Main Menu

ബോളിവുഡ് നടന്‍ ആലോക് നാഥിനെതിരെ തിരക്കഥാകൃത്ത് വിന്റ നന്ദ ഉന്നയിച്ച പീഡന പരാതി കെട്ടിച്ചമച്ചതാകാമെന്ന് കോടതി

മുംബൈ: ബോളിവുഡ് നടന്‍ ആലോക് നാഥിനെതിരെ തിരക്കഥാകൃത്ത് വിന്റ നന്ദ ഉന്നയിച്ച പീഡന പരാതി കെട്ടിച്ചമച്ചതാകാമെന്ന് കോടതി. പീഡനം നടന്നെന്നു പറയുന്ന തീയതിയോ മാസമോ വിന്റയ്ക്ക് ഓര്‍മ്മയില്ലെന്ന് ചൂണ്ടിക്കാട്ടിയ മുംബൈ അഡീഷണല്‍ സെഷന്‍സ് കോടതി നടന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.

1998ല്‍ ഉണ്ടായെന്ന് പറയുന്ന സംഭവത്തില്‍ ഇത്ര വര്‍ഷവും പരാതി നല്‍കാതിരുന്നത് കേസിനെ ദുര്‍ബലമാക്കുന്നു. വിന്റയുടെ വീട്ടില്‍ പാനീയത്തില്‍ ലഹരി മരുന്നു നല്‍കി മയക്കിയശേഷം പീഡിപ്പിച്ചുവെന്ന കേസ് 2 മാസം മുന്‍പാണ് രജിസ്റ്റര്‍ ചെയ്തത്. പരാതിക്കാരിയുടെ വീട്ടില്‍ നടന്ന സംഭവമായതിനാല്‍ പ്രതി തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കുമെന്ന് കരുതാന്‍ വയ്യ. മറ്റു തരത്തില്‍ സമ്മര്‍ദമുണ്ടായതിനെക്കുറിച്ചും സൂചനയില്ല.

ആലോക് നാഥിന്റെ ഭാര്യ ആശുവും നന്ദയും ചണ്ഡീഗഡില്‍ കോളെജ് കൂട്ടുകാര്‍ ആയിരുന്നു. പിന്നീട് സീരിയല്‍ രംഗത്ത് സജീവമായ ഇരുവരും ആലോകുമായി സൗഹൃദത്തിലായി. ആലോക് ആശുവിനെ വിവാഹം കഴിച്ചതോടെ താന്‍ ഒറ്റപ്പെട്ടതു പോലെ പരാതിക്കാരിക്കു തോന്നി. തന്റെ പ്രണയവും പരിഗണനയും നാഥ് തിരിച്ചറിഞ്ഞില്ലെന്ന പകയും നിരാശയുമാകാം പരാതിക്കു പിന്നില്‍. നാഥ് വളരുകയും നന്ദയുടെ കമ്പനികള്‍ തകരുകയും ചെയ്തതോടെ പക വളര്‍ന്നിരിക്കാമെന്നും കോടതി നിരീക്ഷിച്ചു.

‘മീ ടൂ’ വെളിപ്പെടുത്തലുകളുടെ ഭാഗമായി ഉന്നയിച്ച ആരോപണം വന്‍ വിവാദമായതോടെ വിന്റയ്‌ക്കെതിരെ ആലോകും ആശുവും ചേര്‍ന്ന് മാനനഷ്ടക്കേസ് നല്‍കിയിരുന്നു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്