Main Menu

നിര്‍ണായക ദേവസ്വം ബോര്‍ഡ് യോഗം ഇന്ന്; ശ്രീധരന്‍ പിള്ളയുടെ വെളിപ്പെടുത്തലും തന്ത്രി കണ്ഠരര് രാജീവരരില്‍ നിന്ന് വിശദീകരണം തേടിയതും ചര്‍ച്ചയാകും

പമ്പ: തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിര്‍ണായക യോഗം ഇന്ന് ചേരും. മണ്ഡലകാലം ആരംഭിക്കുന്നതിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ യോഗം വിലയിരുത്തും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ളയുടെ വെളിപ്പെടുത്തലും തന്ത്രി കണ്ഠരര് രാജീവരരില്‍ നിന്ന് വിഷയത്തില്‍ വിശദീകരണം തേടിയതും യോഗത്തില്‍ ചര്‍ച്ചയാകും.

തന്ത്രിയില്‍ നിന്ന് വിശദീകരണം ലഭിച്ച ശേഷമാകും തുടര്‍ നടപടികള്‍ സ്വീകരിക്കുക. തുലാമാസ പൂജയുടെ സമയത്ത് യുവതികള്‍ സന്നിധാനത്തെത്തുന്നത് തടയാനാനായി നടയടയ്ക്കുന്നത് സംബന്ധിച്ച് കണ്ഠരര് രാജീവരര് താനുമായി ചര്‍ച്ച നടത്തിയിരുന്നെന്ന പിഎസ് ശ്രീധരന്‍ പിളളയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നടപടികള്‍.

തന്ത്രിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായും തന്ത്രിയുടെ വിശദീകരണത്തിനു ശേഷമാകും തുടര്‍നടപടികളെന്നും ദേവസ്വം ബോര്‍ഡ് അംഗം കെപി ശങ്കര്‍ ദാസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ശബരിമലയെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ അനുവദിക്കില്ലെന്നും ആചാരപരമായ കാര്യങ്ങളില്‍ ദേവസ്വം ബോര്‍ഡാണ് തീരുമാനമെടുക്കുന്നതെന്നും പ്രസിഡന്റ്് എ. പത്മകുമാര്‍ പറഞ്ഞു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്