Main Menu

മതവികാരം മുറിപ്പെടുത്തിയെന്ന് ആരോപണം; ഷാരൂഖിന്റെ സീറോ കോടതിയിലേക്ക്

മുബൈ: ഷാരൂഖ് ഖാന്‍ നായകനായി, റിലീസിനൊരുങ്ങുന്ന ‘സീറോ’ യ്‌ക്കെതിരെ മതവികാരം മുറിപ്പെടുത്തിയെന്ന ആരോപണം. സിഖ് വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്തുന്നു എന്നു കാണിച്ച് ഡല്‍ഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മറ്റി അയച്ച ലീഗല്‍ നോട്ടീസിനെതിരെ റെഡ് ചില്ലീസ് എന്റര്‍ടെയിന്‍മെന്റ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

ചിത്രത്തിന്റെ ട്രെയിലറിലും പോസ്റ്ററുകളിലും അടിവസ്ത്രങ്ങള്‍ അണിഞ്ഞ് പ്രത്യക്ഷപ്പെടുന്ന നായകന്‍ മതചിഹ്നമായ ഗാത്ര കിര്‍പ്പണ്‍ ധരിച്ചിരിക്കുന്നതാണ് പ്രശ്‌നം. സിഖ് മതവിശ്വാസപ്രകാരം ഒരു അമൃത്ധാരി സിഖ് വിശ്വാസിക്ക് മാത്രമേ ഗാത്ര കിര്‍പ്പണ്‍ ധരിക്കാന്‍ അവകാശമുള്ളൂ എന്നു ചൂണ്ടികാണിച്ചാണ് സംഘടന രംഗത്തെത്തിയത്.

ഇതുമായി ബന്ധപ്പെട്ട് എംഎല്‍എയും ഡല്‍ഹി സിഖ് ഗുരുദ്വാര കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിയുമായ മന്‍ജീന്ദര്‍ സിംഗ് സിര്‍സ ചിത്രത്തിന്റെ സംവിധായകന്‍ ആനന്ദ് എല്‍ റായിയോടും ഷാരൂഖ് ഖാനോടും ഈ സീന്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെടുകയും ഇരുവര്‍ക്കുമെതിരെ ഡല്‍ഹി പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

സംഭവങ്ങളുടെ പശ്ചാത്തലത്തില്‍, നിര്‍മ്മാണ കമ്പനിയായ തങ്ങള്‍ക്കു പറയാനുള്ള വാദം കേള്‍ക്കാതെയും മുന്‍കൂട്ടി അറിയിക്കാതെയും ചിത്രത്തിനെതിരെ യാതൊരു നടപടിയും സ്വീകരിക്കരുതെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് റെഡ് ചില്ലീസ് ഹൈകോടതിയെ സമീപിച്ചിരിക്കുന്നത്.

ഡിസംബര്‍ 21നാണ് ചിത്രത്തിന്റെ റിലീസ്. നിലവിലെ വിവാദങ്ങള്‍ ചിത്രത്തിന്റെ റിലീസിംഗിനെ ബാധിക്കാതിരിക്കാനും കൂടിയാണ് റെഡ് ചില്ലീസ് കോടതിയെ സമീപിച്ചിരിക്കുന്നത്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്