Main Menu

പ്രളയം തകര്‍ത്ത കേരളത്തിന് കൈത്താങ്ങാകാന്‍ സഹായമഭ്യര്‍ഥിച്ച് സര്‍ക്കാരിന്റെ വീഡിയോ

തിരുവനന്തപുരം: പ്രളയ ദുരന്തത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായ അഭ്യര്‍ഥനയുമായി സര്‍ക്കാരിന്റെ വീഡിയോ. കേരളത്തെ പ്രളയവ്യാധിയില്‍ നിന്ന് കരകയറ്റാന്‍ ഒരുമിച്ച് നിന്ന് സഹായിക്കാം എന്ന സന്ദേശമാണ് വീഡിയോ നല്‍കുന്നത്. ഒപ്പം പ്രളയത്തില്‍ കേരളം നേരിട്ട ദുരിതങ്ങളും വീഡിയോയിലുണ്ട്.

സമീപ ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയത്തിലൂടെയാണ് കേരളം കടന്നുപോകുന്നത്. 1924ലാണ് ഇത്ര ഭീകരമായി പ്രളയം കേരളത്തെ വിഴുങ്ങിയത്.

പ്രളയം എന്ന മഹാദുരന്തത്തെ കേരളം ഒറ്റക്കെട്ടായാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ ശാന്തമായിക്കൊണ്ടിരിക്കുന്നുണ്ടെങ്കിലും കഴിഞ്ഞുപോയ ദിവസങ്ങള്‍ ഓരോ കേരളീയനും ഒരിക്കലും മറക്കാന്‍ കഴിയാത്തവയാണ്.

മഴ കനത്ത് പെയ്തതോടെ 44 നദികളിലും വെള്ളം കുത്തിയൊഴുകി. ഒട്ടനവധി വീടുകള്‍ വെള്ളത്തിനടിയിലായി. പല വീടുകളും പൂര്‍ണമായോ ഭാഗികമായോ തകര്‍ന്നടിഞ്ഞു. വ്യാപകമായ നാശനഷ്ടങ്ങളുണ്ടായി. മുന്നൂറിലധികം പേര്‍ക്ക് ജീവന്‍ പൊലിഞ്ഞ ഈ പ്രളയത്തില്‍ നിരവധി പക്ഷിമൃഗാദികളും, കണക്കാക്കാന്‍ പറ്റാത്തിടത്തോളം കൃഷിയും നഷ്ടമായി. റോഡുകളും പാലങ്ങളും തകര്‍ന്നുപോയി. റോഡ്-റെയില്‍ ഗതാഗതത്തെ മഴയും പ്രളയവും സാരമായി ബാധിച്ചു. നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം അടച്ചു. വൈദ്യുതി മിക്കയിടത്തും നിലച്ചു.

അണക്കെട്ടുകളില്‍ ജലനിരപ്പ് പരിധി വിട്ട് ഉയര്‍ന്നു. 33 അണക്കെട്ടുകള്‍ തുറന്നുവിട്ടു. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യത്തെ സംഭവമായിരുന്നു ഇത്. 87 സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി.

രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യമെത്തി. ബോട്ടുകളുമായി മത്സ്യത്തൊഴിലാളികളും രക്ഷാപ്രവര്‍ത്തനത്തില്‍ വലിയ പങ്ക് വഹിച്ചു. സൈന്യവും, എന്‍ഡിആര്‍എഫും ഫയര്‍ഫോഴ്‌സും രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി നടത്തി.

ഒട്ടനവധി ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ഭക്ഷ്യവസ്തുക്കളും ശുദ്ധജലവും കിട്ടാതെ പലരും മൂന്നും നാലും ദിവസങ്ങളോളം വീടുകളുടെ മുകളിലത്തെ നിലകളിലും മറ്റും കഴിച്ചുകൂട്ടി. ഹെലികോപ്റ്റര്‍ മാര്‍ഗമാണ് പലരെയും പുറത്തെത്തിച്ച് ക്യാമ്പുകളിലേക്ക് മാറ്റിയത്. മറ്റ് ചിലരെ ബോട്ടുമാര്‍ഗവും മറ്റും രക്ഷപ്പെടുത്തി.

സമാനതകളില്ലാത്ത ദുരിതമാണ് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും പ്രളയജലമിറങ്ങിയപ്പോള്‍ കണ്ടത്. പൊട്ടിപ്പൊളിഞ്ഞ വീടിന്റെ അവശിഷ്ടങ്ങള്‍ മാത്രമാണ് പലര്‍ക്കും ബാക്കി കിട്ടിയത്.Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്