Main Menu

പ്രവാസികള്‍ക്ക് ഇരുട്ടടി നല്‍കി എയര്‍ ഇന്ത്യ; വിമാനത്തില്‍ സ്‌ട്രെച്ചറില്‍ കൊണ്ടു പോകേണ്ട രോഗികളുടെ ടിക്കറ്റ് നിരക്ക് ഉയര്‍ത്തി

ദുബൈ: അസുഖ ബാധിതരായി നാട്ടിലേക്ക് പോകേണ്ടി വരുന്ന പ്രവാസികളെയും ബന്ധുക്കളെയും ദുരിതത്തിലാക്കി എയര്‍ ഇന്ത്യ. സ്‌ട്രെച്ചറില്‍ വിമാനത്തില്‍ കൊണ്ടുപോകേണ്ട രോഗികളുടെ ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തിയാണ് എയര്‍ ഇന്ത്യ ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുന്നത്. നേരത്തെ 7,500 മുതല്‍ പതിനായിരം ദര്‍ഹം വരെയുണ്ടായിരുന്നത് ഇപ്പോള്‍ 25,000 മുതല്‍ 30,000 ദര്‍ഹം വരെയാണ് ഒറ്റയടിക്ക് വര്‍ധിപ്പിച്ചത്. ഈ മാസം 20 മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നതായി അധികൃതര്‍ അറിയിച്ചു. മൂന്നിരട്ടിയിലേറെ നിരക്കാണ് ഒറ്റയിരിപ്പില്‍ വര്‍ധിപ്പിച്ചത് ഇത് അസുഖ ബാധിതരായി നാട്ടില്‍ പോകേണ്ടി വരുന്ന പാവപ്പെട്ട രോഗികള്‍ക്ക് ഇരുട്ടടിയാകും.

വിദേശത്ത് മരണപ്പെട്ട പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുന്ന പ്രവാസി സൗഹൃദ കൂട്ടായ്മകളെയും എയര്‍ ഇന്ത്യയുടെ ഈ നീക്കം പ്രതിസന്ധിയിലാക്കും. മിഡില്‍ ഈസ്റ്റിലെ ഇന്ത്യന്‍ പ്രവാസികള്‍ അധികവും യാത്രക്കായി എയര്‍ ഇന്ത്യയെ ആശ്രയിക്കുന്നത് മറ്റു എയര്‍ലൈനുകളില്‍ നിന്നും താരതമ്യേന നിരക്ക് കുറവായതിനാലാണ്. എന്നാല്‍ ഇത്തരത്തിലൊരു വര്‍ധനവ് നടപ്പിലാക്കുകയാണെങ്കില്‍ പ്രവാസികള്‍ക്ക് അത് വന്‍ തിരിച്ചടിയാകും.

എയര്‍ ഇന്ത്യ വീണ്ടും നിരക്ക് വര്‍ധനവിനൊരുങ്ങുന്നുവെന്ന വിവരം പുറത്ത് വന്നതോടുകൂടി വിവിധ പ്രവാസി സംഘടനകള്‍ നീക്കത്തിനെതിരെ എതിര്‍പ്പുമായി രംഗത്ത് വന്നിട്ടുണ്ട്. മൂന്നു വര്‍ഷം മുമ്പ് ഇത്തരത്തില്‍ ഒരു നിരക്ക് വര്‍ധനവിന് എയര്‍ ഇന്ത്യ ശ്രമം നടത്തിയിരുന്നെങ്കിലും പ്രവാസി സംഘടനകളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിക്കുകയായിരുന്നു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്