Main Menu

ബംഗാളില്‍ മമത ബാനര്‍ജിയെ വീഴ്ത്താന്‍ മുകുള്‍ റോയ്; തൃണമൂല്‍ എംപിമാര്‍ ബിജെപിയിലേക്ക്‌

കൊല്‍ക്കത്ത: തൃണമൂലിന്റെ ബിഷ്ണുപൂരില്‍ നിന്നുള്ള ലോക്‌സഭാംഗം സൗമിത്ര ഖാന്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു. ബംഗാളില്‍ രഥയാത്ര നടത്തുന്നതുമായി ബന്ധപ്പെട്ട് ബിജെപിയും തൃണമൂലും തമ്മിലുള്ള ഏറ്റുമുട്ടലിനു പിന്നാലെയാണ് പാര്‍ട്ടിയില്‍നിന്നുള്ള നേതാക്കളുടെ കൊഴിഞ്ഞുപോക്കിന് തുടക്കമായത്. കഴിഞ്ഞ ദിവസം തൃണമൂല്‍ വിട്ട രണ്ടാമത്തെ എംപിയായ ബോല്‍പൂരില്‍നിന്നുള്ള അനുപം ഹസ്രയും ബിജെപിയില്‍ ചേരുമെന്നാണ് അറിയുന്നത്. ആറോളം തൃണമൂല്‍ എംപിമാര്‍ തങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ബംഗാളില്‍ നിന്നുള്ള ബിജെപി നേതാവ് അവകാശപ്പെട്ടു. അതേസമയം ഇവരുടെ പേര് വിവരങ്ങള്‍ പുറത്തുവിടാന്‍ ബിജെപി നേതൃത്വം തയ്യാറായിട്ടില്ല. തൃണമൂല്‍ എംപിമാരായ അര്‍പിതാ ഘോഷ്, ശതാബ്ദി റോയ് എന്നിവരും പാര്‍ട്ടി വിട്ടേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. നേരത്തേ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസിലെ രണ്ടാമനായിരുന്ന മുകുള്‍ റോയിയുമായി അടുപ്പമുള്ളവരാണ് ഇപ്പോള്‍ ബിജെപിയിലേക്കു ചായുന്നതെന്നാണു വിവരം.

സൗമിത്ര ഖാനെയും അനുപം ഹസ്രയെയും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പുറത്താക്കിയതായി തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചിട്ടുണ്ട്. ഇരുവര്‍ക്കുമെതിരെ അഴിമതി ആരോപണങ്ങളും ഉയര്‍ന്നിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് ഒരു രാഷ്ട്രീയ പാര്‍ട്ടിയല്ലെന്നും സ്വകാര്യകമ്പനിയാണെന്നും പാര്‍ട്ടി വിട്ട സൗമിത്ര ഖാന്‍ ആരോപിച്ചു. ബംഗാളില്‍ സിന്‍ഡിക്കേറ്റ് രാജും പൊലീസ് രാജുമാണു നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അഴിമതി കേസില്‍ സൗമിത്രയ്‌ക്കെതിരെ കേസെടുത്തതിനു പിന്നാലെയായിരുന്നു അദ്ദേഹം പാര്‍ട്ടി വിട്ടത്. പ്രൈമറി സ്‌കൂള്‍ അധ്യാപികമാരെ നിയമിച്ചതില്‍ സൗമിത്രയ്‌ക്കെതിരെ അഴിമതിയാരോപണം ഉയര്‍ന്നിരുന്നു. സംഭവത്തില്‍ എംപിയുടെ സഹായി സുശാന്ത ധനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ എന്നിവരുമായി ചര്‍ച്ചകള്‍ നടത്തിയശേഷമാണ് സൗമിത്ര ബിജെപിയില്‍ ചേര്‍ന്നതായി അറിയിച്ചത്. അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ ഇദ്ദേഹത്തിന് ബിജെപി സീറ്റ് ഉറപ്പ് നല്‍കിയെന്നാണു വിവരം. ബംഗാളില്‍ മമതാ ബാനര്‍ജിയുടെ കൗണ്ട് ഡൗണ്‍ തുടങ്ങിയതായി ബിജെപി നേതാവ് മുകുള്‍ റോയ് പ്രതികരിച്ചു. നിങ്ങളുടെ എംപിമാരും നിയമസഭാംഗങ്ങളും ഒന്നിനു പിറകേ ഒന്നായി നിങ്ങളെ ഉപേക്ഷിക്കും. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് നിങ്ങളുടെ ദുര്‍ഭരണം അവസാനിപ്പിക്കുമെന്നും മുകുള്‍ റോയ് ട്വിറ്ററില്‍ പ്രതികരിച്ചു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്