ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് ചെലവില്‍ കൃത്രിമത്വം കാണിച്ച മധ്യപ്രദേശ് മന്ത്രി നരോത്തം മിശ്രയെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യനാക്കി. മധ്യപ്രദേശിലെ ബിജെപി സര്‍ക്കാരില്‍ ആരോഗ്യ വകുപ്പ് മന്ത്രിയാണ് മിശ്ര. പെയ്ഡ് ന്യൂസിനായി ചെലവാക്കിയ തുക തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച ചെലവിന്റെ കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് നരോത്തം മിശ്രക്കെതിരായ പരാതി.

 

തെളിവുകളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ അന്വേഷണത്തില്‍ മിശ്ര കുറ്റക്കാരനാണെന്ന് കണ്ടെത്തി. തുടര്‍ന്നാണ് മിശ്രയെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യനാക്കിയത്. കമ്മീഷന്റെ നടപടിയുടെ പശ്ചാത്തലത്തില്‍ നരോത്തം മിശ്രക്ക് ഇനി മൂന്നു വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും കഴിയില്ല. ഇതോടെ 2018 ലെ മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ നരോത്തം മിശ്രക്ക് മത്സരിക്കാനാകില്ലെന്ന് ഉറപ്പായി. ദാത്തിയ മണ്ഡലത്തില്‍ നിന്നുള്ള ജനപ്രതിനിധിയാണ് മിശ്ര.

2008 ലെ തെരഞ്ഞെടുപ്പ് കാലത്തെ ചെലവ് സംബന്ധിച്ച കണക്കിലാണ് മിശ്ര തിരിമറി നടത്തിയതായി കണ്ടെത്തിയത്. കോണ്‍ഗ്രസ് എംഎല്‍എയായ രാജേന്ദ്ര ഭാരതിയാണ് മിശ്രക്കെതിരെ പരാതി നല്‍കിയത്. തുടര്‍ന്ന് ഇക്കാര്യത്തില്‍ വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷന്‍ 2013 ല്‍ മിശ്രക്ക് നോട്ടീസ് നല്‍കി. എന്നാല്‍ ഇതിന് മിശ്ര മറുപടി നല്‍കിയില്ല. തുടര്‍ന്ന് തനിക്കെതിരായ പരാതി പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് മിശ്ര മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതോടെ മിശ്രക്കെതിരായ നടപടികള്‍ റദ്ദാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. എന്നാല്‍ മിശ്രക്കെതിരായ തെളിവുകള്‍ രാജേന്ദ്ര ഭാരതി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചതോടെ നിയമ നടപടികള്‍ തുടരാന്‍ അനുമതി നല്‍കി. തുടര്‍ന്നാണ് മിശ്രയെ അയോഗ്യനാക്കുന്നതിലേക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ എത്തിയത്. മുഖ്യമന്ത്രി ശിവരാജ് സിങ് ചൌഹാന്‍ ചുക്കാന്‍പിടിക്കുന്ന മന്ത്രിസഭയില്‍ രണ്ടാമനാണ് നരോത്തം മിശ്ര.