Main Menu

മരണത്തെ മുഖാമുഖം കണ്ട സമയം; രക്ഷകരായത് പൊലീസ്; ജീവന്‍ രക്ഷിച്ച പൊലീസിന് റവന്യു വകുപ്പിന്റെ ആദരം

പെരുമ്പാവൂര്‍: പ്രളയക്കെടുതിയില്‍ ഒഴുകിപ്പോയി മരണത്തെ മുഖാമുഖം കണ്ട രക്ഷാപ്രവര്‍ത്തകരുടെ ജീവന്‍ രക്ഷിച്ച പൊലീസിനു റവന്യു വകുപ്പിന്റെ ആദരം. കുന്നത്തുനാട് താലൂക്ക് ഓഫിസിലെ മുഴുവന്‍ ജീവനക്കാരും തഹസില്‍ദാര്‍ സാബു കെ. ഐസകിന്റെ നേതൃത്വത്തില്‍ ഡിവൈഎസ്പി ഓഫിസിലെത്തിയാണു 11 പേരുടെ ജീവന്‍ രക്ഷിച്ചതിനു കടപ്പാടും സ്‌നേഹവും അറിയിച്ചത്. ഒക്കല്‍ ചേലാമറ്റത്ത് രക്ഷാപ്രവര്‍ത്തനം കഴിഞ്ഞു മടങ്ങുകയായിരുന്ന നാവിക സേനാംഗങ്ങളും റവന്യു ഉദ്യോഗസ്ഥരും അടങ്ങിയ 11 അംഗ സംഘം വല്ലം പാലത്തിലാണ് അപകടത്തില്‍പ്പെട്ടത്.

ഓഗസ്റ്റ് 16ന് രാത്രി എട്ടിനായിരുന്നു സംഭവം. പാലത്തില്‍ വെളളം കുത്തിയൊലിച്ചൊഴുകുകയായിരുന്നു. നാവിക സേനയുടെ ഡിങ്കി ബോട്ടില്‍ തുഴഞ്ഞാണു സംഘം മറുകരയെത്താന്‍ ശ്രമിച്ചത്. എന്നാല്‍ കുത്തൊഴുക്കില്‍ ബോട്ടിന്റെ നിയന്ത്രണം വിട്ടു തോട്ടിലേക്ക് പതിച്ചു. തോട്ടിന്‍കരയില്‍ സ്ഥാപിച്ചിരുന്ന കൂറ്റന്‍ പരസ്യബോര്‍ഡാണു രക്ഷയായത്. നാവിക സേനാംഗങ്ങള്‍ കത്തിയെടുത്ത് പരസ്യ ബോര്‍ഡിലെ ഫ്‌ലക്‌സ് കീറി നീക്കി ഇരുമ്പു പട്ടയിലേക്ക് ബോട്ട് പിടിച്ചു കെട്ടി.

ബോട്ടിലുണ്ടായിരുന്ന റവന്യു ഉദ്യോഗസ്ഥന്‍ പെരുമ്പാവൂര്‍ ഡിവൈഎസ്പി ജി. വേണുവിനെ അപകട വിവരമറിയിച്ചു. അദ്ദേഹവും സിഐ ബൈജു പൗലോസും മണ്ണുമാന്തി യന്ത്രവുമായി ഉടന്‍ സ്ഥലത്തെത്തി. മണ്ണുമാന്തി യന്ത്രത്തിന്റെ മുന്നിലെ ബക്കറ്റില്‍ കയറി നിന്ന് സിഐ വടം താഴേക്ക് എറിഞ്ഞു കൊടുത്തു. നാവികസേനാംഗങ്ങള്‍ ബോട്ടും കയറും ബന്ധിച്ചു. 11 പേരും കൈകള്‍ പരസ്പരം കോര്‍ത്ത് ഡിങ്കിയില്‍ പിടിച്ചു കിടന്നു.

മണ്ണു മാന്തി യന്ത്രം ഡിങ്കിയുള്‍പ്പെടെ പൊക്കി റോഡിലൂടെ അര കിലോമീറ്ററോളം വലിച്ചാണ് കരയിലെത്തിച്ചത്. ഒരു മണിക്കൂറോളം ഇവര്‍ കുത്തൊഴുക്കില്‍ ജീവന്‍ കയ്യില്‍ പിടിച്ചു കിടക്കേണ്ടി വന്നു. ഏഴ് നാവിക സേനാംഗങ്ങളും ഡെപ്യൂട്ടി തഹസില്‍ദാര്‍ ഉള്‍പ്പെടെ മൂന്നു റവന്യു ജീവനക്കാരും ഒരു പൊലീസുകാരനുമാണു സംഘത്തിലുണ്ടായിരുന്നത്. ജീവന്‍ തിരികെ കിട്ടിയതിന്റെ ആശ്വാസത്തിലാണ് ഇവര്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം പൊലീസ് സ്റ്റേഷനിലെത്തി നന്ദി അറിയിച്ചത്. പൊലീസ് ഉദ്യാഗസ്ഥര്‍ക്കു റവന്യു വകുപ്പിന്റെ ഉപഹാരം നല്‍കി. മധുരപലഹാര വിതരണവും നടത്തി.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്