Main Menu

ഭക്ഷണ സാധനങ്ങളുടെ അനധികൃത ഓണ്‍ലൈന്‍ വില്‍പ്പന; നടപടിയുമായി ദുബൈ സാമ്പത്തിക മന്ത്രാലയം

ദുബൈ: ഭക്ഷണ സാധനങ്ങളുടെ അനധികൃത വില്‍പ്പനയ്‌ക്കെതിരെ ദുബൈ സാമ്പത്തിക മന്ത്രാലയം. സമൂഹമാധ്യമങ്ങള്‍ വഴി പരസ്യം ചെയ്തു ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്നവരെ ദുബൈ സാമ്പത്തിക മന്ത്രാലയം നിരീക്ഷച്ചു വരികയാണ്. വീടുകളില്‍ നിന്നും ഭക്ഷണം പാകം ചെയ്ത് വില്‍ക്കുന്നവര്‍ക്കെതിരെ ഇതര സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി സഹകരിച്ച് നടപടി സ്വീകരിക്കും.

ഓണ്‍ലൈന്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്തി വില്‍പ്പന നടത്തണമെങ്കില്‍ സാമ്പത്തിക മന്ത്രാലയത്തില്‍ നിന്നും പെര്‍മിറ്റ് വാങ്ങണമെന്നാണ് നിയമം. ഇതു മുഖവിലയ്ക്ക് എടുക്കാതെയാണ് ചിലര്‍ ഭക്ഷ്യ സാധനങ്ങള്‍ പരസ്യം ചെയ്ത് വില്‍ക്കുന്നത്. ഇത്തരം അനധികൃത കച്ചവടം ടെലികമ്മ്യൂണിക്കേഷന്‍ റഗുലേറ്ററി അതോറിറ്റി (ടിആര്‍എ) യുമായി സഹകരിച്ച് തടയും. ഇവരുടെ പരസ്യ പേജുകള്‍ പൂട്ടിക്കുകയാണ് നടപടിയുടെ ആദ്യപടി.

സമൂഹമാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തി വില്‍ക്കുന്ന ഭക്ഷ്യവസ്തുക്കള്‍ ശാസ്ത്രീയമായി പരിശോധിക്കാനും നിലവാരം ഉറപ്പാക്കാനും മാര്‍ഗങ്ങള്‍ ഇല്ല. നഗരസഭകള്‍ മുന്നോട്ട് വച്ച ഒരു ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയുള്ള പാചകം പൊതുജനങ്ങളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നതാണെന്ന് മന്ത്രാലയ അധികൃതര്‍ വ്യക്തമാക്കി. ആവശ്യമുള്ള ഭക്ഷണ സാധനങ്ങള്‍ യഥേഷ്ടം തിരഞ്ഞെടുക്കാനും ആവശ്യമുള്ളവ വീട്ടില്‍ എത്തുമെന്നുള്ളതും ഇത്തരം കച്ചവടങ്ങളിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുന്നുണ്ട്. നിയമങ്ങളുടെ നൂലാമാലകളില്ലാതെ വരുമാനം വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നത് ഗാര്‍ഹിക വിഭവങ്ങള്‍ വില്‍ക്കുന്നവരുടെ എണ്ണം കൂട്ടുന്നു.വനിതകളാണ് ഈ രംഗത്ത് മുന്നിലെന്നും അധികൃതര്‍ കണ്ടെത്തി.

ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയമായി നിയമാനുസൃതം വില്‍പ്പന നടത്തുന്ന ഭക്ഷ്യസ്ഥാപനങ്ങളെയും നിയമത്തെയും വെല്ലുവിളിച്ചാണ് ഓണ്‍ലൈന്‍ പരസ്യം വഴിയുള്ള കച്ചവടം പൊടിപൊടിക്കുന്നത്. പാചകപരിസരം ശുചിത്വവും സുരക്ഷിതവുമല്ലാത്തതിനാല്‍ ഈ വിഭവങ്ങള്‍ വേഗത്തില്‍ കേടാകാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യമേഖലയിലെ വിദഗ്ധരും മുന്നറിയിപ്പ് നല്‍കി.

വീടുകളില്‍ ഭക്ഷണം പാകം ചെയ്തു വില്‍പ്പന നടത്താന്‍ ദുബൈ് മുനിസിപ്പാലിറ്റിയും സാമ്പത്തിക മന്ത്രാലയവും പെര്‍മിറ്റുകള്‍ നല്‍കുന്നുണ്ട്. ഇതുവരെ 295 പെര്‍മിറ്റുകള്‍ മന്ത്രലയം നല്‍കി. വ്യവസ്ഥകളോടെയാണ് ലൈസന്‍സ് നല്‍കുന്നതെന്ന് മുനിസിപ്പാലിറ്റിയിലെ ഫുഡ് പെര്‍മിറ്റ് വിങ് ചെയര്‍പേഴ്‌സണ്‍ നൂറ അബ്ദുല്ല അല്‍ശംസി അറിയിച്ചു. സ്വദേശികള്‍ക്കും ജിസിസി രാജ്യങ്ങളിലെ പൗരന്മാര്‍ക്കും മത്രമാണ് പെര്‍മിറ്റ് നല്‍കുന്നത്. ലഘു വിഭവങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള പ്രത്യേക പെര്‍മിറ്റ് സാമ്പത്തിക മന്ത്രാലയത്തില്‍ നിന്നുള്ള ലൈസന്‍സ് അടിസ്ഥാനമാക്കിയാണ് ലഭിക്കുകയെന്നും അല്‍ശാംസി സൂചിപ്പിച്ചു.Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്