Main Menu

മത്സരാര്‍ത്ഥികളെ ഞെട്ടിച്ചുകൊണ്ട് ബിഗ് ബോസ് വീട്ടില്‍ ആദ്യമായി മോഹന്‍ലാല്‍ നേരിട്ടെത്തി; പ്രളയക്കെടുതിക്കിടെ ഓണാഘോഷം ചുരുക്കിയ ബിഗ് ബോസ് വീട്ടില്‍ ലാലേട്ടന്‍ എത്തിയതോടെ കളിമാറി

മലയാളികളുടെ കാഴ്ചാ അഭിരുചികളെ മാറ്റിക്കുറിച്ചുകൊണ്ട് എത്തിയ ടെലവിഷന്‍ പരിപാടിയാണ് ബിഗ് ബോസ്. വ്യത്യസ്തരായ അനേകം മത്സരാര്‍ത്ഥികളുമായി തുടങ്ങിയ പരിപാടി തുടക്ക സമയത്ത് ജനശ്രദ്ധയാകര്‍ഷിച്ചത് അതിന്റെ അവതാരകനിലൂടെയാണ് മലയാളത്തിന്റെ മഹാനടന്‍ മോഹല്‍ലാല്‍ അവതാരകനായി എത്തി എന്നതാണ് ബിഗ് ബോസിന്റെ മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്ന്. എന്നാല്‍ ബിഗ് ബോസ് വീട്ടില്‍ ആഴ്ചയില്‍ ഒരിക്കല്‍ എത്തുന്ന മോഹല്‍ലാല്‍ ഇത് വരെ വീട്ടില്‍ നേരിട്ടെത്തി പരിപാടി അവതരിപ്പിക്കുന്നത് ആരും തന്നെ കണ്ടിട്ടില്ല. ബിഗ് ഹൗസില്‍ സജ്ജീകരിച്ചിട്ടുള്ള സ്‌ക്രീനിലൂടെയാണ് എല്ലാവരും അദ്ദേഹത്തെ കാണുന്നത്. പക്ഷേ ഇത്തവണ മോഹന്‍ലാലിന്റെ വരവ് അങ്ങനെ ആയിരുന്നില്ല.

പ്രളയക്കെടുതിക്കിടയിലും ചെറിയൊരു ഓണാഘോഷം ആകാമെന്ന് തീരുമാനിക്കുകയായിരുന്നു മോഹന്‍ലാലും സംഘവും അങ്ങനെ അതിനായി മോഹന്‍ലാല്‍ ബിഗ് ബോസ് വീട്ടില്‍ മത്സരാര്‍ത്ഥികള്‍ക്ക് മുന്നില്‍ ഇപ്രാവശ്യം നേരിട്ടെത്തി. കസവ് മുണ്ടും ജുബ്ബയുമണിഞ്ഞാണ് മോഹന്‍ലാല്‍ എത്തിയത്. കേരളത്തനിമ വിളിച്ചോതുന്ന തരത്തിലുള്ള വസ്ത്രധാരണമായിരുന്നു മത്സരാര്‍ത്ഥികളുടേത്. മോഹന്‍ലാല്‍ എത്തുമ്പോള്‍ ബിഗ് ബോസ് നല്‍കിയ ടാസ്‌ക്ക് ചെയ്യുന്നതിന്റെ തിരക്കിലായിരുന്നു മത്സരാര്‍ത്ഥികള്‍. രണ്ട് ഗ്രൂപ്പുകളിലായി തിരിഞ്ഞ് അട ഉണ്ടാക്കുകയെന്നതായിരുന്നു ജോലി. അര്‍ച്ചനയുടെയും അനൂപിന്റെയും നേതൃത്വത്തിലായിരുന്നു ടാസ്‌ക്ക് തുടങ്ങിയത്. കമന്ററി പറയുകയെന്ന ദൗത്യമായിരുന്നു രഞ്ജിനിയുടേത്. മത്സരാര്‍ത്ഥികളുടെ തയ്യാറെടുപ്പിനെക്കുറിച്ചും അവിടെ നടക്കുന്ന കാര്യങ്ങളെക്കുറിച്ചും രഞ്ജിനി വിവരിക്കുന്നുണ്ടായിരുന്നു. അതിനിടയിലാണ് മോഹന്‍ലാല്‍ എത്തിയത്.

മത്സരാര്‍ത്ഥികള്‍ അറിയാതെ സര്‍പ്രൈസായാണ് മോഹന്‍ലാല്‍ വീട്ടിലേക്ക് എത്തിയത്. വരുന്ന വഴിയില്‍ നീന്തല്‍ക്കുളമായിരുന്നു ആദ്യം അദ്ദേഹം നോക്കിയത്. എല്ലാവരും അകത്ത് അട ചുടുന്നതിന്റെ തിരക്കിലാണെന്നുമുള്ള ആത്മഗതത്തോടെയാണ് അദ്ദേഹമെത്തിയത്.             അപ്രതീ ക്ഷിതമായി അദ്ദേഹമെത്തിയപ്പോള്‍ ആര്‍പ്പുവിളിയോടെ എല്ലാവരും അരികിലേക്ക് ഓടിയെത്തിയിരുന്നു. വീട്ടിലെ ഓരോ സ്ഥാനങ്ങളും നോക്കിയതിന് ശേഷമാണ് അദ്ദേഹം അകത്തേക്ക് പോയത്. നിങ്ങള്‍ വരുന്നതിന് മുന്‍പ് തന്നെ താന്‍ ഇവിടെ വന്നിരുന്നുവെന്നും എല്ലാം പഴയത് പോലെ തന്നെയാണോയെന്നാണ് നോക്കുന്നതെന്നും അദ്ദേഹം പറഞ്ഞപ്പോള്‍ അന്നത്തെക്കാള്‍ മനോഹരമായില്ലേ ഇപ്പോള്‍ എല്ലാമെന്നായിരുന്നു മത്സരാര്‍ത്ഥികളുടെ ചോദ്യം.

പിന്നീട് മത്സരാര്‍ത്ഥികളുടെ ടാസ്‌കിനെ കുറിച്ച് തിരക്കിയ അദ്ദേഹം, അടിയുണ്ടാക്കുന്നവരാണ് ഇപ്പോള്‍ അടയുണ്ടാക്കുന്നത്. എങ്ങനെയായിരിക്കും അവരുടെ അടയെന്ന സംശയവും  ഉന്നയിച്ചിരുന്നു. തേങ്ങ ചിരകിയും ശര്‍ക്കര കുഴച്ചുമൊക്കെ ഓരോരുത്തരും അവരവരുടെ പണി ഭംഗിയായി ചെയ്യുന്നുണ്ടായിരുന്നു. 30 മിനിറ്റായിരുന്നു ഇതിനായി നല്‍കിയത്. സൈറണ്‍ മുഴങ്ങിയതോടെയാണ് അടയുണ്ടാക്കല്‍ മത്സരം അവസാനിപ്പിച്ചത്. ഇരുവിഭാഗത്തിന്റെ അടയും രൂചിച്ച് നോക്കിയതിന് ശേഷം ആരാണ് വിജയിയെന്ന് പിന്നീട് പറയാമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

പിന്നീട് അദ്ദേഹം തന്റെ ഓണവിശേഷങ്ങള്‍ പങ്കുവെച്ചു. എല്ലാ പ്രാവശ്യവും അച്ഛനും അമ്മയ്ക്കുമൊപ്പമാണ് താന്‍ ഓണം ആഘോഷിച്ചിരുന്നതെന്നും ഇത്തവണ അമ്മയ്‌ക്കൊപ്പമായിരുന്നു ആഘോഷിക്കേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇടയ്ക്ക് അമ്മയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നുവെങ്കിലും ഇപ്പോള്‍ തിരിച്ച് വീട്ടിലേക്കെത്തിയിട്ടുണ്ടെന്നും ഇത്തവണ ബിഗ് ഹൗസിലാണ് തന്റെ ഓണമെന്ന് പറഞ്ഞിരുന്നതായും താരം പറയുന്നു. അമ്മയും ഇടയ്ക്ക് ബിഗ് ബോസ് കാണാറുണ്ട എന്നും മോഹന്‍ലാല്‍ പറഞ്ഞു്. പിന്നീട് മത്സരാര്‍ത്ഥികള്‍ ഓരോരുത്തരായി എങ്ങനെയാണ് തങ്ങള്‍ ഓണം ആഘോഷിച്ചിരുന്നതെന്നതിനെക്കുറിച്ച് വാചാലരായി. പേളിയുടെ അനുഭവം പറയുമ്പോള്‍ കുടുംബാംഗങ്ങളുടെ പേരൊക്കെ മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ആശ്ചര്യത്തോടെയാണ് താരം ഇത് കേട്ടത്.

ബിഗ് ബോസിലെത്തിയ മോഹന്‍ലാല്‍ എല്ലാവര്‍ക്കും സമ്മാനം നല്‍കിയാണ് മടങ്ങിയത്. വീട്ടുകാരുടെ സമ്മാനമാണ് അദ്ദേഹം ഏല്‍പ്പിച്ചത്. ഇതിന്റെ ദൃശ്യവും കാണിച്ചിരുന്നു. കുടുംബാംഗങ്ങളുടെ സന്ദേശമായിരുന്നു അദ്ദേഹം കാണിച്ചത്. വീട്ടുകാരെ മിസ്സ് ചെയ്യുന്നതിനിടയില്‍ സന്ദേശമെത്തിയതിന്റെ സന്തോഷത്തിലായിരുന്നു പലരും. ഇതിന് ശേഷമാണ് ഉറിയടി മത്സരം നടത്തണമെന്ന സന്ദേശമെത്തിയത്. രസകരമായിട്ടായിരുന്നു ഈ മത്സരം നടന്നത്.

ഓണാഘോഷവും ആര്‍പ്പുവിളികളുമെല്ലാം അവസാനിച്ച ശേഷം ഇനി ഇന്ന് ബിഗ് ബോസില്‍ എലിമിനേഷനുള്ള വേദി ഒരുങ്ങിയിരിക്കുകയാണ്. പ്രളയക്കെടുതി കാരണം കഴിഞ്ഞയാഴ്ച ആരും പുറത്തേക്ക് പോയിരുന്നില്ല. എല്ലാവരും തുടരട്ടെയെന്നായിരുന്നു ബിഗ് ബോസിന്റെ തീരുമാനം. ഇത്തവണ ആരാണ് പുറത്തുപോവുന്നതെന്നറിയാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. പേളി മാണി, ശ്രിനിഷ്, സുരേഷ്, പേളി മാണി, രഞ്ജിനി എന്നിവരാണ് നോമിനേഷന്‍ ലിസ്റ്റിലുള്ളത്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്