അയൽരാജ്യങ്ങളുടെ പരാതികൾ കേൾക്കാൻ ഒരുക്കമാണെന്ന ഖത്തറിന്റെ പ്രഖ്യാപനത്തെ പിന്തുണച്ച്​ യു.എ.ഇ. കുവൈത്തിന്റെ മധ്യസ്ഥതയിൽ അനുരഞ്ജന ചർച്ചയുമായി സഹകരിക്കാമെന്ന ഖത്തർ നിലപാട്​ പ്രതിസന്ധി പരിഹാര ചർച്ചകൾക്ക്​ വീണ്ടും ജീവൻ പകരുകയാണ്​.

എട്ടു ദിവസമായി തുടരുന്ന ഗൾഫ്​ പ്രതിസന്ധി പരിഹരിക്കാൻ കുവൈത്തിലോ ഒമാനിലോ ജി.സി.സി യോഗം ചേരണമെന്ന നിർദേശമാണ്​കുവൈത്തിന്റെ പരിഗണനയിലുള്ളത്​. തങ്ങളുമായി ബന്ധം വിഛേദിച്ച സൗദി, യു.എ.ഇ, ബഹ്​റൈൻ എന്നീ രാജ്യങ്ങളുടെ പരാതി നേരിട്ടു കേൾക്കാൻ ഒരുക്കമാണെന്ന്​ ഖത്തർ കുവൈത്ത്​ അമീറിനെ അറിയിച്ചത്​ വഴിത്തിരിവാണ്​.

വൈകിയാണെങ്കിലും വിവേകം തിരിച്ചു വരുന്നതിന്റെ നല്ല ലക്ഷണമാണിതെന്ന്​യു.എ.ഇ വിദേശകാര്യ സഹമന്ത്രി അൻവർ ഗർഗാശ്​ട്വീറ്റ്​ ചെയ്തു. യാഥാർഥ്യബോധം ഉൾക്കൊണ്ടാണ്​ സന്ധി സംഭാഷണങ്ങൾക്ക്​ തയാറാകുന്നതെങ്കിൽ സ്വാഗതം ചെയ്യുമെന്ന പരോക്ഷ സന്ദേശവും യു.എ.ഇ നൽകി.

അമേരിക്ക ഉൾപ്പെടെ വൻശക്തി രാജ്യങ്ങളുടെ പ്രത്യക്ഷ ഇടപെടലിനേക്കാൾ അംഗരാജ്യങ്ങൾക്കിടയിൽ തന്നെ പ്രശ്നപരിഹാരം ഉണ്ടാക്കുക എന്നതാണ്​ മധ്യസ്ഥരായ കുവൈത്തും ഒമാനും ആഗ്രഹിക്കുന്നത്​. എന്നാൽ ഇരുപക്ഷവും തുടരുന്ന കടുംപിടിത്തം സമവായ നീക്കങ്ങൾക്ക്​ തിരിച്ചടിയാകുമെന്ന ആശങ്കയുണ്ട്​.

ഇപ്പോൾ പ്രഖ്യാപിച്ച ഉപരോധത്തിൽ നിന്ന്​ഖത്തറുമായി വിവാഹബന്ധമുള്ള സ്വദേശി കുടുംബങ്ങൾക്ക്​ ഇളവ്​ നൽകാനുള്ള സൗദി, യു.എ.ഇ, ബഹ്​റൈൻ തീരുമാനം മഞ്ഞുരുക്കത്തിന്​ ചെറിയ തോതിലാണെങ്കിലും വഴിതുറന്നിട്ടുണ്ട്​. ഖത്തർ ബന്ധമുള്ള നൂറുകണക്കിന്​ കുടുംബങ്ങൾ തീരുമാനത്തെ സ്വാഗതം ചെയ്​തു. ഖത്തർ സഹായത്തിന്റെ പേരിൽ ഇറാൻ, തുർക്കി എന്നീ രാജ്യങ്ങൾ ഗൾഫിൽ ചുവടുറപ്പിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന്​ ആഗ്രഹിക്കുന്നവരും ഏറെയാണ്​. പ്രതിസന്ധിക്ക്​ ഉടൻ പരിഹാരം കണ്ടെത്താൻ ഇരുകൂട്ടരെയും പ്രേരിപ്പിക്കുന്ന ഘടകങ്ങളിൽ ഇതും ഉൾപ്പെടും. ഏതായാലും ഒന്നു രണ്ടു നാളുകൾക്കുള്ളിൽ ജി.സി.സി നേതാക്കളുടെ ഒത്തുചേരലിന്​ വേദിയൊരുക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ തന്നെയാണ്​കുവൈത്തും ഒമാനും.

പ്രശ്‍നം  ചർച്ചയിലൂടെ പരിഹരിക്കാനും അയൽ രാജ്യങ്ങളുടെ ആശങ്ക ദൂരീകരിക്കാനും ഖത്തർ സന്നദ്ധത പ്രകടിപ്പിച്ചതായും ജിസിസി പ്രതിസന്ധിക്കു ഉടൻ പരിഹാരമുണ്ടാകുമെന്നും  കുവൈത്ത് വിദേശകാര്യമന്ത്രാലയം  പ്രസ്താവനയിൽ അറിയിച്ചു. ഗൾഫ് പ്രതിസന്ധി  പരിഹരിക്കാനുള്ള  കുവൈത്ത് അമീർ  ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ സബാഹിന്റെ ശ്രമങ്ങളോട് പൂർണമായി സഹകരിക്കുമെന്ന് ഖത്തർ ഉറപ്പു നൽകിയതായി കുവൈത്ത് വിദേശ കാര്യമന്ത്രി  ഷെയ്ഖ് സബാഹ് അൽ ഖാലിദ്  അൽ സബാഹ്   പറഞ്ഞു.

ജിസിസി ഐക്യമാണ് മേഖലയിലെ ജനങ്ങളെ  സംബന്ധിച്ചെടുത്തോളം പരമമായ കാര്യം. അത് തിരിച്ചു കൊണ്ട് വരുന്നതിന് വേണ്ടിയുള്ള പരിശ്രമങ്ങളാണ് അമീറിന്റെ നേതൃത്വത്തിൽ നടക്കുന്നത്. അധികം വൈകാതെ  പ്രതിസന്ധി പരിഹരിക്കപ്പെടും.  അയല്‍ രാജ്യങ്ങൾക്ക് പറയാനുള്ളത് കേൾക്കാൻ  ഖത്തർ സന്നദ്ധത അറിയിച്ചിട്ടുണ്ട്.   മേഖലയിൽ സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിനായി സംഭാഷണങ്ങളിലൂടെ   അയല്‍ക്കാരുടെ  ആശങ്കകൾ അകറ്റാനും  അവരൊരുക്കമാണ്. ജിസിസി ഐക്യം ഊട്ടിയുറപ്പിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും തന്റെ രാജ്യം  തുടരുമെന്നും കുവൈത്ത് വിദേശകാര്യ മന്ത്രി  കൂട്ടിച്ചേർത്തു.

ജിസിസി പ്രതിസന്ധി ഉടലെടുത്ത ഘട്ടത്തിൽ തന്നെ കുവൈത്തും ഒമാനും അനുരഞ്ജന നീക്കങ്ങൾക്കു തുടക്കമിട്ടിരുന്നു.  സൗദി,  യു എ  ഇ, ഖത്തർ, ഒമാൻ നേതൃത്വങ്ങളുമായി  നേരിട്ട്  ചർച്ച നടത്തിയ അമീറിന്റെ   മധ്യസ്ഥ നീക്കങ്ങൾ ഫലം കാണുന്നതിന്റെ സൂചനകൾ  കഴിഞ്ഞദിവസം രാത്രിയോടെ പ്രകടമായിരുന്നു  നേരത്തെ സ്വീകരിച്ചിരുന്ന  കടുത്ത നിലപാടുകളിൽ സൗദി, യുഎ ഇ, ബഹ്‌റൈൻ എന്നീ രാജ്യങ്ങൾ  കഴിഞ്ഞ ദിവസം അയവു വരുത്തിയിരുന്നു.

ഖത്തർ വനിതകളെ വിവാഹം കഴിച്ച പൗരൻമാർക്ക്​ ഉപരോധനിയമത്തിൽ ഇളവ്​ നൽകുമെന്നും  സൗദി സഖ്യരാഷ്ട്രങ്ങൾ  അറിയിച്ചപ്പോൾ  നയതന്ത്രബന്ധം വിഛേദിച്ച  രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ ഖത്തർ  വിട്ടുപോകേണ്ടതില്ലെന്ന നിലപാട് ഖത്തർ നേതൃത്വവും  വ്യക്തമാക്കി. സാഹോദര രാജ്യങ്ങള്‍ തെറ്റിദ്ധാരണമൂലമാണ് ബന്ധം വിഛേദിച്ചതെന്നും   ആ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാരോട് ശത്രുതയോടെ പെരുമാറാന്‍ നിലവിലെ പ്രയാസങ്ങൾ  കാരണമാകില്ലെന്നുമായിരുന്നു ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവന.