Main Menu

പ്രളയബാധിതര്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പലിശ രഹിത വായ്പാ സഹായം വൈകും; പ്രത്യേക അനുമതി വേണമെന്ന് ബാങ്കുകള്‍

പ്രളയത്തില്‍ ഗൃഹോപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് പുതിയത് വാങ്ങാനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒരുലക്ഷം രൂപയുടെ വായ്പ ദുരിത ബാധിതരുടെ കൈയ്യിലേക്ക് എത്തിച്ചേരാന്‍ ഇനിയും കാലതാമസം എടുക്കും എന്ന് റിപ്പോര്‍ട്ട്. 9 ശതമാനം പലിശനിരക്കില്‍ വായ്പ നല്‍കണമെങ്കില്‍ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് പ്രത്യേക അനുമതി വേണമെന്ന് ബാങ്കുകള്‍ സര്‍ക്കാരിനെ അറിയിച്ചു. കുടുംബശ്രീയില്‍ അംഗങ്ങളായവര്‍ക്ക് മാത്രം വായ്പ ലഭിക്കുന്ന തരത്തിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

9 ശതമാനം പലിശയ്ക്ക് ഒരുലക്ഷം രൂപവരെ വായ്പ നല്‍കാനാണ് ബാങ്കുകള്‍ തീരുമാനിച്ചിരിക്കുന്നത്. പലിശ സര്‍ക്കാര്‍ വഹിക്കും എന്നായിരുന്നു പ്രഖ്യാപനം. നിലവില്‍ സ്വയംസഹായസംഘങ്ങള്‍ക്ക് 10 മുതല്‍ 12 ശതമാനം വരെ പലിശയ്ക്കാണ് വായ്പ നല്‍കുന്നത്. പക്ഷേ ഈ പലിശനിരക്ക് 9 ശതമാനത്തിലേക്ക് താഴ്ത്താന്‍ ഡയറക്ടര്‍ ബോര്‍ഡ് അനുമതി വേണം. കുടുംബശ്രീ ഡയറക്ടറെ ബാങ്കേഴ്‌സ് സമിതി ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ഈ മാസം അവസാനത്തോടെയേ പല ബാങ്കുകളുടെയും ബോര്‍ഡ് യോഗം ചേരൂ. കാലതാമസം ഒഴിവാക്കാന്‍ കുടുംബശ്രീ ഡയറക്ടര്‍ നേരിട്ട് ബാങ്ക് ചെയര്‍മാന്‍മാര്‍ക്ക് കത്തയക്കണമെന്ന നിര്‍ദേശവും ബാങ്കേഴ്‌സ് സമിതി മുന്നോട്ടുവച്ചിട്ടുണ്ട്. എന്നാല്‍ സഹകരണബാങ്കുകള്‍ ഇത് ബാധകമല്ല.

കുടുംബശ്രീ വഴിയല്ലാതെയും ഒരു ലക്ഷം രൂപവായ്പ എടുക്കാമെന്നായിരുന്നു സര്‍ക്കാര്‍ വാഗ്ദാനം. എന്നാല്‍ കുടുംബശ്രീ വഴിയല്ലാതെ സമീപിക്കുന്നവര്‍ക്ക് 9 ശതമാനം പലിശനിരക്കില്‍ വായ്പ അനുവദിക്കാനാവില്ലെന്നും ബാങ്കുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ അംഗങ്ങളല്ലാത്തവര്‍ക്ക് ആനുകൂല്യം ലഭിക്കുന്നതിനായി കുടുംബശ്രീയില്‍ ചേരാം. എന്നാല്‍ ഒരുമാസം തുടര്‍ച്ചയായി അയല്‍ക്കൂട്ട യോഗങ്ങളില്‍ പങ്കെടുക്കണം. പുതുതായി കുടുംബശ്രീയില്‍ അംഗങ്ങളാകുന്നവര്‍ക്കും ആനുകൂല്യം ലഭിക്കുന്നതിന് ഡിസംബര്‍ 31 വരെ വായ്പകള്‍ക്കുള്ള അപേക്ഷ സ്വീകരിക്കാനും ബാങ്കേഴ്‌സ് സമിതി തീരുമാനിച്ചു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്