Main Menu

ഫുട്ബോളില്‍ ലോകചാംപ്യന്‍മാരോട് ഏറ്റുമുട്ടാനൊരുങ്ങി ഇന്ത്യന്‍ യുവനിര; ഖത്തര്‍ ലോകകപ്പില്‍ ഇന്ത്യയെത്തുമോ; ഉറ്റുനോക്കി കാല്‍പന്ത് ലോകം

കോട്ടിഫ് കപ്പ് ടൂര്‍ണമെന്റില്‍ അര്‍ജന്റീനയെ അട്ടിമറിച്ച ഇന്ത്യന്‍ യുവനിര വീണ്ടും കരുത്തന്‍മാരെ നേരിടാനൊരുങ്ങുന്നു. അര്‍ജന്റീനയെ തോല്‍പിച്ച മത്സരത്തിന് ശേഷം ക്രൊയേഷ്യയില്‍ വെച്ചു നടക്കുന്ന ചതുര്‍രാഷ്ട്ര ടൂര്‍ണമെന്റില്‍ ഇന്ത്യ പങ്കെടുക്കുമെന്ന് ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ കുശാല്‍ ദാസ് അറിയിച്ചിരുന്നു. ഈ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ടീമുകളുടെ വിവരങ്ങള്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പുറത്തു വിട്ടു.

ഇന്ത്യക്ക് പുറമേ ഈ വര്‍ഷം സീനിയര്‍ തല ഫുട്‌ബോളില്‍ ലോകചാംപ്യന്‍മാരായ ഫ്രാന്‍സും രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യയും മറ്റൊരു യൂറോപ്യന്‍ ടീമായ സ്‌ളൊവേനിയയുമാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. എല്ലാ രാജ്യങ്ങളുടെയും അണ്ടര്‍ 19 ടീമുകളാണ് ക്രൊയേഷ്യയില്‍ വെച്ചു നടക്കുന്ന ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. സെപ്തംബര്‍ നാല് മുതല്‍ ഒമ്പത് വരെയാണ് ടൂര്‍ണമെന്റ്. ഇന്ത്യ ഇതു വരെ നേരിട്ടതില്‍ ഏറ്റവും കടുപ്പമേറിയതായിരിക്കും മത്സരം എന്നുറപ്പാണ്.

ലോകകപ്പ് കിരീടം യുവതാരങ്ങളെ വെച്ചു നേടിയ ഫ്രാന്‍സ് ഇപ്പോള്‍ ലോക ഫുട്‌ബോളില്‍ ഏറ്റവും മികച്ച യുവനിര സ്വന്തമായുള്ള ടീമാണ്. പത്തൊന്‍പതുകാരനായ എംബാപ്പെ ടൂര്‍ണമെന്റില്‍ കളിക്കാനിടയില്ലെങ്കിലും ഫ്രഞ്ച് ലീഗിലെയും യൂറോപ്പിലെ വമ്പന്‍ ക്ലബുകളുടെ ബി ടീമിലെയും പല താരങ്ങളും മത്സരത്തില്‍ കളിക്കാനിറങ്ങും. സീനിയര്‍ തലത്തില്‍ ലോകറാങ്കിംഗില്‍ അന്‍പത്തിയാറാം സ്ഥാനത്തുള്ള സ്ലൊവേനിയയും ഇന്ത്യയേക്കാള്‍ വളരെ കരുത്തരാണ്.

View image on Twitter

Indian Football Team-For World Cup@IFTWC

India to play against FRANCE,CROATIA & SLOVENIA!
India is getting recognised even by the European nations.

അതുകൊണ്ട് തന്നെ ഈ ടൂര്‍ണമെന്റ് ഇന്ത്യന്‍ ഫുട്‌ബോളിന്റെ വളര്‍ച്ചക്ക് നിര്‍ണായകമായ ഒന്നായിരിക്കും. 2022ലെ ഖത്തര്‍ ലോകകപ്പ് ലക്ഷ്യം വെച്ച് ഒരു മികച്ച ടീമിനെ വാര്‍ത്തെടുക്കാനുള്ള ശ്രമങ്ങള്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ആരംഭിച്ചുവെന്നാണ് അനുമാനിക്കേണ്ടത്. ഖത്തര്‍ ലോകകപ്പില്‍ പങ്കെടുപ്പിക്കുന്ന ടീമുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ഫിഫക്ക് പദ്ധതിയുള്ളത് കൊണ്ട് കഠിനമായി പരിശീലിച്ചാല്‍ ഇന്ത്യക്കും ഏഷ്യയില്‍ നിന്ന് ലോകകപ്പില്‍ ഒരു ഇടം കണ്ടെത്താന്‍ കഴിയും. അര്‍ജന്റീനക്കെതിരായ വിജയം അതില്‍ ഒരു നിര്‍ണായകമായ ടേണിങ്ങ് പോയിന്റായി എന്ന കാര്യത്തിലും സംശയമില്ല. വരുന്ന ജനുവരിയില്‍ നടക്കുന്ന ഏഷ്യന്‍ കപ്പില്‍ ഇതിന്റെ മുന്നൊരുക്കമെന്ന രീതിയില്‍ യുവതാരങ്ങളെയും സീനിയര്‍ താരങ്ങളെയും അണി നിരത്തി ഒരു ടീമിനെ ഇറക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്

ഇന്ത്യയുടെ അണ്ടര്‍ 20 ടീമാണ് സ്‌പെയിനില്‍ നടന്ന കോര്‍ടിഫ് കപ്പില്‍ ആറ് തവണ ലോകചാംപ്യന്‍മാരായ അര്‍ജന്റീനയെ മട്ടുകുത്തിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ഇന്ത്യന്‍ ജയം. അമ്പതാം മിനിറ്റ് മുതല്‍ പത്ത് പേരെയും വെച്ച് കളിക്കേണ്ടി വന്നെങ്കിലും ഇന്ത്യ ജയം സ്വന്തമാക്കുകയായിരുന്നു.

നാലാം മിനിറ്റില്‍ തന്നെ ഇന്ത്യ ലീഡ് സ്വന്തമാക്കിയിരുന്നു. ടാംഗ്രിയാണ് ഗോള്‍ നേടിയത്. അമ്പതാം മിനിറ്റില്‍ അങ്കിത് ജാവേദ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി. അറുപത്തിയെട്ടാം മിനിറ്റില്‍ അന്‍വര്‍ അലി ഇന്ത്യയുടെ രണ്ടാം ഗോള്‍ നേടിയതോടെ ഇന്ത്യ 20ന് മുന്നിലെത്തി. എഴുപത്തിരണ്ടാം മിനിറ്റില്‍ ആണ് അര്‍ജന്റീന അവരുടെ ആശ്വാസ ഗോള്‍ നേടിയത്. ലോക ഫുടാബോളില്‍ ഇന്ത്യയ്ക്ക് കാര്യമില്ല എന്ന് പരിഹസിച്ചവര്‍ക്കുള്ള ചുട്ട മറുപടിയാണ് ഇന്ത്യയുടെ ചുണക്കുട്ടികള്‍ വിജയത്തിലൂടെ നല്‍കിയത്. ഏഷ്യന്‍ കരുത്തരായ ഇറാഖിനെയും ലാറ്റിനമേരിക്കന്‍ ശക്തിയായ അര്‍ജന്റീനയെയും തോല്‍പിച്ച ഇന്ത്യന്‍ ഫുട്‌ബോളിന് വിജയത്തിളക്കത്തിന്റെ നിമിഷങ്ങളാണ്. ലാറ്റിനമേരിക്കന്‍ ശക്തികള്‍ക്കുമേലുള്ള ആദ്യ ജയത്തോടെ ഇന്ത്യന്‍ ടീമിനെക്കുറിച്ചാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകം ചര്‍ച്ച ചെയ്യുന്നത്.

അണ്ടര്‍ 16 വാഫ് ചാംപ്യന്‍ഷിപ്പില്‍ ജോര്‍ദാനെ 40ത്തിന് തോല്‍പിച്ച ഇന്ത്യയെ ആരും കണക്കിലെടുത്തില്ല. എന്നാല്‍ അണ്ടര്‍ 16 ഏഷ്യന്‍ ചാംപ്യന്‍മാരായ ഇറാഖിനെ മറുപടിയില്ലാത്ത ഒരുഗോളിന് തോല്‍പിച്ചതോടെ കഥ മാറുകയായരുന്നു. ഇറാഖിന്റെ ആക്രമണത്തെയും പ്രതിരോധത്തെയും ഫലപ്രദമായി ചെറുക്കുകയും തകര്‍ക്കുകയും ചെയ്ത ഇന്ത്യ കളിയുടെ ഇഞ്ചുറി ടൈമില്‍ അര്‍ഹിച്ച ജയം നേടി. ഭുവനേഷിന്റെ ഹെഡര്‍ ഏഷ്യന്‍ ചാംപ്യന്‍മാരെ തകര്‍ത്തു. ഗ്രൂപ്പിലെ രണ്ടാം ജയത്തോടെ നോക്കൗട്ടിലേക്കുള്ള സാധ്യത സജീവമാക്കി. ജപ്പാനോട് ഒന്നിനെതിരെ രണ്ടുഗോളിന് തോറ്റ ഇന്ത്യ ഗ്രൂപ്പില്‍ ജപ്പാനു പിന്നില്‍ രണ്ടാം സ്ഥാനത്താണ്.

അണ്ടര്‍ 20കോട്ടിഫ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ ആറുതവണ ലോക കിരീടം നേടിയ അര്‍ജന്റീനയുടെ അണ്ടര്‍ 20 ടീമിനെ കളിയുടെ എല്ലാമേഖലയിലും നിഷ്പ്രഭരാക്കി. മധ്യനിരയിലെ മികച്ച ആസൂത്രണവും മുന്നേറ്റ നിരയുടെ ഫിനിഷിങ്ങും ഗോളി പ്രഭുസുഖന്‍ ഗില്ലിന്റെ മാസ്മരിക പ്രകടനവും ജയത്തില്‍ നിര്‍ണായകമായി. കളിയുടെ നാലാം മിനിറ്റില്‍ നിന്തോയി ദീപക് താങ്കിരി സഖ്യത്തിന്റെ ആക്രമണത്തിന്റെ ഫലമായിരുന്നു താങ്കിരിയുടെ ഗോള്‍. 50ാം മനിറ്റില്‍ ഇന്ത്യയ്ക്ക് അനികേത് യാദവിനെ നഷ്ടമായ സമയത്ത് അര്‍ജന്റീന ആവേശത്തിലായിരുന്നു. 56ാം മിനിറ്റിലും 61ാം മിനിറ്റിലും അര്‍ജന്റീനയുടെ രണ്ട് ഗോള്‍ ശ്രമങ്ങള്‍ ഇന്ത്യന്‍ ഗോളി ഗില്‍ തട്ടിയകറ്റി. 68ാം മിനിറ്റില്‍ ലഭിച്ച ഫ്രീകിക്ക് അന്‍വര്‍ അലി അര്‍ജന്റീനയുടെ വലയിലാക്കിയതോടെ കളി ഇന്ത്യന്‍ വരുതിയിലായി. 72ാം മിനിറ്റില്‍ ഒരു ഗോള്‍ നേടി അര്‍ജന്റീന ആശ്വസിച്ചു.

അര്‍ജന്റീയെ തോല്‍പിച്ചെങ്കിലും കോട്ടിഫ് കപ്പില്‍ ഇന്ത്യയുടെ പോരാട്ടം അവസാനിച്ചു. വെനസ്വേലയോടെ ഗോള്‍രഹിത സമനില പിടിച്ച ഇന്ത്യ മൗരിറ്റാനയോട് എതിരില്ലാത്ത മൂന്ന് ഗോളിന് തോറ്റു. മര്‍സിയാനയോട് എതിരില്ലാത്ത രണ്ടു ഗോളിന് തോറ്റു. എന്നാല്‍ ഗ്രൂപ്പിലെ ശക്തന്മാര്‍ക്കെതിരെ അമ്പരിപ്പിക്കുന്ന ജയം സ്വന്തമാക്കി രാജ്യാന്തര ഫുട്‌ബോളിന്റെ ശ്രദ്ധ ഇന്ത്യയിലേക്ക് എത്തിച്ചു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്