Main Menu

മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്ന നേതാക്കളുടെ 40 അംഗ പട്ടിക ബിജെപി പുറത്തിറക്കി; മോദിയും ജയ്റ്റ്‌ലിയും ഉള്‍പ്പെടെ ബിജെപിയുടെ സുപ്രധാന നേതാക്കളെല്ലാം മധ്യപ്രദേശിലെത്തും

ഭോപ്പാല്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയും ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും ഉള്‍പ്പെടെ ബിജെപിയുടെ 40 സുപ്രധാന നേതാക്കളാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മധ്യപ്രദേശില്‍ എത്തുക. അധികാരത്തുടര്‍ച്ച നേടാനായി മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്ന നേതാക്കളുടെ 40 അംഗ പട്ടിക ബിജെപി പുറത്തിറക്കി.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, സുഷമാ സ്വരാജ്, നിതിന്‍ ഗഡ്കരി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നവിസ്, കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ് മന്ത്രി സ്മൃതി ഇറാനി, നടിയും ബിജെപി എംപിയുമായ ഹേമമാലിനി തുടങ്ങിയവരാണ് പ്രചാരണത്തിനായി മധ്യപ്രദേശിലെത്തുക.

നവംബര്‍ 28നാണ് മധ്യപ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ ഡിസംബര്‍ 11ന്. മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാക്കളായ ജ്യോതിരാദിത്യ സിന്ധ്യ, കമല്‍നാഥ് എന്നിവര്‍ ഈ സാഹചര്യങ്ങള്‍ കൃത്യമായി വിനിയോഗിച്ചാണ് മുന്നോട്ടുപോകുന്നത്. ഇതു മറികടക്കുക ലക്ഷ്യമാക്കിയാണ് ബിജെപിയുടെ വമ്പന്‍മാരെയെല്ലാം തെരഞ്ഞെടുപ്പ് കളത്തിലെത്തിക്കാന്‍ തീരുമാനിച്ചത്.

വ്യാപം അഴിമതി, മന്ദ്‌സൗര്‍ പ്രക്ഷോഭം തുടങ്ങിയവയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തു ബിജെപിയുടെ ജനപ്രീതിയില്‍ ഇടിവു വന്നിട്ടുണ്ടെന്നാണു വിലയിരുത്തല്‍.

തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസിന് ഇതുവരെ സാധിച്ചിട്ടില്ല. അതേസമയം മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ സെഹോര്‍ ജില്ലയിലെ ബുധ്‌നിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കോണ്‍ഗ്രസ് വിജയക്കൊടി പാറിക്കുകയാണെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കു പരിഗണിക്കുക ജ്യോതിരാദിത്യ സിന്ധ്യയെയും കമല്‍നാഥിനെയുമായിരിക്കും. ഗുണയില്‍നിന്നുള്ള ലോക്‌സഭാംഗമാണ് നിലവില്‍ സിന്ധ്യ.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്