Main Menu

പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി ബോളിവുഡ് താരം അനുപം ഖേറിനെ നിയമിച്ചു

ന്യൂഡല്‍ഹി: പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാനായി ബോളിവുഡ് താരം അനുപം ഖേറിനെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. വിവാദങ്ങളുടെ അകമ്പടിയോടെ ഭരിച്ച ഗജേന്ദ്ര ചൗഹാനു പകരമാണ് അനുപം ഖേര്‍ ചെയര്‍മാനാകുന്നത്. ചൗഹാന്റെ രണ്ടു വര്‍ഷത്തെ കാലാവധി ഈ വര്‍ഷം മാര്‍ച്ചില്‍ അവസാനിച്ചിരുന്നു.

രാജ്യം പത്മശ്രീയും പത്മഭൂഷനും നല്‍കിയ ആദരിച്ച അനുപം ഖേര്‍ നേരത്തെ സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാനും നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ ചെയര്‍മാനുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ബോളിവുഡ് ചിത്രങ്ങള്‍ക്ക് പുറമെ ഗോള്‍ഡന്‍ ഗ്ലോബ് നോമിനേഷന്‍ ലഭിച്ച ബെന്റ് ഇറ്റ് ലൈക്ക് ബെക്കാം, ഗോള്‍ഡണ്‍ ലയണ്‍, സില്‍വര്‍ ലൈനിങ്‌സ് പ്ലേബുക്ക് എന്നിവയിലും അഭിനയിച്ചിട്ടുണ്ട്. രണ്ടു തവണ മികച്ച നടനുള്ള സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

കോമഡിയും സ്വഭാവവേഷങ്ങളും വില്ലന്‍ വേഷങ്ങളും ഒരുപോലെ മികവുറ്റതാക്കിയ അനുപം ഖേര്‍ കശ്മീരിലാണ് ജനിച്ചത്. ഏറെ കഷ്ടപ്പെട്ടാണ് വളര്‍ന്ന് ബോളിവുഡില്‍ മികച്ച നടന്മാരുടെ ഗണത്തില്‍ ഇടം നേടിയത്. ചാന്‍സ് തേടി നടന്ന കാലത്ത് റെയില്‍വെ പ്ലാറ്റ്‌ഫോമുകളില്‍ വരെ അന്തിയുറങ്ങിയ അനുഭവമുണ്ട്. ചാണ്ഡീഗഡില്‍ നിന്നുള്ള ബി.ജെ.പി. എം.പി.യായ കിരണ്‍ ഖേറാണ് ഭാര്യ.

എന്‍.ഡി.എ സര്‍ക്കാര്‍ വലിയ സിനിമാ പാരമ്പര്യമില്ലാത്ത ഗജേന്ദ്ര ചൗഹാനെ ചെയര്‍മാനായി നിയമിച്ചത് വലിയ വിവാദങ്ങള്‍ക്കാണ് വഴിവച്ചത്. ചൗഹാനെ പുറത്താക്കണം എന്നാവശ്യപ്പെട്ട് 139 ദിവസം വിദ്യാര്‍ഥികള്‍ സമരം ചെയ്തിരുന്നു.

ഇതുപോലെ കടുത്ത നടപടികള്‍ കൊണ്ട് വലിയ വിവാദങ്ങള്‍ സൃഷ്ടിച്ച സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ പഹലജ് നിഹലാനിയെയും കേന്ദ്ര സര്‍ക്കാര്‍ നേരത്തെ നീക്കിയിരുന്നു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്