Main Menu

പൊതുമാപ്പ് അവസാനിക്കാന്‍ ഇനി ഒരുമാസം; നിയമലംഘകരായി രാജ്യത്തു തങ്ങുന്ന വിദേശികള്‍ പൊതുമാപ്പിനു ശേഷം പിടിക്കപ്പെട്ടാല്‍ കടുത്ത നടപടി

അബുദബി: പൊതുമാപ്പ് അവസാനിക്കാന്‍ ഒരുമാസം മാത്രം ബാക്കിനില്‍ക്കെ യുഎഇയിലെ അനധികൃത താമസക്കാര്‍ എത്രയും വേഗം രാജ്യംവിട്ടുപോകുകയോ താമസം നിയമവിധേയമാക്കുകയോ ചെയ്യണമെന്നു ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പിലെ താമസകാര്യ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ സഈദ് റക്കന്‍ അല്‍ റാഷിദി പറഞ്ഞു.

പൊതുമാപ്പിനു ശേഷവും രാജ്യത്ത് അനധികൃതമായി തുടരുന്നവര്‍ പിടിക്കപ്പെട്ടാല്‍ കനത്ത പിഴയും തടവുശിക്ഷയും ഉണ്ടായിരിക്കുമെന്നും മുന്നറിയിപ്പു നല്‍കി. നിയമലംഘകരെ ജോലിക്കുവയ്ക്കുന്ന കമ്പനി ഉടമയ്ക്ക് ആളൊന്നിന് അരലക്ഷം ദിര്‍ഹം വീതം പിഴ ചുമത്തും. നിയമലംഘനം ആവര്‍ത്തിച്ചാല്‍ പിഴ ഒരുലക്ഷം ദിര്‍ഹമാക്കും.

നിയമലംഘകരായി രാജ്യത്തു തങ്ങുന്ന വിദേശികള്‍ക്കു പിഴയോ ശിക്ഷയോ കൂടാതെ രാജ്യംവിട്ടുപോകാനോ താമസം നിയമവിധേയമാക്കി രാജ്യത്തു തുടരാനോ ഉള്ള അവസരമാണു പൊതുമാപ്പിലൂടെ യുഎഇ ഒരുക്കിയിരിക്കുന്നത്. ഓഗസ്റ്റ് ഒന്നിന് ആരംഭിച്ച പൊതുമാപ്പ് ഈ 31ന് അവസാനിക്കും. 30 ദിവസമാണ് ഇനി അവശേഷിക്കുന്നത്. പൊതുമാപ്പ് കാലാവധി ഒരുകാരണവശാലും നീട്ടില്ലെന്നും നിയമലംഘകര്‍ എത്രയും വേഗം പൊതുമാപ്പ് ഉപയോഗപ്പെടുത്താന്‍ മുന്നോട്ടുവരണമെന്നും അധികൃതര്‍ അറിയിച്ചു.

വിവിധ കാരണങ്ങളാല്‍ നിയമലംഘകരായി കഴിയുന്ന വിദേശികളുടെ താമസം നിയമവിധേയമാക്കാനാണ് അധികൃതര്‍ പരിഗണന നല്‍കുന്നത്. ഇവര്‍ക്കു പുതിയ ജോലി കണ്ടെത്താന്‍ ആറുമാസത്തെ താല്‍ക്കാലിക വിസ നല്‍കുന്നത് ഇതിന് ഉദാഹരണമാണ്. നാട്ടിലേക്കു മടങ്ങണമെന്ന് ആഗ്രഹിക്കുന്നവരെ മാത്രമേ എക്‌സിറ്റ് പാസ് നല്‍കി തിരിച്ചയയ്ക്കുന്നുള്ളൂ. ഇവര്‍ക്കു വീണ്ടും യുഎഇയിലേക്കു വരാന്‍ തടസ്സമില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

അതുകൊണ്ടുതന്നെ ഇത്തരം സൗകര്യങ്ങളെല്ലാം ലഭ്യമാക്കിയിട്ടും പൊതുമാപ്പ് പ്രയോജനപ്പെടുത്താതിരിക്കുന്നത് ബുദ്ധിയല്ലെന്നും രാജ്യത്തെ നിയമം പാലിക്കാന്‍ വിദേശികള്‍ ബാധ്യസ്ഥരാണെന്നും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പിലെ താമസകാര്യ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ സഈദ് റക്കന്‍ അല്‍ റാഷിദി പറഞ്ഞു. അവസാന ദിവസങ്ങളിലെ തിരക്കു കണക്കിലെടുത്തു പൊതുമാപ്പു കേന്ദ്രങ്ങളില്‍ കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്താനും ആലോചിക്കുന്നുണ്ട്. കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചും പ്രവൃത്തിസമയം വര്‍ധിപ്പിച്ചും തിരക്കു നേരിടാനാണു പദ്ധതി.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്