Main Menu

ഭരണഘടനാബെഞ്ചിന്റെ നടപടികള്‍ തത്സമയം കാണാം; സുതാര്യത വര്‍ദ്ധിപ്പിക്കാനാകുമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഭരണഘടനാ ബെഞ്ചിന്റെ സുപ്രധാന കേസുകളില്‍ കോടതി നടപടികള്‍ തത്സമയം സംപ്രേഷണം ചെയ്യാമെന്ന് സുപ്രീംകോടതി. കോടതി നടപടികള്‍ തത്സമയം കാണിക്കുന്നത് സുതാര്യത വര്‍ധിപ്പിക്കുമെന്നും ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ചൂണ്ടിക്കാട്ടി.

കോടതി നടപടികള്‍ തത്സമയം സംപ്രേഷണം ചെയ്യുന്നത് പൊതുജനങ്ങളുടെ അറിയാനുള്ള അവകാശത്തെയും നിയനടപടികളിലെ സുതാര്യതയെയും ഫലപ്രാപ്തിയിലെത്തിക്കുമെന്നും കോടതി നിരീക്ഷിച്ചു. തത്സമയ സംപ്രേഷണത്തിനായുള്ള ചട്ടങ്ങള്‍ രൂപീകരിക്കാന്‍ സുപ്രീംകോടതി നിര്‍ദേശം നല്‍കുകയും ചെയ്തു.

മാനഭംഗം, വിവാഹ സംബന്ധമായ കേസുകളൊഴികെ ഭരണഘടനാപരമായ എല്ലാ വാദപ്രതിവാദങ്ങളും പൊതുജനത്തിന് ലഭ്യമാക്കാമെന്ന് കോടതി വ്യക്തമാക്കി. സുപ്രീം കോടതിയുടെ വെബ്‌സൈറ്റ് വഴിയാകും ആദ്യം സംപ്രേക്ഷണം നടത്തുക. പിന്നീട് ഒരു ചാനല്‍ ആരംഭിക്കാവുന്നതാണെന്നും, ഇതില്‍ കേന്ദ്രസര്‍ക്കാരിന് തീരുമാനമെടുക്കാമെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ഉത്തരവ് പ്രാബല്യത്തില്‍ വരുന്നതോടു കൂടി പ്രധാന കോടതികളുടെ നടപടികള്‍ തത്സമയം പ്രക്ഷേപണം ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറും. മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്‌സിംഗാണ് ഇതുമായി ബന്ധപ്പെട്ട ഹര്‍ജി സമര്‍പ്പിച്ചത്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്