Main Menu

‘നെവര്‍ ഗിവ് അപ്പ്’ എന്നെന്നെ പഠിപ്പിച്ചത് അവളാണ് : അര്‍ബുദ ബാധിതയായ മകളെ കുറിച്ച് നടി കസ്തൂരി

ചെന്നൈ: മലയാളി അല്ലെങ്കിലും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ് കസ്തൂരി. അനിയന്‍ ബാവ ചേട്ടന്‍ ബാവ എന്ന ചിത്രത്തിലെ അഭിനയിത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടി മലയാളത്തിലെ നിരവധി താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. സിനിമരംഗത്തെ ഏറ്റവും ബോള്‍ഡായ നടിമാരില്‍ ഒരാളുകൂടിയാണ് താനെന്ന് കസ്തൂരി തെളിയിച്ചിട്ടുമുണ്ട്.

എന്നാല്‍ വ്യക്തി ജീവിതത്തിലും വളരെ ബോള്‍ഡാണെന്ന് തെളിയിച്ച സംഭവമാണ് ഇപ്പോള്‍ കസ്തൂരി പറഞ്ഞിരിക്കുന്നത്. താന്‍ ജീവിതത്തില്‍ നേരിട്ട ഏറ്റവും മോശപ്പെട്ട സംഭവം എങ്ങനെ തരണം ചെയ്‌തെന്ന് കസ്തൂരി വെളിപ്പെടുത്തി. തനിക്ക് പ്രിയപ്പെട്ട മകള്‍ക്ക് സംഭവിച്ച ദുരന്തത്തില്‍ നിന്നും പുറത്തു വന്ന സംഭവം വിവരിക്കുകയാണ് നടി.

‘എന്റെ മകള്‍ക്ക് എന്തു കൊടുത്താലും അവള്‍ ഛര്‍ദിക്കും. എപ്പോഴും പനി വരും. ഒരിക്കല്‍ തൊണ്ടയില്‍ ഇന്‍ഫക്ഷന്‍ വന്ന സമയം ഞാന്‍ അവളെ ഡോക്ടറുടെ അടുത്തുകൊണ്ടുപോയി. മര്യാദയ്ക്ക് ആഹാരം കഴിച്ചാലല്ലേ ആരോഗ്യം ഉണ്ടാകുകയുള്ളൂ. അതുകൊണ്ട് ഡോക്ടര്‍ അവളെയൊന്ന് ഉപദേശിക്കണം എന്ന് പറഞ്ഞു. പിന്നീട് ഡോക്ടര്‍ പറഞ്ഞ ടെസ്റ്റുകള്‍ നടത്തി. റിസള്‍ട്ട് വന്നപ്പോള്‍ എന്റെ മകള്‍ക്ക് ലുക്കീമിയ (രക്താര്‍ബുദം) ആണെന്ന് കണ്ടെത്തി. അന്ന് ഞാന്‍ ഒരു ഭ്രാന്തിയെ പോലെ അലറി, ഈ ആശുപത്രിയും ടെസ്റ്റ് റിസള്‍റ്റുമെല്ലാം തെറ്റാണെന്ന് അലറിക്കരഞ്ഞു.

മകള്‍ ഒന്നു കാലുതെറ്റി വീണാല്‍ പോലും കരയുന്ന എനിക്കിത് സഹിക്കാനായില്ല. ദിവസവും ഒരു പാത്രം ഗുളികകള്‍ അവള്‍ക്ക് കഴിക്കണം. മകളെ രക്ഷിക്കാന്‍ എന്തു ചെയ്യുമെന്നായിരുന്നു ആലോചന. ഒരുപാട് ഡോക്ടര്‍മാരെ കാണിച്ചു, പല വിദഗ്‌ദോപദേശങ്ങളും തേടി. ഒടുവില്‍ അവര്‍ പറഞ്ഞു സ്റ്റം സെല്‍ മാറ്റിവയ്ക്കണം. പക്ഷെ, അങ്ങനെ ചെയ്താലും 50 ശതമാനം മാത്രമേ ആയുസ്സിന് ഉറപ്പുള്ളൂ. ഞാന്‍ തകര്‍ന്നുപോയി. ആ സമയം ഡോക്ടര്‍ കൂടിയായ എന്റെ ഭര്‍ത്താവ് ഒരു തീരുമാനമെടുത്തു. ഇനി അഡ്വാന്‍സ് ട്രീറ്റ്‌മെന്റ് ഒന്നും വേണ്ട കാന്‍സര്‍ ചികിത്സയ്ക്ക് ഒപ്പം ആയുര്‍വേദവും പരീക്ഷിക്കാം.

പക്ഷെ, രോഗം എന്താണെന്നു അറിയുക പോലും ചെയ്യാതെ എന്റെ മകള്‍ ചികിത്സക്ക് പൂര്‍ണമായും സഹകരിച്ചു. പനിക്ക് മരുന്ന് കഴിക്കുന്നത് പോലെ ഗുളികകള്‍ കഴിച്ചു. കീമോതെറാപ്പി കാരണം മുടിയെല്ലാം കൊഴിഞ്ഞ് എല്ലും തോലുമായ അവളെ കണ്ട ഞാന്‍ ആരും കാണാതെ പൊട്ടിക്കരഞ്ഞു. അവളെ ചികിത്സിച്ച ആശുപത്രിയില്‍ പലതരത്തിലുള്ള രോഗങ്ങളുമായി മല്ലിടുന്ന കുട്ടികളെ കണ്ടപ്പോള്‍ എന്റെ മകള്‍ക്ക് മാത്രം എന്താ ഇങ്ങനെ എന്ന ചോദ്യം എന്നില്‍ നിന്ന് മാറി. രണ്ടര വര്‍ഷത്തെ ചികിത്സയും 5 വര്‍ഷത്തെ ഒബ്‌സര്‍വേഷനും കഴിഞ്ഞു നിങ്ങളുടെ മകളുടെ രോഗം മാറി എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞപ്പോള്‍ ഞങ്ങളുടെ കുടുംബത്തിന് പുനര്‍ജന്മം കിട്ടിയത് പോലെയായിരുന്നു.

അവളിന്നു ഏഴാം ക്ലാസ്സില്‍ പഠിക്കുകയാണ്. ചികിത്സയുടെ പാര്‍ശ്വഫലങ്ങള്‍ കൊണ്ട് അവളുടെ എല്ലുകള്‍ ശോഷിച്ചിരുന്നു. എങ്കിലും ഡാന്‍സ് പഠിക്കാനുള്ള ആഗ്രഹത്തിലാണ് അവള്‍. ‘നെവര്‍ ഗിവ് അപ്പ്’ എന്നെന്നെ പഠിപ്പിച്ചത് അവളാണ്. ചികിത്സാ സമയത്തും അവളില്‍ ഒരു ചിരി നിലനിന്നിരുന്നു. രോഗത്തിന്റെ വിവരങ്ങള്‍ അവളുടെ കൂട്ടുകാര്‍ക്ക് പോലുമറിയില്ല. അവളെ അനുകമ്പയോടെ മറ്റുള്ളവര്‍ നോക്കുന്നത് എനിക്കിഷ്ട്മായിരുന്നില്ല.’Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്