Main Menu

പ്രവാസികള്‍ക്ക് ആശ്വാസം; സമ്പൂര്‍ണ സ്വദേശിവത്ക്കരണം 70 ശതമാനമായി കുറയ്ക്കുന്നു

ജിദ്ദ: സഊദിയില്‍ പുതുതായി സമ്പൂര്‍ണ സ്വദേശിവത്ക്കരണം നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ച 12 മേഖലകളില്‍ 70 ശതമാനമായി കുറയ്ക്കുന്നതിനെ കുറിച്ച് തൊഴില്‍ സാമൂഹിക മന്ത്രാലയം പഠനം നടത്തുന്നു.

ഇതിനു പുറമെ ഒപിറ്റിക്കല്‍ ടെക്‌നീഷ്യന്‍, കാര്‍ മെക്കാനിക്ക്, വാച്ച് ടെക്‌നീഷ്യന്‍, ഇലക്ട്രിക് ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ നന്നാക്കുന്ന സാങ്കേതിക വിദഗ്ധര്‍, ടെലര്‍, പാചകക്കാരന്‍, പലഹാര നിര്‍മാണ വിദഗ്ധന്‍ പോലെ സാങ്കേതിക വൈദഗ്ധ്യം ആവശ്യമുള്ള തൊഴിലാളികളെ വ്യവസ്ഥകള്‍ക്ക് വിധേയമായി സ്വദേശിവത്ക്കരണത്തില്‍ നിന്ന് ഒഴിവാക്കുമെന്നും ഇതു സംബന്ധിച്ച് പുറത്തിറക്കിയ കരടു ഗൈഡില്‍ മന്ത്രാലയം വ്യക്തമാക്കി.

പന്ത്രണ്ടു മേഖലകളിലെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികള്‍ക്കും ഏറെ ആശ്വാസം പകരുന്നതാണ് മന്ത്രാലയത്തിന്റെ പുതിയ നീക്കം. അതിനിടെ പുതിയ സ്വദേശിവത്ക്കരണ പദ്ധതിയുടെ മെക്കാനിസം വിവരിക്കുന്ന ഡ്രാഫ്റ്റ് തൊഴില്‍ സാമൂഹിക ക്ഷേമ വകുപ്പ് പുറത്തുവിട്ടു.

അവ ഇപ്രകാരമാണ്-

ഒരു ജീവനക്കാരന്‍ മാത്രമുള്ള സ്ഥാപനങ്ങളില്‍ സഊദികള്‍ക്കു മാത്രമാണ് ജോലി ചെയ്യുന്നതിന് അനുമതിയുണ്ടാവുക. രണ്ടു ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ ഒരു സഊദിയും മൂന്നും നാലും ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ രണ്ടു പേര്‍ സഊദികളായിരിക്കണം. അഞ്ചു തൊഴിലാളികളില്‍ മൂന്നു സഊദികളും ആറും ഏഴും തൊഴിലാളികളില്‍ നാലു പേര്‍ സഊദികള്‍ എന്നിങ്ങനെയാണു നിയമനം നടത്തേണ്ടത്.

സ്ഥാപനങ്ങളുടെ പ്രവൃത്തി സമയത്ത് വിദേശികള്‍ ഒറ്റക്ക് ജോലി ചെയ്യുന്നതായി കണ്ടെത്തുകയോ ഗൈഡില്‍ അനുശാസിക്കുന്നതു പോലെ മുപ്പതു ശതമാനത്തില്‍ കൂടുതല്‍ വിദേശികള്‍ ജോലി ചെയ്യുന്നതായി കണ്ടെത്തുകയോ ചെയ്താല്‍ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തും.

സ്ഥിരമായി ചുരുങ്ങിയത് ഒരു സഊദി ജീവനക്കാരനെങ്കിലും ഇല്ലാതെ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് ഒരു സാഹചര്യത്തിലും അനുവദിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

എന്നാല്‍ സഊദി ജീവനക്കാരുടെ എണ്ണം പത്തില്‍ കുറയാത്ത സ്ഥാപനങ്ങളില്‍ സ്വദേശിവത്ക്കണം നടപ്പാക്കുന്നതു മുതല്‍ ആറു മാസക്കാലത്തേക്ക് സെയില്‍സ് മാനേജറായി ഒരു വിദേശിയെ നിയമിക്കുന്നതിന് അനുവദിക്കും. അഞ്ചില്‍ കുറവ് ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ കയറ്റിറക്ക് ശുചീകരണ ജോലികള്‍ക്ക് ഒരു വിദേശിയെ നിയമിക്കുന്നതിനും അനുവാദമുണ്ട്.

പുതുതായി 12 മേഖലഖില്‍ കൂടി സമ്പൂര്‍ണ സ്വദേശിവത്ക്കണം നിര്‍ബന്ധമാക്കുന്നതിനുള്ള തീരുമാനം കഴിഞ്ഞ ജനുവരി 29ന് ആണ് തൊഴില്‍ സാമൂഹിക മന്ത്രാലയം പ്രഖ്യാപിച്ചത്. സെപ്തംബര്‍ 11 മുതല്‍ മൂന്നു ഘട്ടങ്ങളിലായി ഇതു നടപ്പാക്കുമെന്നും മന്ത്രാലയം നേരത്തെ തന്നെ അറിയിച്ചിരുന്നു.

രണ്ടാംഘട്ടത്തില്‍ നവംബര്‍ ഒമ്പതു മുതല്‍ ഇലക്ട്രിക്, ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ വില്‍ക്കുന്ന കടകള്‍, വാച്ച് കടകള്‍, കണ്ണട ഷോപ്പുകള്‍ എന്നിവ കൂടി ഉള്‍പ്പെടും. അവസാനഘട്ടമായ 2019 ജനുവരി ഏഴിന് മെഡിക്കല്‍ ഉപകരണങ്ങള്‍ വില്‍ക്കുന്ന കടകള്‍, പലഹാര വില്‍പ്പന കടകള്‍ വാഹന സ്‌പെയര്‍ പാര്‍ട്‌സ് വില്‍പ്പന ഷോറൂമുകള്‍, ബില്‍ഡിങ്, നിര്‍മ്മാണ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍, എല്ലാ തരം കാര്‍പ്പറ്റ് വില്‍പ്പന കടകള്‍, സപ്ലൈ കടകള്‍, വീട്ടുപകരണ വില്‍പ്പന കടകള്‍ എന്നിങ്ങനെ പന്ത്രണ്ടു വിഭാഗങ്ങളിലാണ് സഊദിവത്ക്കരണം പ്രഖ്യാപിച്ചത്.

മൊബൈല്‍ കടകള്‍, സ്വര്‍ണക്കടകള്‍ തുടങ്ങി വിവിധ ഷോപ്പുകളില്‍ പൂര്‍ണ സഊദിവത്ക്കരണം നടപ്പിലാക്കിയതിനു പിന്നാലെയാണു കൂടുതല്‍ മേഖലകളിലേക്ക് മന്ത്രാലയം തിരിയുന്നത്.Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്