Main Menu

പുരോഹിതരുടെ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ സഭാധികാരികള്‍ നടപടിയെടുക്കാത്തത് വേദനാജനകവും നാണക്കേടുമാണ്: മാര്‍പാപ്പ

ഡബ്ലിന്‍: പുരോഹിതരുടെ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ നടപടി എടുക്കാന്‍ കത്തോലിക്കാ സഭയ്ക്ക് കഴിയാതെ വന്നതില്‍ നാണക്കേട് തോന്നുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ . കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ പുരോഹിതരുടെ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ ബന്ധപ്പെട്ട സഭാധികാരികള്‍ ശക്തമായ നടപടിയെടുക്കാത്തതു വേദനാജനകവും സഭാസമൂഹത്തിനു നാണക്കേടുമാണെന്നാണ് മാര്‍പ്പാപ്പ പറഞ്ഞത്. ഐറിഷ് റിപ്പബ്ലിക്കില്‍ നടത്തുന്ന സന്ദര്‍ശന വേളയിലാണ് മാര്‍പാപ്പ ഇക്കാര്യം പരാമര്‍ശിച്ചത്. രാജ്യത്ത് പുരോഹിതരുടെ ലൈംഗിക ചൂഷണത്തിന് ഇരയായവരുമായി മാര്‍പാപ്പ ഒന്നര മണിക്കൂര്‍ കൂടിക്കാഴ്ച നടത്തി.

അയര്‍ലന്‍ഡില്‍ പുരോഹിതരുടെ ഭാഗത്തു നിന്നുണ്ടായ ലൈംഗിക ചൂഷണം കണ്ടില്ലെന്നു നടിക്കാന്‍ തനിക്കാവില്ലെന്നും, തങ്ങളുടെ കീഴില്‍ സംരക്ഷണത്തിനും വിദ്യാഭ്യാസത്തിനും ഏര്‍പ്പെട്ടിരുന്നവരെ സഭയില്‍ അംഗങ്ങള്‍ ചൂഷണം ചെയ്യുകയായിരുന്നുവെന്നും മാര്‍പാപ്പ പറഞ്ഞു. ബിഷപ്പുമാരും, സഭാ മേധാവികളുമുള്‍പ്പെടെയുള്ള സഭാ അധികാരികള്‍ ഈ കുറ്റകൃത്യം തടയുന്നതില്‍ പരാജയപ്പെട്ടു. കത്തോലിക്കാ സഭയ്ക്ക് വേദനയും നാണക്കേടും ഉളവാക്കുന്ന സംഭവമാണ് കുട്ടികളോട് കാണിച്ച നീചമായ പ്രവൃത്തിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇരകളാക്കപ്പെട്ടവരുടെ വികാരം തന്നെ ഉലയ്ക്കുന്നുവെന്നും, സഭയില്‍ നിന്ന് ഈ ദുഷ് പ്രവൃത്തി എന്തു വില കൊടുത്തും തുടച്ചു മാറ്റുമെന്നും രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ള വിശിഷ്ടാതിഥികളെ അഭിസംബോധന ചെയ്യവേ മാര്‍പാപ്പ വ്യക്തമാക്കി.

സഭയുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ച ഏറെപ്പേരെ കടുത്ത വേദനയിലേക്കു തള്ളിവിട്ടുവെന്ന് നേരത്തെ പ്രസംഗിച്ച ഐറിഷ് പ്രധാനമന്ത്രി ലിയോ വരാദ്കര്‍ ചൂണ്ടിക്കാട്ടി. കുട്ടികളെ ലൈംഗിക ചൂഷണത്തിനു വിധേയരാക്കിയ പുരോഹിതര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും അത് രഹസ്യമായി വയ്ക്കണമെന്നും അദ്ദേഹം മാര്‍പാപ്പയോട് ആവശ്യപ്പെട്ടു.

ശനിയാഴ്ച ഡബ്ലിന്‍ വിമാനത്താവളത്തിലെത്തിയ മാര്‍പാപ്പയ്ക്ക് ഗംഭീര സ്വീകരണമാണ് അയര്‍ലന്‍ഡ് നല്‍കിയത്. കുടുംബം എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടക്കുന്ന കത്തോലിക്കാ സംഗമത്തില്‍ പങ്കെടുക്കാനാണ് മാര്‍പാപ്പ അയര്‍ലന്‍ഡിലെത്തിയത്. കനത്ത സുരക്ഷയാണ് മാര്‍പാപ്പയുടെ സന്ദര്‍ശനത്തിത്തോടനുബന്ധിച്ച് ഒരുക്കിയിരുന്നത്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്