Main Menu

പിന്മാറ്റം കുട്ടികളെ പരിഗണിച്ചെന്ന് മാധ്യമ പ്രവര്‍ത്തക; സന്നിധാനത്ത് നടന്നത് കുട്ടികളെ മുന്‍നിര്‍ത്തിയുള്ള വിലപേശലെന്ന് രഹന ഫാത്തിമ; ഇരുവരെയും തിരിച്ചിറക്കിയത് കനത്ത സുരക്ഷയില്‍

പമ്പ: ശബരിമല നടപന്തല്‍ വരെയെത്തിയ രണ്ട് യുവതികളും മടങ്ങി. ഇരുവരെയും പമ്പ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. ആന്ധ്ര സ്വദേശി കവിതയും കൊച്ചി സ്വദേശി രഹന ഫാത്തിമയുമാണ് മടങ്ങിയത്. കനത്ത സുരക്ഷയിലാണ് അവരെ സന്നിധാനത്ത് എത്തിച്ചതും തിരിച്ച് ഇറക്കിയതും.

കുട്ടികളെ മുന്‍നിര്‍ത്തി പ്രതിഷേധം നടത്തിയതുകൊണ്ടാണ് പിന്‍വാങ്ങിയതെന്ന് മാധ്യമപ്രവര്‍ത്തക കവിത പറഞ്ഞു. വേണമെങ്കില്‍ ഞങ്ങള്‍ക്ക് മുന്നോട്ടു പോകാമായിരുന്നു. ഞാന്‍ എന്റെ അവകാശത്തിനു വേണ്ടി പോരാടാനാണ് എത്തിയത്. കുട്ടികളെ അപകടത്തിലാക്കാന്‍ താത്പര്യമില്ലാത്തതു കൊണ്ടാണ് തിരിച്ചിറങ്ങിയതെന്നും കവിത പറഞ്ഞു.

കുട്ടികളെ മുന്‍നിര്‍ത്തി വിലപേശലാണ് സന്നിധാനത്ത് നടത്തിയതെന്ന് ആക്ടിവിസ്റ്റ് രഹന ഫാത്തിമ പറഞ്ഞു. ഭീകരമായ അന്തരീക്ഷമാണ് സന്നിധാനത്ത് ഉണ്ടായത്. അയ്യപ്പനെ കാണണം എന്ന ആഗ്രഹത്തിന്റെ പുറത്താണ് ഇരുമുടിക്കെട്ട് തലയിലേന്തിയെത്തിയതെന്ന് രഹ്ന ഫാത്തിമ പറഞ്ഞു. എന്നാല്‍ അതിന് അവര്‍ തന്നെ അനുവദിച്ചില്ല. അതിനാല്‍ ഇരുമുടിക്കെട്ട് ഇവിടെ ഉപേക്ഷിച്ചു പോവുകയാണെന്നും രഹ്ന പറഞ്ഞു. മല തിരിച്ചിറങ്ങിയ ശേഷം പമ്പയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.

തടഞ്ഞതിന് അവര്‍ എന്തു ന്യായീകരണമാണ് പറയാന്‍ പോകുന്നതെന്നും അറിയണമെന്നും രഹ്ന പറഞ്ഞു. ജീവന് ഭീഷണിയുണ്ട്. വീടിനു നേര്‍ക്ക് ആക്രമണമുണ്ടായെന്നും തന്റെ കുട്ടികള്‍ എവിടെയാണെന്ന് അറിയില്ലെന്നും രഹ്ന കൂട്ടിച്ചേര്‍ത്തു. സുരക്ഷ തരാം എന്ന പോലീസിന്റെ ഉറപ്പിന്മേലാണ് താന്‍  മലയിറങ്ങിയതെന്നും അവര്‍ പറഞ്ഞു.

മുന്നോട്ടു പോകണമെന്ന് ആഗ്രഹമുണ്ടായിരുന്നു എന്നാല്‍ സാഹചര്യം അനുകൂലമല്ലാത്തതിനാലാണ് മടങ്ങിയത്.  ഇത്രയെങ്കിലും പോകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും രഹ്ന കൂട്ടിച്ചേര്‍ത്തു.

രഹ്ന ഫാത്തിമയുടെ വീടിന് നേര്‍ക്ക് ആക്രമണം ഉണ്ടായിരുന്നു. കൊച്ചിയിലെ വീട് അടിച്ചു തകര്‍ത്തു. രാവിലെ ഒമ്പത് മണിയോടെയാണ് രഹ്നയുടെ കൊച്ചിയിലെ വീടിനു നേര്‍ക്ക് അക്രമണം ഉണ്ടായത്. യുവതി ശബരിമലയിലെത്താനുള്ള ശ്രമം നടത്തിയതില്‍ പ്രതിഷേധിച്ചാണ് ആക്രമണം നടന്നതെന്നാണ് കരുതുന്നത്. വീടിന്റെ ജനാലച്ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തിട്ടുണ്ട്. വീടിനു പുറത്തുണ്ടായിരുന്ന ഗ്യാസ് കുറ്റിയും കസേരയടക്കമുള്ള സാധനങ്ങളും നശിപ്പിച്ചിട്ടുമുണ്ട്.

ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് സുപ്രീം കോടതി വിധി വന്നതിന് ശേഷം രഹ്ന ഫാത്തിമ കറുപ്പുടുത്ത് മാലയിട്ട് ഫെയ്‌സ്ബുക്ക് പോസ്റ്റ് ചെയ്ത  ചിത്രം വിവാദമായിരുന്നു.  നടപ്പന്തലില്‍ ഭക്തരുടെ പ്രതിഷേധത്തെ തുടര്‍ന്ന് യാത്ര അവസാനിപ്പിക്കാന്‍ ഐ.ജി ശ്രീജിത്തിന്റെ ഭാഗത്തുനിന്ന് നിര്‍ദേശമുണ്ടായപ്പോഴും  പതിനെട്ടാംപടി ചവിട്ടണമെന്നായിരുന്നു രഹ്നാ ഫാത്തിമയുടെ നിലപാട്. പിന്നീട് ഇവരെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തിയാണ് തിരികെ ഇറക്കിയത്.Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്