Main Menu

നിലയ്ക്കലിലെ ലാത്തിചാര്‍ജും ബൈക്കുകള്‍ തകര്‍ത്തതും ഹെല്‍മറ്റുകള്‍ മോഷ്ടിച്ചതും പേരുദോഷമുണ്ടാക്കി; ഐജിമാര്‍ക്കെതിരെ അന്വേഷണത്തിന് എഡിജിപിമാര്‍; തീരുമാനം ഗവര്‍ണര്‍ ഡിജിപിയെ വിളിച്ച് ശാസിച്ചതിന് പിന്നാലെ; എഡിജിപി ടി.കെ വിനോദ് കുമാറിനോടും അനില്‍കാന്തിനോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

തിരുവനന്തപുരം:  നിലയ്ക്കലിലെ സമരത്തിനിടെ ബൈക്കുകള്‍ തകര്‍ത്തും ഹെല്‍മറ്റുകള്‍ നഷ്ടമായതും ഏറെ പേരുദോഷമുണ്ടാക്കിയിരുന്നു. നിലയ്ക്കലില്‍ ഐജി മനോജ് എബ്രഹാമിന് നോട്ട പിശക് സംഭവിച്ചുവെന്ന് രഹസ്യാന്വേഷണ വിഭാഗവും റിപ്പോര്‍ട്ട് നല്‍കി. ഇതിന് പിന്നാലെ രഹ്നാ ഫാത്തിമയുടെ മല കയറ്റവും വിവാദത്തിലായി. ഓപ്പറേഷന്‍ ബിഗ് ഡാഡിയുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ രഹ്നാ ഫാത്തിമയുടെ പേരും ചര്‍ച്ചയായിരുന്നു. എന്നിട്ടും വിവാദ നായികയെ പൊലീസ് സംരക്ഷണയില്‍ മല കയറ്റിയത് പൊലീസിനേയും വെട്ടിലാക്കി. ആക്ടിവിസത്തിനാണ് രഹ്നാ ഫാത്തിമ എത്തിയതെന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിലപാടും പൊലീസിനെ പ്രതിക്കൂട്ടിലാക്കി.

ശബരിമല സ്ത്രീ പ്രവേശനം അന്താരാഷ്ട മാധ്യമങ്ങളില്‍ വരെ വാര്‍ത്തയാകുമ്പോള്‍ ലോകം മുഴുവന്‍ തിരയുന്ന പേരാണ് കവിത ജക്കാലയുടേത്. ഐജി ശ്രീജിത്തിന്റെയും സംഘത്തിന്റെയും ശക്തമായ സുരക്ഷാവലയത്തിനുള്ളില്‍ നടപ്പന്തല്‍ വരെ കവിത എത്തിയിരുന്നു. കവിത ജക്കാലയ്‌ക്കൊപ്പം മല ചവിട്ടിയ യുവതി എറണാകുളം സ്വദേശിയായ രഹ്ന ഫാത്തിമയാണ്. ഇവര്‍ ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥയാണ്. ഏക എന്ന ചിത്രത്തില്‍ നായികയായി ഇവര്‍ അഭിനയിച്ചിട്ടുണ്ട്. രഹ്ന ഫാത്തിമ എന്ന എറണാകുളം സ്വദേശിനിയായ യുവതി ഇരുമുടികെട്ടുമായി കവിതയ്‌ക്കൊപ്പം മല ചവുട്ടി. ഇവരും നടപ്പന്തലില്‍ യാത്ര അവസാനിപ്പിച്ചു. പമ്പയില്‍ വ്യാഴാഴ്ച്ചയെത്തിയ കവിത രാത്രി തന്നെ മല ചവിട്ടണമെന്ന് ആവശ്യപ്പെട്ടെങ്കിലും പൊലീസ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് വെള്ളിയാഴ്ച്ചത്തേക്ക് യാത്ര മാറ്റിവയ്ക്കുകയായിരുന്നു. വിശ്വാസത്തിന്റെ ഭാഗമായല്ല തന്റെ യാത്രയെന്നും, ജോലിയുടെ ഭാഗമായാണ് മല ചവിട്ടുന്നതെന്നും സ്ത്രീകളുടെ അവകാശം സംരക്ഷിക്കുകയാണ് ലക്ഷ്യമെന്നും കവിത വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആക്ടിവിസമാണ് നടത്തിയതെന്ന് സര്‍ക്കാര്‍ തന്നെ പറഞ്ഞതോടെ പൊലീസ് വെട്ടിലായി. ഇതിനിടെ ഗവര്‍ണ്ണര്‍ പി സദാശിവം ഡിജിപിയെ വിളിച്ചു വരുത്തി സംസാരിക്കുകയും ചെയ്തു. ശബരിമലയിലെ പൊലീസ് വീഴ്ചകള്‍ ഗവര്‍ണ്ണറും അക്കമിട്ട് നിരത്തി. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് ശബരിമലയിലും നിലയ്ക്കലിലും ഉണ്ടായ വീഴ്ചകളെ കുറിച്ച് എഡിജിപി തല അന്വേഷണം നടക്കുന്നത്.

ഇന്റലിജന്‍സ് എഡിജിപിയാണ് വിനോദ് കുമാര്‍. അനില്‍ കാന്ത് ദക്ഷിണമേഖലാ എഡിജിപിയും. രണ്ട് റിപ്പോര്‍ട്ടുകളും പരിശോധിച്ച് പൊലീസിന് വീഴ്ച ഉണ്ടായിട്ടുണ്ടോയെന്ന് ഡിജിപി പരിശോധിക്കും. പ്രതിസ്ഥാനത്തുള്ളത് ഐജിമാരായതാണ് ഇതിന് കാരണം. നിലയ്ക്കലിലെ പൊലീസ് നടപടിയാകും പ്രധാനമായും അന്വേഷിക്കുക. ഇതിനൊപ്പം രഹ്നാ ഫാത്തിമയെ മലകയറ്റാന്‍ മുന്‍കൈയെടുത്തത് ആരെന്നും പരിശോധിക്കും. സന്നിധാനത്ത് കാര്യങ്ങള്‍ ശാന്തതയോടെ കൊണ്ടു പോയത് ഐജി ശ്രീജിത്താണ്. ഇതും ഡിജിപി തിരിച്ചറിയുന്നു. ഈ വിഷയത്തില്‍ എല്ലാം വ്യക്തത ഉണ്ടാകണമെന്ന് ഗവര്‍ണ്ണര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് എഡിജിപി തല അന്വേഷണം. ഐജിമാര്‍ക്കെതിരെ അന്വേഷണം നടത്തേണ്ടതിനാലാണ് എഡിജിപിമാരെ ചുമതലപ്പെടുത്തുന്നത്.

സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയില്‍ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാകുന്ന സാഹചര്യത്തിലാണ് ഗവര്‍ണറുമായി ഡിജിപി കൂടിക്കാഴ്ച നടത്തിയത്. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഗവര്‍ണര്‍ പി. സദാശിവം ഡിജിപി ലോക്‌നാഥ് ബഹ്‌റയെ വിളിച്ചുവരുത്തുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ശബരിമല വിഷയത്തില്‍ പൊലീസ് സ്വീകരിക്കുന്ന നടപടികള്‍ എന്തൊക്കെയാണെന്ന് അറിയുന്നതിനാണ് ഗവര്‍ണര്‍ ഡിജിപിയെ വിളിച്ചുവരുത്തിയത്. ഇരുവരും അരമണിക്കൂറോളം കൂടിക്കാഴ്ച നടത്തി. ശബരിമലയിലെ സംഘര്‍ഷാവസ്ഥ പരിഹരിക്കുന്നതിന് തുടര്‍ നടപടികള്‍ എന്തൊക്കെയാണ് സ്വീകരിക്കുകയെന്ന് ഗവര്‍ണര്‍ ആരാഞ്ഞു. ക്രമസമാധാനം പാലിക്കപ്പെടുന്നുവെന്ന കാര്യം ഉറപ്പുവരുത്തണമെന്ന് ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചതായാണ് സൂചന. കനത്ത പൊലീസ് ബന്തവസ്സില്‍ യുവതികള്‍ നടപ്പന്തല്‍ വരെയെത്തിയെങ്കിലും ഭക്തരുടെ കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് ഇരുവര്‍ക്കും പിന്തിരിയേണ്ടി വരികയായിരുന്നു.

നൂറ്റമ്പതോളം പൊലീസുകാരാണ് യുവതികള്‍ക്ക് സംരക്ഷണ വലയം തീര്‍ത്തത്. ഹെല്‍മറ്റും ജാക്കറ്റും(riot gear) ധരിച്ചായിരുന്നു കവിതയുടെ യാത്ര. ഐ ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു യുവതികളുമായി ശബരിമലയിലേക്ക് തിരിച്ചത്. ഇതിന്റെ ഭാഗമായി പമ്ബയില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ ഐ ജി ശ്രീജിത്ത് എത്തിയതിനു ശേഷമായിരുന്നു യാത്ര തിരിച്ചത്. യുവതികള്‍ നടപ്പന്തലില്‍ എത്തിയതോടെ ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നത് ആചാരവിരുദ്ധമാണെന്ന വാദം ഉയര്‍ത്തി പ്രതിഷേധവുമായി നിരവധി ഭക്തര്‍ രംഗത്തെത്തി. ഐ ജി ശ്രീജിത്ത് ഭക്തരോട് സംസാരിച്ചെങ്കിലും യുവതികളെ കടത്തിവിടാന്‍ തയ്യാറല്ലെന്ന നിലപാടായിരുന്നു ഭക്തര്‍ എടുത്തത്. ഇത് വിവാദം ആളിക്കത്തിച്ചു. പൊലീസിനും സര്‍ക്കാരിനും എതിരായ പ്രതിഷേധമായി മാറി. കേരളത്തിലുടനീളം സംഘര്‍ഷ സാധ്യതയും ഉടലെടുത്തു. ഇതില്‍ പൊലീസിന്റെ ഭാഗത്ത് വലിയ വീഴ്ച വരുത്തിയെന്നും വിലയിരുത്തലുകളെത്തി. നിലയ്ക്കലില്‍ മനോജ് എബ്രഹാമിനെതിരെ കോണ്‍ഗ്രസ് നേതാവ് ജി സുധാകരനും രംഗത്ത് വന്നു.

ആക്ടിവിസ്റ്റുകള്‍ക്ക് ശക്തി തെളിയിക്കാനുള്ള ഇടമായി ശബരിമലയെ മാറ്റരുതെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനും കുറ്റപ്പെടുത്തിയിരുന്നു. സന്നിധാനത്ത് ആരാധനയ്ക്ക് വേണ്ടി അയ്യപ്പ ഭക്തര്‍ എത്തിയാല്‍ അവര്‍ക്ക് സംരക്ഷണം നല്‍കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. എന്നാല്‍ ആക്ടിവിസ്റ്റുകളായിട്ടുള്ള ചിലരാണ് സന്നിധാനത്ത് എത്താന്‍ ശ്രമിച്ചത്. ഇവര്‍ക്ക് സംരക്ഷണം നല്‍കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമില്ലെന്നും മന്ത്രി വ്യക്തമാക്കി. വിശ്വാസികളുടെ സംരക്ഷണം ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ പ്രാഥമിക പരിഗണന. ഏതു പ്രായത്തിലുമുള്ള വിശ്വാസികള്‍ക്കു വേണ്ടിയുള്ളതാണ് കോടതി വിധി. യുവതികളെ മലകയറ്റിയ നടപടിയില്‍ പൊലീസ് കുറച്ചുകൂടെ ശ്രദ്ധിക്കേണ്ടതായിരുന്നെന്നും മന്ത്രി പറഞ്ഞു. പതിനായിരക്കണക്കിന് പേര്‍ ശബരിമലയില്‍ എത്തുന്ന സാഹചര്യത്തില്‍ ഭക്തരേയും ആക്ടിവിസ്റ്റുകളേയും പ്രശ്‌നം സൃഷ്ടിക്കാന്‍ വരുന്നവരേയും വേര്‍തിരിച്ചറിയാന്‍ പ്രയാസമാണെന്നും മന്ത്രി പറഞ്ഞു.

എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമല ദര്‍ശനം അനുവദിച്ച സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ കര്‍ശന സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ടു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഇന്റേണല്‍ സെക്യൂരിറ്റി വിഭാഗം ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു. ്പ്രവേശനം നല്‍കണമെന്ന് വനിതാ സംഘടനകളും നല്‍കരുതെന്ന് പ്രതിഷേധക്കാരും ആവശ്യപ്പെടുന്നുണ്ട്. ഈ സാഹചര്യത്തില്‍ ആവശ്യമായ മുന്‍കരുതലും ജാഗ്രതയും ക്രമസമാധാന പരിപാലനത്തിനുള്ള സുരക്ഷാക്രമീകരണങ്ങളും ശബരിമലയില്‍ ഒരുക്കണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരിനു കത്തയച്ചത്. ക്രമസമാധാനം സംരക്ഷിക്കുന്നതിനെതിരായി സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുന്നതു കര്‍ശനമായി നിരീക്ഷിക്കണമെന്നും ഇക്കാര്യത്തില്‍ ആവശ്യമായ നടപടിയെടുക്കണമെന്നും കത്തിലുണ്ട്. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങള്‍ക്കും സമാന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത് ചര്‍ച്ചയാക്കി ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിലേക്ക് കാര്യങ്ങളെത്തിക്കാനായിരുന്നു ഇടത് സര്‍ക്കാരിന്റെ ശ്രമം. ഇതിനിടെയാണ് രഹ്നാ ഫാത്തിമയെ കൊണ്ടു പോയി എല്ലാം പൊലീസ് തന്നെ അട്ടിമറിച്ചത്.

സംസ്ഥാന സര്‍ക്കാര്‍ ശബരിമലയെ യുദ്ധക്കളമാക്കുകയാണെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ള ആരോപിച്ചിട്ടുണ്ട്. എസ്ഡിപിഐ അനുഭാവികളായ പൊലീസുകാരുടെ സഹായത്തോടെയാണു യുവതികള്‍ മല കയറുന്നതെന്ന് അദ്ദേഹം ആരോപിച്ചു. വിശ്വാസികളായ പൊലീസുകാരുടെ മനസ്സ് ഉണരണം. പൊലീസ് വേഷത്തില്‍ കൊണ്ടുപോകാന്‍ കോടതി ഉത്തരവുണ്ടോ? സ്ത്രീകള്‍ക്കു സുരക്ഷ ഒരുക്കിയില്ലെങ്കില്‍ കോടതിയലക്ഷ്യമാകുമെന്ന സര്‍ക്കാര്‍ വാദം തട്ടിപ്പാണ്. ആരെയും ബലംപ്രയോഗിച്ചു കയറ്റണമെന്നു കോടതി പറഞ്ഞിട്ടില്ല. യുവതിയെ പൊലീസ് വേഷം ധരിപ്പിച്ചവര്‍ക്കെതിരെ നടപടി വേണം. ആള്‍മാറാട്ടത്തിനു കേസെടുക്കണമെന്നും ആവശ്യപ്പെട്ടു. ഇതും എഡിജിപിമാര്‍ അന്വേഷിക്കും.Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്