Main Menu

ബീച്ച് ആശുപത്രിയില്‍ വൃദ്ധരായ രോഗികളെ ഉപേക്ഷിച്ച സംഭവം: കോഴിക്കോട് ജില്ലാ കലക്ടര്‍ വിവിധ വകുപ്പുകളുടെ യോഗം വിളിച്ചു

കോഴിക്കോട്: ബീച്ച് ആശുപത്രിയില്‍ വൃദ്ധരായ രോഗികളെ ഉപേക്ഷിച്ച സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലാ കലക്ടര്‍ വിവിധ വകുപ്പുകളുടെ യോഗം വിളിച്ചു. സാമൂഹ്യനീതി വകുപ്പ്, ആരോഗ്യവകുപ്പ്, ലീഗല്‍ സര്‍വീസ് അതോറിറ്റി എന്നീ വകുപ്പുകള്‍ തിങ്കളാഴ്ചത്തെ യോഗത്തില്‍ പങ്കെടുക്കും.

23 വൃദ്ധരെയാണ് ബീച്ച് ആശുപത്രിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ അമ്പത് വയസിലേറെ പ്രായമുള്ളവരാണ് ആശുപത്രിയില്‍ ഉള്ളത്. മലയാളികള്‍ക്ക് പുറമേ കന്നട, ഹിന്ദി, തെലുങ്ക്, തമിഴ് തുടങ്ങിയ ഭാഷകള്‍ സംസാരിക്കുന്നവരും കൂട്ടത്തിലുണ്ട്.ചികിത്സക്കായി ബന്ധുക്കള്‍ എത്തിച്ച് ആശുപത്രിയില്‍ ഉപേക്ഷിക്കുകയായിരുന്നു പലരെയും. ചുരുക്കം ചിലരെ മെഡിക്കല്‍ കോളെജില്‍ നിന്നും ചിലരെ തെരുവില്‍ നിന്നുമാണ് എത്തിച്ചിട്ടുള്ളത്.

ആശുപത്രിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന തെരുവിന്റെ മക്കള്‍ എന്ന സന്നദ്ധ സംഘടനാ പ്രവര്‍ത്തകരാണ് ഇവരെ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. രണ്ട് മാസമായി ഇവര്‍ക്ക് ഭക്ഷണം എത്തിച്ചുകൊടുക്കുന്നത് ഈ സംഘടനയാണ്.

സംഭവമറിഞ്ഞ് ലീഗല്‍ അഥോറിറ്റി സെക്രട്ടറി എം.പി. ജയരാജ് ആശുപത്രിയിലെത്തി രോഗികളില്‍ നിന്ന് നേരിട്ട് വിവരങ്ങള്‍ ശേഖരിച്ചു. ബന്ധുക്കള്‍ ഉണ്ടായിട്ടും സംരക്ഷിക്കാത്തവര്‍ക്കെതിരേ കര്‍ശന നടപടി എടുക്കുമെന്നും വയോജന സുരക്ഷ നിയമപ്രകാരം സംരക്ഷണം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്