യയുടെ അമ്മ വളര്‍ത്തു നായയ്ക്ക് ഭക്ഷണം നല്‍കാനെത്തിയപ്പോഴാണ് ഡിവൈഎസ്പിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ ഉടന്‍ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. ഈ വീടിനു തൊട്ടടുത്താണു ഭാര്യയുടെ അമ്മ താമസിക്കുന്നത്

സനല്‍കുമാറിന്റെ മരണം സ്ഥരീകരിച്ചതോടെ രക്ഷപ്പെടാന്‍ ശ്രമിച്ച ഡിവൈഎസ്പി ബി.ഹരികുമാറും സുഹൃത്ത് ബിനുവും ഡ്രൈവര്‍ രമേശും ദിവസങ്ങളായി ഒളിവില്‍ക്കഴിഞ്ഞത് തമിഴ്‌നാട്ടിലും കര്‍ണാടകത്തിലുമായാണ്. സനല്‍കുമാറിന്റെ കാര്‍ പാര്‍ക്ക് ചെയ്തതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഭവശേഷം സ്ഥലത്തുനിന്ന് ഹരികുമാറിനെ കാറില്‍ കൊണ്ടുപോയത് ബിനുവായിരുന്നു. ഹരികുമാറിന്റെ കല്ലമ്പലത്തെ വീട്ടിലെത്തിയ ശേഷമാണ് ഹരിയും ബിനുവും തൃപ്പരപ്പിലേക്ക് രക്ഷപ്പെട്ടത്.

തൃപ്പരപ്പില്‍ ബിനുവിന്റെയും ഹരിയുടെയും സുഹൃത്തായ സതീഷ് കുമാര്‍ നടത്തുന്ന അക്ഷയ ടൂറിസ്റ്റ് ഹോമിലായിരുന്നു താമസം. പോലീസ് ഇവിടെയെത്തുമെന്ന് ഉറപ്പായപ്പോള്‍ ഇവര്‍ സതീഷ് കുമാറിന്റെ ഡ്രൈവര്‍ രമേശിന്റെ സഹായത്തോടെ ബിനുവിന്റെ ബന്ധുവിന്റെ കാറില്‍ രക്ഷപ്പെട്ടു.

ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഹരികുമാര്‍ ഒന്നാം പ്രതിയും ബിനു രണ്ടാംപ്രതിയും രമേശ് അഞ്ചാംപ്രതിയുമാണ്. കഴിഞ്ഞദിവസം ക്രൈംബ്രാഞ്ച് സംഘം പിടികൂടിയ ബിനുവിന്റെ മകന്‍ അനൂപ് കൃഷ്ണയും തൃപ്പരപ്പിലെ ടൂറിസ്റ്റ് ഹോം ഉടമ സതീഷും മൂന്നും നാലും പ്രതികളാണ്.

ഹരികുമാറും ബിനുവും മംഗലാപുരത്തുനിന്നാണ് കല്ലമ്പലത്തെത്തിയത്. തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് ഹരികുമാര്‍ കല്ലമ്പലത്ത് എത്തിയത്. ഹരികുമാറിനെ കല്ലമ്പലത്ത് ഇറക്കി ബിനുവും രമേഷും ബിനുവിന്റെ അളിയന്റെ ചായക്കോട്ടകോണത്തെ വീട്ടിലെത്തി. ബിനു ഉപയോഗിച്ചിരുന്ന കാര്‍ അവിടെ ഉപേക്ഷിച്ചു. മറ്റൊരു അംബാസഡര്‍ കാറില്‍ അവിടെനിന്നു രക്ഷപ്പെട്ടു. പിന്നീട് രമേശിന്റെ ബന്ധുവീട്ടില്‍ താമസിച്ചതായാണ് വിവരം. ബിനുവും രമേശും ചായക്കോട്ടകോണത്ത് എത്തിയതറിഞ്ഞ് ക്രൈംബ്രാഞ്ച് സംഘം അവിടെയെത്തിയിരുന്നു. അപ്പോഴേക്കും ഇവര്‍ അവിടെനിന്നു രക്ഷപ്പെട്ടിരുന്നു.

കല്ലറ സ്വദേശിയായ ഹരികുമാര്‍ വിവാഹശേഷമാണ് കല്ലമ്പലത്തിനടുത്തുള്ള വെയിലൂരില്‍ ഭാര്യവീടിനോടു ചേര്‍ന്ന സ്ഥലത്ത് താമസം തുടങ്ങുന്നത്. ഹരികുമാര്‍ ഒളിവിലായശേഷം ഭാര്യയും മകനും കല്ലറയിലെ ഇവരുടെ കുടുംബവീട്ടിലാണ് താമസിച്ചിരുന്നത്. പിന്നീട് വെയിലൂരിലെ വീട് അടച്ചിട്ടിരിക്കുകയായിരുന്നു.

സബ് കളക്ടര്‍ ഇമ്പശേഖരന്‍, ജില്ലാ പോലീസ് മേധാവി പി. അശോക് കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ധര്‍, ഫൊറന്‍സിക് വിദഗ്ധര്‍ തുടങ്ങിയവരും പരിശോധനയ്‌ക്കെത്തി.Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്