Main Menu

ബ്ലാസ്റ്റേഴ്‌സ് അഴിച്ചു പണിക്കൊരുങ്ങുന്നു; ഗോവക്കെതിരായ മത്സരം ജയിംസിന്റെയും ഭാവി തീരുമാനിക്കും; പുതിയ നീക്കങ്ങള്‍ ഇങ്ങനെ

കൊച്ചി: കഴിഞ്ഞ സീസണിലെ അതേ ദുരവസ്ഥയിലൂടെ കടന്നു പോകുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ടീമില്‍ മാറ്റങ്ങള്‍ വരുത്താനൊരുങ്ങുന്നതായി സൂചനകള്‍. ആദ്യ മത്സരത്തില്‍ വിജയിച്ച് ആരാധകര്‍ക്കു പ്രതീക്ഷ നല്‍കിയെങ്കിലും പിന്നീടൊരു ജയം പോലും ടീമിനു സ്വന്തമാക്കാനായില്ലായിരുന്നു. മാത്രമല്ല, ആരാധകരുടെ കോട്ടയായ കൊച്ചിയില്‍ നടന്ന മൂന്നു മത്സരങ്ങളിലും ജയം കണ്ടെത്താനും ടീമിനു കഴിഞ്ഞിട്ടില്ല. ഇതോടെ ടീമില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന് ആരാധകരുടെ രോഷമുയരുന്നതിനിടെയാണ് പുതിയ നീക്കങ്ങള്‍ അണിയറയില്‍ നടക്കുന്നത്.

സീസണ്‍ തുടങ്ങിയിട്ടും ഇതുവരെ ടീമില്‍ അവസരം ലഭിക്കാതിരുന്ന മലയാളി താരം അനസ് എടത്തോടികക്ക് അടുത്ത മത്സരത്തില്‍ അവസരം നല്‍കിയേക്കുമെന്നാണ് സൂചനകള്‍. താരത്തിന് ഇതുവരെ ടീമിലിടം നല്‍കാത്തതിനെ തുടര്‍ന്ന് ആരാധകര്‍ വിമര്‍ശനം ശക്തമായിരുന്നു. അതേ സമയം അനസിനെ ടീമിലുള്‍പ്പെടുത്തിയാല്‍ പ്രതിരോധത്തില്‍ നിന്ന് ആരെ പുറത്താക്കുമെന്നത് വലിയൊരു ചോദ്യചിഹ്നമാണ്. ജിംഗനെ ഒഴിവാക്കില്ലെന്ന് ഉറപ്പുള്ളപ്പോള്‍ മികച്ച ഫോമിലുള്ള ലാകിച് പെസിച്ച് ബലിയാടാവാനാണു ഇപ്പോഴത്തെ സാഹചര്യത്തില്‍ സാധ്യത.

കരുത്തരായ ഗോവക്കെതിരെ കൊച്ചിയില്‍ നടക്കുന്ന അടുത്ത മത്സരം ജയിംസിന്റെ ഭാവി നിര്‍ണയിക്കുമെന്ന സൂചനകളും ഉയരുന്നുണ്ട്. മത്സരത്തില്‍ തോല്‍വി നേരിട്ടാല്‍ ജയിംസ് ടീമില്‍ നിന്നും പുറത്തു പോയേക്കും. കഴിഞ്ഞ സീസണില്‍ റെനെ മ്യുളസ്റ്റീന്‍ പുറത്തു പോവാനിടയായ അതേ സാഹചര്യങ്ങളിലൂടെയാണ് നിലവില്‍ ബ്ലാസ്റ്റേഴ്‌സ് കടന്നു പോവുന്നത്. അതു കൊണ്ടു തന്നെ അടുത്ത മത്സരത്തിലെ ഫലം ബ്ലാസ്റ്റേഴ്‌സിനു നിര്‍ണായകമാണ്.

നിലവില്‍ ആറു മത്സരങ്ങളില്‍ നിന്നും ഏഴു പോയിന്റുമായി പോയിന്റ് ടേബിളില്‍ ആറാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. ഹോം സ്റ്റേഡിയത്തില്‍ നടന്ന മൂന്നു മത്സരങ്ങളില്‍ രണ്ടിലും സമനില വഴങ്ങിയ ബ്ലാസ്റ്റേഴ്‌സ് ബംഗളൂരുവിനെതിരായ അവസാന മത്സരത്തില്‍ തോറ്റിരുന്നു. കഴിഞ്ഞ സീസണിലും ഹോം മത്സരങ്ങളില്‍ സമനില വഴങ്ങിയതാണ് ഒടുവില്‍ ടീമിനു പ്ലേ ഓഫ് സാധ്യതകള്‍ നിഷേധിച്ചത്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്