Main Menu

പ്രതിരോധ മരുന്ന് കഴിക്കാത്തത് എലിപ്പനി മരണസംഖ്യ കൂട്ടിയെന്ന് ആരോഗ്യമന്ത്രി; ജനങ്ങള്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കെ.കെ.ശൈലജ

കോഴിക്കോട്: പ്രതിരോധ മരുന്ന് കഴിക്കാത്തത് എലിപ്പനി മരണസംഖ്യ കൂട്ടിയെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. പ്രതിരോധ മരുന്നിന് സംസ്ഥാനത്ത് ക്ഷാമമില്ല. ജനങ്ങള്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കെ.കെ.ശൈല പറഞ്ഞു. രക്ഷാപ്രവര്‍ത്തകര്‍ക്ക് കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ഇത് പാലിക്കാത്തതാണ് സ്ഥിതി ഗുരുതരമാക്കിയതെന്നും മന്ത്രി പറഞ്ഞു.

അതേസമയം എലിപ്പനി ബാധിച്ച് സംസ്ഥാനത്ത് ഇന്ന് അഞ്ച് പേർ കൂടി മരിച്ചു. പത്തനംതിട്ട റാന്നി സ്വദേശിയ രഞ്ജു, കോഴിക്കോട് എരഞ്ഞിക്കൽ സ്വദേശി അനില്‍ കുമാർ(54), വടകര സ്വദേശിനി നാരായണി(80), തൊടുപുഴ ഒളമറ്റം സ്വദേശി ജോസഫ് മാത്യു(58), കല്ലായ് അശ്വനി ഹൗസില്‍ രവി(59) എന്നിവരാണ് ഇന്ന് മരിച്ചത്.

കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് ജോസഫ് മാത്യു മരിച്ചത്. പ്രളയബാധിത പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങള്‍ക്കിറങ്ങിയവരാണു രഞ്ജുവും അനില്‍ കുമാറും. ഞായറാഴ്ച സംസ്ഥാനത്ത് പത്തുപേരാണ് എലിപ്പനി ബാധിച്ചു മരിച്ചത്. കോഴിക്കോട് ജില്ലയിൽ ഇന്ന് മൂന്നുപേർ മരിച്ചു.

ഇതോടെ നാലു ദിവസത്തിനിടെ എലിപ്പനി ബാധയിൽ മരിച്ചവരുടെ എണ്ണം 35 ആയി. വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ച 68 പേരിൽ 33 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗലക്ഷണങ്ങളോടെ 54 പേർ ചികിൽസയിലുണ്ട്. ഇന്നലെ മാത്രം 32 പേരെ പ്രവേശിപ്പിച്ചു. ഇതുവരെ 14 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. മലപ്പുറത്ത് ഒരു മാസത്തിനിടെ മരിച്ചരുടെ എണ്ണം ഏഴായി. 14 പേർക്കു രോഗം സ്ഥിരീകരിച്ചു; 44 പേർക്കു കൂടി സംശയിക്കുന്നു. ആലപ്പുഴയിൽ മൂന്നു പേർക്കും കോട്ടയത്തു രണ്ടുപേർക്കും കാസർകോട്ട് ഒരാൾക്കും കൂടി രോഗം സ്ഥിരീകരിച്ചു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്