Main Menu

പ്രളയക്കെടുതിയില്‍ വലഞ്ഞവരെ സഹായിക്കാന്‍ ഓടിനടന്നു; ഒടുവില്‍ മരണം വന്ന് വിളിച്ചപ്പോള്‍ പറന്നകന്നു; കേരളം മറക്കില്ല ഇവരെ

ആലപ്പുഴ: പ്രളയക്കെടുതിയില്‍ വലഞ്ഞവരെ സഹായിക്കാന്‍ മുന്‍പന്തിയില്‍ നിന്നവരായിരുന്നു അവര്‍. വേണ്ട സഹായങ്ങളെത്തിച്ച ശേഷം ആ നാല് പേരും വിടവാങ്ങി. രക്ഷാപ്രവര്‍ത്തനങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സഹായമെത്തിക്കുന്നതിലും മുന്‍പന്തിയിലുണ്ടായിരുന്ന ചെന്നിത്തല സ്വദേശികളായ അനീഷ് (36), വി.കെ.മോഹനന്‍ (57), വയലാര്‍ സ്വദേശി വിനോദ് (32), കൂത്താട്ടുകളും സ്വദേശി അമല്‍ സ്‌കറിയ (29) എന്നിവരാണ് മരിച്ചത്.

ആലപ്പുഴ ചെന്നിത്തലയില്‍ ദുരിതാശ്വാസ ക്യാംപിലേക്കു പച്ചക്കറി വാങ്ങാന്‍ വള്ളത്തില്‍ പോകവേ രണ്ടു ദിവസം മുന്‍പു കാണാതായതാണ് കരസേനാ ഉദ്യോഗസ്ഥനായ ചെന്നിത്തല പടിഞ്ഞാറെവഴി നാമങ്കരി പുത്തന്‍വീട്ടില്‍ അനീഷിനെയും വി.കെ.മോഹനനെയും. ചെന്നിത്തല മഹാത്മാ എച്ച്എസ്എസിലെ ദുരിതാശ്വാസ ക്യാംപിലായിരുന്നു ഇരുവരും. 18നാണ് ക്യാംപിലേക്കു പച്ചക്കറി വാങ്ങാന്‍ വള്ളത്തില്‍ പള്ളിപ്പാടേക്കു പോയത്. ഇവര്‍ സഞ്ചരിച്ച വള്ളം നാമങ്കരി ഭാഗത്തു കണ്ടെങ്കിലും ഇരുവരെക്കുറിച്ചും വിവരമില്ലായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് ഈ ഭാഗത്തുനിന്ന് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. ഇരുവരുടെയും സംസ്‌കാരം പിന്നീട് നടക്കും. അനീഷിന്റെ ഭാര്യ: സേതു. മകന്‍: സിദ്ധാര്‍ഥന്‍. മോഹനന്റെ ഭാര്യ: സരള. മക്കള്‍: ദീപു, വിദ്യ.

ചേര്‍ത്തലയില്‍ ദുരിതാശ്വാസ ക്യാംപില്‍ ഭക്ഷണം എത്തിച്ചു മടങ്ങിയ വയലാര്‍ കൊല്ലപ്പള്ളി മുക്കുടിതറയില്‍ വിനോദ് വാഹനാപകടത്തിലാണ് മരിച്ചത്. വിനോദും സംഘവും സഞ്ചരിച്ച കാര്‍ തിങ്കളാഴ്ച രാത്രി കണ്ണങ്കര അഴീക്കോടന്‍ കവലയ്ക്കു സമീപത്ത് അപകടത്തില്‍പെടുകയായിരുന്നു. കണ്ണങ്കര സെന്റ് മാത്യൂസ് ഹൈസ്‌കൂളിലെ ക്യാംപിലുള്ളവര്‍ക്കു ഭക്ഷണപ്പൊതികള്‍ എത്തിച്ച ശേഷം മടങ്ങുമ്പോള്‍ നായ്ക്കള്‍ കൂട്ടത്തോടെ വന്നപ്പോള്‍ പെട്ടെന്നു നിര്‍ത്താന്‍ ശ്രമിച്ച കാര്‍ നിയന്ത്രണം വിട്ട് സമീപത്തെ മതിലില്‍ ഇടിച്ചു. മുന്‍സീറ്റില്‍ ഇരിക്കുകയായിരുന്ന വിനോദ് വാതില്‍ തുറന്ന് പുറത്തേക്കു തെറിച്ചു സര്‍വേക്കല്ലില്‍ തലഇടിച്ചുവീണു. ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

കാറിലുണ്ടായിരുന്ന കൊല്ലപ്പള്ളി കുത്തോട്ടുചിറയില്‍ കെ.എച്ച്.സുധീഷിനെ (30) തലയ്ക്കു സാരമായ പരുക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ ഓടിച്ചിരുന്ന കളവംകോടം കുറ്റാരത്തില്‍ കെ.എസ്.സജിത്, സഹോദരന്‍ രാജേഷ് എന്നിവര്‍ക്കു നിസ്സാര പരുക്കുണ്ട്. അരൂരിലെ സീഫുഡ് കമ്പനി ജീവനക്കാരനായ വിനോദ്, നാട്ടിലെ പൊതുപ്രവര്‍ത്തനത്തില്‍ സജീവ സാന്നിധ്യമായിരുന്നു. ഇന്നലെ രാവിലെ കൂടുതല്‍ ഭക്ഷണപ്പൊതികള്‍ തയാറാക്കി നല്‍കാന്‍ അയല്‍വീട്ടുകാരോട് വിനോദ് ആവശ്യപ്പെട്ടിരുന്നു. സംസ്‌കാരം നടത്തി. ഭാര്യ: രേഷ്മ. മകള്‍: ആരാധ്യ.

ദുരിതാശ്വാസ ക്യാംപുകളില്‍ സഹായം എത്തിക്കുന്നതില്‍ വ്യാപൃതനായിരുന്ന കൂത്താട്ടുകളും ആറൂര്‍ ചാന്ത്യംകവല തകിടിയില്‍ അമല്‍ സ്‌കറിയ (ഉണ്ണി-29) തളര്‍ന്നുവീണു മരിക്കുകയായിരുന്നു. റിട്ട. എസ്‌ഐ സ്‌കറിയയുടെയും ശാന്തയുടെയും മകനാണ്. സിന്‍ഡിക്കറ്റ് ബാങ്ക് പെരുമ്പാവൂര്‍ ശാഖയിലെ ജീവനക്കാരനാണ്.Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്