Main Menu

പി.കെ.ശശിക്കെതിരായ നടപടിയെച്ചൊല്ലി സിപിഐഎം പിബിയില്‍ ഭിന്നത; യെച്ചൂരിയുടെ നിലപാട് തള്ളി പോളിറ്റ് ബ്യൂറോ; ശശിക്കെതിരെ നടപടിക്ക് നിര്‍ദേശമൊന്നും നല്‍കിയിട്ടില്ലെന്ന് പിബി

ന്യൂഡല്‍ഹി: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശിക്കെതിരായ നടപടി സംബന്ധിച്ച ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാട് തള്ളി സിപിഐം പോളിറ്റ് ബ്യൂറോ. ശശിക്കെതിരെ നടപടിക്കു നിര്‍ദേശമൊന്നും നല്‍കിയിട്ടില്ലെന്നാണ് പിബി നല്‍കുന്ന വിശദീകരണം. പീഡന പരാതി കിട്ടിയോ എന്ന് സ്ഥിരീകരിക്കാതെ വാര്‍ത്താകുറിപ്പും പുറത്തിറക്കി.

ശശിക്കെതിരെ പരാതി ലഭിച്ചതായി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നേരത്തേ അറിയിച്ചിരുന്നു. തുടര്‍നടപടി സ്വീകരിക്കാന്‍ കേരള ഘടകത്തിനു നിര്‍ദേശം നല്‍കിയതായും യെച്ചൂരി പറഞ്ഞു. ഇതിനു വിരുദ്ധമാണു പിബി സ്വീകരിച്ച നിലപാട്. അതേസമയം ശശിക്കെതിരെ മൂന്നാഴ്ച മുന്‍പു തന്നെ പരാതി ലഭിച്ചിരുന്നെന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. പരാതി പാര്‍ട്ടിയുടേതായ രീതിയില്‍ പരിഹരിക്കും. നടപടി തുടങ്ങിയതായും കോടിയേരി പറഞ്ഞു.

അതേസമയം പീഡനപരാതിയെക്കുറിച്ച് അറിയില്ലെന്നു മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ മനസിലാക്കി പ്രതികരിക്കാമെന്ന് എം. സ്വരാജ് എംഎല്‍എയും പറഞ്ഞു. ഡിവൈഎഫ്‌ഐയ്ക്കു പരാതി കിട്ടിയിട്ടില്ലെന്നും സ്വരാജ് വ്യക്തമാക്കി. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ഡിവൈഎഫ്‌ഐ നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. എം. സ്വരാജ്, എ.എന്‍. ഷംസീര്‍ എന്നിവര്‍ എകെജി സെന്ററിലെത്തിയാണു കോടിയേരിയെ കണ്ടത്. നേതാക്കളായ എ.കെ. ബാലന്‍, കെ.എന്‍. ബാലഗോപാല്‍ എന്നിവരും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

എംഎല്‍എയ്‌ക്കെതിരെ ഓഗസ്റ്റ് 14നു വനിതാ പിബി അംഗത്തിനും സംസ്ഥാന സെക്രട്ടറിക്കും സെക്രട്ടേറിയറ്റിലെ ചില പ്രമുഖ നേതാക്കള്‍ക്കും പരാതി നല്‍കിയിരുന്നു. ഇതില്‍ നടപടിയെടുക്കാഞ്ഞതിനെത്തുടര്‍ന്നാണു യുവതി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കു പരാതി ഇമെയിലായി അയച്ചത്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്