Main Menu

പ്രളയം തകര്‍ത്ത റോഡുകളുടെയും പാലങ്ങളുടെയും പുനര്‍നിര്‍മാണത്തിന് 5815.25 കോടി രൂപ വേണം; നന്നാക്കിയെടുക്കാന്‍ വേണ്ടത് ഒന്നര വര്‍ഷം 

തിരുവനന്തപുരം: പ്രളയം തകര്‍ത്ത റോഡുകളുടെയും പാലങ്ങളുടെയും പുനര്‍നിര്‍മാണത്തിന് 5815.25 കോടി രൂപ വേണമെന്ന് പൊതുമരാമത്ത് വകുപ്പിന്റെ കണക്കുകൂട്ടല്‍. റോഡുകളും പാലങ്ങളും പൂര്‍ണമായി നന്നാക്കിയെടുക്കാന്‍ ഒന്നര വര്‍ഷം വേണ്ടിവരും. മൊത്തം 34,732 കിലോമീറ്റര്‍ റോഡ് ആണു തകര്‍ന്നത്. 218 പാലങ്ങള്‍ക്കു കേടുപാടുകളുണ്ട്. കോട്ടയം, പത്തനംതിട്ട, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണു കൂടുതല്‍ നാശം.

അടിയന്തരമായി നടത്തേണ്ട അറ്റകുറ്റപ്പണികള്‍ക്കായി 1000 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. നിലവിലുള്ള റോഡ് വികസനപദ്ധതികളെ ബാധിക്കാതെ 5000 കോടിയിലേറെ ഇനിയും കണ്ടെത്തുകയെന്നതാണ് വെല്ലുവിളി. പ്രളയത്തില്‍ ഏറ്റവുമധികം സാമ്പത്തിക നഷ്ടമുണ്ടായതു മരാമത്തു വകുപ്പിനാണ്. ചെറിയ റോഡുകള്‍ മുതല്‍ സംസ്ഥാന പാതകള്‍ വരെയുള്ളവയുടെ പുനര്‍നിര്‍മാണത്തിനു 4978.08 കോടി രൂപ വേണം. ദേശീയപാതകള്‍ നന്നാക്കിയെടുക്കാന്‍ 533.78 കോടി രൂപ. തകര്‍ന്ന പാലങ്ങള്‍ നന്നാക്കാന്‍ 293.3 കോടിയും സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കു 10.09 കോടിയും വേണം.

പ്രളയത്തെത്തുടര്‍ന്നു റോഡുകളില്‍ അടിഞ്ഞ മാലിന്യങ്ങള്‍ നീക്കാന്‍ മാത്രം അഞ്ചുകോടിയോളം രൂപ മരാമത്തു വകുപ്പ് ഇതുവരെ ചെലവഴിച്ചു. ഉരുള്‍പൊട്ടലില്‍ 25 ഇടങ്ങളില്‍ റോഡ് തകര്‍ന്നു. ഇവിടെ പാറയും ചെളിയും നീക്കാന്‍ 18 കോടി രൂപ വേണ്ടിവന്നു.

5774 കിലോമീറ്റര്‍ റോഡിലെ കുഴികള്‍ നികത്താന്‍ മാത്രം 368 കോടി രൂപ വേണം. വെള്ളക്കെട്ടു മൂലം ഭാവിയില്‍ റോഡുകള്‍ തകരാതിരിക്കാന്‍ 196 കോടി രൂപ ചെലവില്‍ അഴുക്കുചാലുകള്‍ നിര്‍മിക്കും.

അതേസമയം ശക്തമായ മഴ പെയ്യുമെന്നു ചൂണ്ടിക്കാട്ടി ശനിയാഴ്ച കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച മുന്നറിയിപ്പ് പിന്‍വലിച്ചു. അടുത്ത അഞ്ചു ദിവസം ശക്തമായ മഴയ്ക്കു സാധ്യതയില്ല. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിച്ച കാലാവസ്ഥാ മുന്നറിയിപ്പുകളും പിന്‍വലിച്ചതായി അധികൃതര്‍ അറിയിച്ചു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്