രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയുടെ കാലാവധി ഇന്നവസാനിക്കും. പതിനാലാം രാഷ്ട്രപതിയായി രാം നാഥ് കോവിന്ദ് നാളെയാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുക. ഇന്നലെ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടന്ന പരിപാടിയില്‍ പ്രണബ് മുഖര്‍ജിക്ക് ഔദ്യോഗിക യാത്രയയപ്പ് നല്‍കിയിരുന്നു.

രാജ്യത്തിന്റെ 13 -മത് രാഷ്ട്രപതിയായി 2012 ജൂലൈ 25നാണ് പ്രണബ് കുമാര്‍ മുഖര്‍ജി അധികാരമേറ്റത്. മന്‍മോഹന്‍ സിങിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരില്‍ ആഭ്യന്തരം, ധനകാര്യം, വിദേശകാര്യം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്തും നാല്‍പത് വര്‍ഷത്തിന് മേല്‍ പാര്‍ലമെന്റ് അംഗമായതിന്റെയും അനുഭവ സമ്പത്തുമായാണ് പ്രണബ് രാഷ്ട്രത്തിന്റെ പ്രഥമ പൌരനായത്.

കാലാവധി പൂര്‍ത്തിയാക്കുന്ന പ്രണബ് മുഖര്‍ജിക്ക് ഇന്നലെ പാര്‍ലമെന്റില്‍ എംപിമാര്‍ യാത്രയപ്പ് നല്‍കി. ഔദ്യോഗിക ജീവിതത്തില്‍ സ്വാധീനം ചെലുത്തിയ വ്യക്തികളെയു സന്ദര്‍ഭങ്ങളെയും സ്മരിച്ചായിരുന്നു അദ്ദഹത്തിന്റെ വിടവാങ്ങല്‍ പ്രസംഗം.

പുതിയ രാഷ്ട്രപതി രാം നാഥ് കോവിന്ദ് നാളെ അധികാരമേല്‍ക്കും. സത്യപ്രതിജ്ഞക്ക് മുമ്പ് രാഷ്ട്രപതി ഭവനിലെത്തി രാം നാഥ് കോവിന്ദ് പ്രണബ് മുഖര്‍ജിയെ കാണും. ഇരുവർക്കും അംഗരക്ഷകർ ഒരുമിച്ചു സല്യൂട്ട് നൽകും.

ശേഷം രാഷ്‌ട്രപതിയുടെ ഔദ്യോഗിക വാഹനത്തിൽ രാംനാഥ് കോവിന്ദ് പാർലമെന്റ് ഹൗസിലെത്തി, സുപ്രിം കോടതി ചീഫ് ജസ്റ്റിസിന് മുന്നില്‍ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേല്‍ക്കും. തുടര്‍ന്ന് രാംനാഥ് കോവിന്ദിനെ രാഷ്‌ട്രപതി ഭവനിലേക്ക് ആനയിക്കുന്നതോടെ പ്രണബ് മുഖര്‍ജി ഔദ്യോഗികമായി പടിയിറങ്ങും.