പിവി അന്‍വറിന്റെ പാര്‍ക്കിലെ കേടുപാടുകള്‍ തീര്‍ക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം

മലപ്പുറം: പി.വി.അന്‍വറിന്റെ പാര്‍ക്കിലെ കേടുപാടുകള്‍ തീര്‍ക്കുന്നത് നിര്‍ത്തിവയ്ക്കണമെന്ന് തഹസില്‍ദാര്‍. ഉരുള്‍പൊട്ടിയതിന്റെ അടയാളങ്ങള്‍ ഇല്ലാതാക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്കി. കൂടരഞ്ഞി പഞ്ചായത്തിനാണ് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. പാര്‍ക്കിലെ പണികള്‍ നിര്‍ത്തിവെക്കാന്‍ അന്‍വറിന് പഞ്ചായത്ത് നിര്‍ദേശം നല്കി.
പ്രളയക്കെടുതിക്ക് ശേഷം ഉരുള്‍പൊട്ടലിന്റെ അടയാളങ്ങള്‍ ഇല്ലാതാക്കാനായിരുന്നു കക്കാടംപൊയിലിലെ പിവി അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കില്‍ തിരക്കിട്ട് പണികള്‍ നടന്നിരുന്നത്. സ്റ്റോപ് മെമ്മോ ലംഘിച്ചായിരുന്നു എംഎല്‍എയുടെ പിവിആര്‍ പാര്‍ക്കില്‍ തിരക്കിട്ട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത്.
ഗുണ്ടാ സംരക്ഷണത്തിലാണ് പാര്‍ക്കില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ഉരുള്‍പൊട്ടലിന്റെ അടയാളങ്ങള്‍ ഇല്ലാതാക്കാന്‍ എംഎല്‍എ ശ്രമിക്കുമ്പോള്‍ അറിഞ്ഞില്ലെന്ന മട്ടിലിരിക്കുകയാണ് ജില്ലാ ഭരണ കൂടവും കൂടരഞ്ഞി പഞ്ചായത്തുമെന്നും ആരോപണം ഉയര്‍ന്നു.
പരിസ്ഥിതിലോല പ്രദേശത്തുള്ള പിവിആര്‍ പാര്‍ക്കിനെതിരെ ഹൈക്കോടതി ഉത്തരവും നടപടികളും ഉണ്ടായിട്ടുണ്ട്. കേരളം നേരിട്ട മഹാപ്രളയത്തില്‍ പാര്‍ക്കിനുള്ളിലും ഉരുള്‍പൊട്ടലുണ്ടായിരുന്നു. പരിസ്ഥിതിലോ മേഖലയിലെ നിര്‍മ്മാണത്തിനെതിരെ ഈ സാഹചര്യത്തില്‍ കടുത്ത നടപടിയുണ്ടാകുമെന്ന് ഉറപ്പുള്ളപ്പോഴാണ് ഉരുള്‍പൊട്ടല്‍ അവശേഷിപ്പുകള്‍ ഇല്ലാതാക്കാനുള്ള പാര്‍ക്ക് അധികൃതരുടെ ശ്രമം.