Main Menu

‘മകളുടെ സഹപാഠിയാണെന്നും രണ്ട് കുട്ടികളുടെ അമ്മയാണെന്ന് പറഞ്ഞിട്ടും വെറുതെവിട്ടില്ല; തനിക്കു വഴങ്ങിയാല്‍ മാത്രമേ ജോലി ലഭിക്കുകയുള്ളൂവെന്നായിരുന്നു മറുപടി’; പഞ്ചാബ് മുന്‍ മന്ത്രി സുച്ചാ സിങ്ങ് പീഡിപ്പിച്ചെന്ന് വനിതാ കോണ്‍സ്റ്റബിളിന്റെ പരാതി; പൊലീസ് കേസെടുത്തു

ഗുര്‍ദാസ്പുര്‍: പഞ്ചാബിലെ മുന്‍ കൃഷിമന്ത്രിയും ശിരോമണി അകാലിദളിന്റെ മുതിര്‍ന്ന നേതാവുമായ സുച്ചാസിങ് ലഗായ്‌ക്കെതിരെ പീഡന പരാതി. മകളുടെ സഹപാഠിയും പൊലീസ് കോണ്‍സ്റ്റബിളുമായ യുവതിയാണ് സുച്ചാസിങ്ങിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. പഞ്ചാബിലെ ഗുര്‍ദാസ്പുര്‍ ലോക്‌സഭാ മണ്ഡലത്തിലേക്ക് ഇടക്കാല തെരഞ്ഞെടുപ്പിനുള്ള പ്രചാരണം കൊണ്ടുപിടിച്ചിരിക്കെയാണ് ബിജെപി- അകാലിദള്‍ സഖ്യത്തിന് തിരിച്ചടിയായി പീഡനക്കേസ് ഉയര്‍ന്നിരിക്കുന്നത്.

കഴിഞ്ഞ ഒന്‍പതു വര്‍ഷമായി സുച്ചാസിങ് തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. എതിര്‍ത്തപ്പോഴെല്ലാം ഗുണ്ടകളെ ഉപയോഗിച്ചു കൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. തന്നെ പീഡിപ്പിക്കുന്നതിന്റെ 20 മിനിറ്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളും പെന്‍ഡ്രൈവില്‍ യുവതി പൊലീസിന് കൈമാറി. പ്രാഥമികാന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് വ്യക്തമായതോടെ സുച്ചാസിങ്ങിനെതിരെ കേസെടുത്തു. പീഡനം, ഭീഷണിപ്പെടുത്തി സ്വത്ത് തട്ടിയെടുക്കല്‍, തട്ടിപ്പ്, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയ കേസില്‍ ഡിവൈഎസ്പി എ.ഡി. സിങ്ങിനാണ് അന്വേഷണച്ചുമതല. എന്നാല്‍ ഉപതിരഞ്ഞെടുപ്പു സമയത്ത് എതിരാളികള്‍ പക പോക്കാന്‍ യുവതിയെ ഉപയോഗപ്പെടുത്തുകയാണെന്നും പരാതി വ്യാജമാണെന്നും സുച്ചാസിങ് പറഞ്ഞു. എല്ലാ പാര്‍ട്ടി പദവികളില്‍നിന്നും രാജി വയ്ക്കുമെന്നും കോടതിയില്‍ ഹാജരാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒളിവില്‍ പോയതിനെത്തുടര്‍ന്ന് സുച്ചാസിങ്ങിനെതിരെ പൊലീസ് തിരച്ചിലും ശക്തമാക്കിയിട്ടുണ്ട്.

കോണ്‍സ്റ്റബിളായിരുന്ന ഭര്‍ത്താവു മരിച്ചതിനെത്തുടര്‍ന്നു ജോലി തേടി 2009ലാണു പരാതിക്കാരി കിസാന്‍ ഭവനില്‍ സുഹൃത്തിനൊപ്പം സുച്ചാസിങ്ങിനെ കാണാനെത്തുന്നത്. അന്നു കൃഷിമന്ത്രിയായിരുന്ന അദ്ദേഹം രണ്ടു ദിവസത്തിനു ശേഷം യുവതിയോട് ഒറ്റയ്ക്കു വന്നു കാണാന്‍ ആവശ്യപ്പെട്ടു. അവിടെ വച്ചു പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. രണ്ടു കുട്ടികളുടെ അമ്മയാണെന്നും സുച്ചാസിങ്ങിന്റെ മകള്‍ക്കൊപ്പം കോളജില്‍ പഠിച്ചതാണെന്നു പറഞ്ഞിട്ടും വെറുതെവിട്ടില്ല. തനിക്കു വഴങ്ങിയാല്‍ മാത്രമേ ജോലി ലഭിക്കുകയുള്ളൂവെന്നായിരുന്നു മറുപടി. മാത്രവുമല്ല, എതിര്‍ത്തപ്പോഴെല്ലാം, ബിഹാറിലെയും ഉത്തര്‍പ്രദേശിലെയും ഗുണ്ടകളുമായി തനിക്കു നല്ല ബന്ധമാണെന്നും അവരെ ഉപയോഗിച്ചു കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി. വര്‍ഷങ്ങളോളം ഇതു തുടര്‍ന്നു. ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ വഴി സംസ്ഥാന സെക്രട്ടറിയേറ്റിലെത്തിച്ചും പീഡിപ്പിച്ചു. അതിനിടെ, തന്റെ പേരിലുള്ള ഭൂമി ഭീഷണിപ്പെടുത്തി വില്‍ക്കുകയും ചെയ്തു. അതുവഴി 30 ലക്ഷത്തോളം രൂപ സുച്ചാസിങ് തട്ടിയെടുത്തതായും പരാതിയില്‍ പറയുന്നു.

ബിജെപി- അകാലിദള്‍ പിന്തുണയോടെ മത്സരിക്കുന്ന സ്ഥാനാര്‍ഥി സ്വരന്‍ സലേരിയക്കു വേണ്ടിയാണു ഗുര്‍ദാസ്പുറില്‍ സുച്ചാസിങ് പ്രചാരണം നടത്തുന്നത്. അതിനിടെ പീഡനത്തിന് കേസ് റജിസ്റ്റര്‍ ചെയ്തത് അറിഞ്ഞതോടെ ഇദ്ദേഹം മുങ്ങുകയായിരുന്നു. അറുപത്തിയൊന്നുകാരനായ സുച്ചാസിങ് കഴിഞ്ഞ രണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും മത്സരിച്ചെങ്കിലും തോറ്റു. ശിരോമണി അകാലിദളിന്റെ പഞ്ചാബിലെ കരുത്തുറ്റ നേതാക്കളിലൊരാളുമാണ്. ഒക്ടോബര്‍ 11നാണ് ഗുര്‍ദാസ്പുറില്‍ ഉപതെരഞ്ഞെടുപ്പ്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്