അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഹസ്തദാനം പ്രശസ്തമാണ്. വൃത്തിയൊക്കെ നോക്കിയേ ട്രംപ് എത്ര വലിയ നേതാവായും ഹസ്തദാനം ചെയ്യൂവെന്നൊക്കെയാണ് പറയപ്പെടുന്നത്. കൈ കൊടുത്താലോ വലിച്ച് തന്നിലേക്ക് അടുപ്പിച്ച് കുറച്ച് നേരം കുലുക്കി കയ്യില്‍ രണ്ടടിയൊക്കെ കൊടുത്താണ് ട്രംപ് ഹസ്തദാനം അവസാനിപ്പിക്കുക.

ട്രംപിന്റെ ഹസ്തദാനത്തില്‍ നിന്ന് എങ്ങനെ രക്ഷപെടുമെന്നാണ് ചിലരൊക്കെ ചിന്തിക്കുന്നതെന്ന് വിമര്‍ശകര്‍ പറയുന്നു. പറഞ്ഞു വരുന്നതും ട്രംപിന്റെ ഹസ്തദാനവുമായി ബന്ധപ്പെട്ട കാര്യമാണ്. ട്രംപും ഭാര്യ മെലാനിയ ട്രംപും പോളണ്ടില്‍ സന്ദര്‍ശനത്തിന് എത്തിയപ്പോള്‍ സംഭവിച്ച ഒരു കാര്യം. പോളണ്ട് പ്രസിഡന്റ് ആന്ദ്രെസ്ജ് ഡൂഡയും പ്രഥമ വനിത അഗത കൊണ്‍ഹാസറും ചേര്‍ന്ന് ട്രംപിനും അമേരിക്കന്‍ പ്രഥമ വനിതക്കും വന്‍ സ്വീകരണമാണ് ഒരുക്കിയത്.

രണ്ടു രാഷ്ട്രത്തലവന്‍മാരും ചേര്‍ന്ന് സംയുക്ത പ്രസ്താവനയും നടത്തി. ഇതിനു ശേഷം നടന്ന ഔപചാരിക ഹസ്തദാനത്തിനിടെയാണ് ട്രംപിന് അബദ്ധം പിണഞ്ഞത്. ട്രംപും പോളിഷ് പ്രസിഡന്റും ചേര്‍ന്ന് ആദ്യം ഹസ്തദാനം ചെയ്തു. ഇതിനു ശേഷം ട്രംപ്, അഗതക്ക് നേരെ കൈ നീട്ടി. എന്നാല്‍ ട്രംപിന് നേരെ നോക്കാതെ അഗത മെലാനിയ്ക്ക് ഹസ്തദാനം ചെയ്യുകയായിരുന്നു.