Main Menu

ബന്ധുനിയമന വിവാദം: കെ.ടി.അദീബ് രാജിക്കത്ത് നല്‍കി; ആത്മാഭിമാനത്തിന് മുറിവേറ്റു, സ്ഥാനത്ത് നിന്നും ഒഴിയാന്‍ അനുവദിക്കണമെന്ന് രാജിക്കത്തില്‍ അദീബ്

തിരുവനന്തപുരം: ബന്ധു നിയമന വിവാദം നേരിടുന്ന മന്ത്രി കെ.ടി. ജലീലിന്റെ ബന്ധു കെ.ടി.അദീബ് രാജിക്കത്ത് നല്‍കി. ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ എംഡിക്ക് ഇമെയില്‍ മുഖേനയാണ് രാജിക്കത്ത് നല്‍കിയത്. അദീബിന്റെറെ രാജി ഇന്ന് ചേരുന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം ചര്‍ച്ച ചെയ്യും.

ആത്മാഭിമാനത്തിന് മുറിവേറ്റു, സ്ഥാനത്ത് നിന്നും ഒഴിയാന്‍ അനുവദിക്കണം… രാജിക്കത്തില്‍ കെ.ടി. അദീബ് ഇങ്ങനെയാണ് എഴുതിയിരിക്കുന്നത്. സൗത്ത് ഇന്ത്യന്‍ ബാങ്ക് സീനിയര്‍ മാനേജര്‍ പദവിയിലേക്ക് തിരികെ പോകാന്‍ അനുവദിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

വിവാദമുണ്ടായ സാഹചര്യത്തില്‍ പദവിയില്‍ തുടരണമോയെന്ന കാര്യം തീരുമാനിക്കേണ്ടത് കെ.ടി.അദീബാണെന്ന് മന്ത്രി കെ.ടി.ജലീല്‍ വ്യക്തമാക്കിയിരുന്നു. കഞ്ഞികുടിക്കാന്‍ വകയില്ലാത്ത ആളല്ല അദീബ്. ഡെപ്യൂട്ടേഷന്‍ ഉപേക്ഷിച്ചാലും അദീപിന് ഇതിനെക്കാള്‍ ഉയര്‍ന്ന ശമ്പളുമുള്ള ജോലിയുണ്ടെന്നും ജലീല്‍ പറഞ്ഞിരുന്നു.

ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷനിലെ ജനറല്‍ മാനേജര്‍ സ്ഥാനത്ത് കഴിഞ്ഞ മാസമാണ് കെ.ടി. അദീബ് നിയമിതനാകുന്നത്. 2016 ഓഗസ്റ്റില്‍ നടന്ന അഭിമുഖത്തില്‍ പങ്കെടുക്കാതെയാണ് സ്ഥാനത്തേക്ക് എത്തിയത്. അഭിമുഖത്തിനെത്തിയ മൂന്ന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് യോഗ്യത ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് മന്ത്രി ബന്ധുവായ അദീബിനെ നിയമിക്കുന്നത്. നേരത്തെ, ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് ഉണ്ടായിരുന്ന യോഗ്യതകളില്‍ മാറ്റം വരുത്തി ബിടെകും പിജിഡിബിഎ കൂടി ചേര്‍ത്താണ് അപേക്ഷ ക്ഷണിച്ചത്. മന്ത്രി ബന്ധുവായ കെ.ടി. അദീബിന് മാത്രമായിരുന്നു അപേക്ഷകരില്‍ ഈ യോഗ്യത ഉണ്ടായിരുന്നത്. എന്നാല്‍, അദീബ് നേടിയ പിജിഡിബിഎയ്ക്ക് കേരളത്തിലെ ഒരു സര്‍വകലാശാലയും തുല്യത നല്‍കിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് അദീബിന്റെ നിയമനം വിവാദമായത്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്