Main Menu

പലരുടെയും ഫോണുകളില്‍ ‘ആധാര്‍ സഹായ’ നമ്പര്‍ സേവ് ചെയ്യാതെ തന്നെ പ്രത്യക്ഷപ്പെട്ടതില്‍ കുറ്റമേറ്റെടുത്ത് ഗൂഗിള്‍

ന്യൂഡല്‍ഹി: യുഐഡിഎഐയുടേതായി പലരുടെയും ഫോണുകളില്‍ നമ്പര്‍ പ്രത്യക്ഷപ്പെട്ടതില്‍ കുറ്റമേറ്റെടുത്ത് ഗൂഗിള്‍. ഇത് ആധാര്‍ അതോറിറ്റിയുടെ നിര്‍ദ്ദേശപ്രകാരം നല്‍കിയതല്ലെന്നും ഫോണുകളിലെ ആന്‍ഡ്രോയിഡ് സോഫ്റ്റ്‌വെയറിലെ ഒരു പ്രശ്‌നം കാരണമാണെന്നും ഗൂഗിള്‍ അറിയിച്ചു.

ആന്‍ഡ്രോയ്ഡ് സെറ്റ്അപ് സഹായത്തില്‍ വിഷമഘട്ടങ്ങളില്‍ ബന്ധപ്പെടേണ്ടതായി നല്‍കേണ്ട 112 എന്ന നമ്പരിന് പകരം കോഡിങ്ങിലെ അശ്രദ്ധ കാരണം ആധാര്‍ സഹായ നമ്പര്‍ കടന്നുകൂടിയതാണ് പ്രശ്‌നത്തിനിടയാക്കിയതെന്ന് ഗൂഗിള്‍ ഔദ്യോഗിക ഇ-മെയിലിലൂടെ അറിയിച്ചു. ഈ വിഷയത്തില്‍ ഉണ്ടായ ഉത്കണ്ഠകളില്‍ വിഷമമുണ്ടെന്നും ഉപയോക്താക്കള്‍ക്ക് അവരുടെ കോണ്‍ടാക്ട് പട്ടികയില്‍ കടന്നുകൂടിയ നമ്പര്‍ ആവശ്യമെങ്കില്‍ സ്വയം ഡിലീറ്റ് ചെയ്യാനാകുമെന്നും ഗൂഗിള്‍ വക്താവ് അറിയിച്ചു.

2014 മുതലാണ് രാജ്യത്തെ വിവിധ മൊബൈല്‍ ഫോണുകളില്‍ 1800-300-1947 എന്ന ടോള്‍ഫ്രീ നമ്പര്‍ പ്രത്യക്ഷപ്പെട്ടത്. ഉപയോക്താക്കള്‍ സേവ് ചെയ്യാത്ത നമ്പര്‍ മൊബൈല്‍ ഫോണില്‍ പ്രത്യക്ഷപ്പെട്ടതു വിവാദമായതിനു പിന്നാലെയാണ് യുഐഡിഎഐ അധികൃതര്‍ വിശദീകരണവുമായി രംഗത്ത് വന്നിരുന്നു. സവിശേഷ തിരിച്ചറിയല്‍ അതോറിറ്റിയുടേതായി (യുഐഡിഎഐ) പലരുടെയും മൊബൈല്‍ ഫോണില്‍ പ്രത്യക്ഷപ്പെട്ട ഹെല്‍പ് ലൈന്‍ നമ്പര്‍ തങ്ങളുടേതല്ലെന്നാണ് ആധാര്‍ അതോറിറ്റി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. 1800-300-1947 അല്ല 1947 ആണ് യുഐഡിഎഐയുടെ സഹായ നമ്പറെന്നും ഇത് രണ്ടു വര്‍ഷത്തിലേറെയായി പ്രവര്‍ത്തനക്ഷമമാണെന്നും വിശദീകരണമുണ്ടായി.

ആന്‍ഡ്രോയിഡ് ഫോണുകളിലേതു പോലെ ഐഫോണുകളിലും ഇത് കടന്നെത്തിയിരിക്കാമെന്നും ജിമെയില്‍ അക്കൗണ്ടില്‍ നിന്ന് ഐഫോണുകളിലേക്ക് കോണ്‍ടാക്ട് ലിസ്റ്റ് കൈമാറ്റം ചെയ്തവര്‍ക്കാകും ഈ പ്രശ്‌നമുണ്ടായിരിക്കുകയെന്നും വിശദീകരണമുണ്ട്. ആധാര്‍ കാര്‍ഡ് അനുവദിക്കുന്ന തിരിച്ചറിയല്‍ അതോറിറ്റിയുടെ (യുഐഡിഎഐ) ടോള്‍ ഫ്രീ നമ്പര്‍ മൊബൈല്‍ ഫോണ്‍ കോണ്‍ടാക്ട് പട്ടികയില്‍ അറിയാതെ പ്രത്യക്ഷപ്പെട്ടത് ആധാര്‍ നമ്പരുമായി ബന്ധപ്പെട്ട പോരായ്മകള്‍ പുറത്തുകൊണ്ടു വന്ന സൈബര്‍ സുരക്ഷാ വിദഗ്ധന്‍ എലിയറ്റ് ആല്‍ഡേഴ്‌സ്‌നാണ് പുറത്തുവിട്ടത്. ഇതിനുപിന്നാലെ കൂടുതല്‍ ആളുകള്‍ ഇതേ പരാതിയുമായെത്തുകയായിരുന്നു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്