Main Menu

നിങ്ങളുടെ മക്കള്‍ക്കാണ് ഇങ്ങനെയൊരു അനുഭവം ഉണ്ടാകുന്നതെങ്കില്‍ എന്തായിരിക്കും പ്രതികരണം’; നേതാക്കളോട് പരാതിക്കാരി; പാര്‍ട്ടി ‘തമ്പുരാന്‍’ ആയ പി.കെ.ശശിക്കെതിരെ നിലപാടെടുക്കാന്‍ ഭയന്ന് ജില്ലയിലെ സിപിഐഎം നേതാക്കള്‍

പാലക്കാട്: പി.കെ.ശശിക്കെതിരെ ഡിവൈഎഫ്‌ഐ നേതാവായ വനിത നല്‍കിയ പരാതി ഒത്തുതീര്‍പ്പാക്കാന്‍ ജില്ലാതലത്തില്‍ നടന്നത് പല രീതിയിലുള്ള ശ്രമങ്ങള്‍. പരാതിയുമായി മുന്നോട്ടു പോയ യുവതി പാര്‍ട്ടി എന്ത് നടപടിയെടുക്കുമെന്ന് കാത്തിരിക്കുകയാണ് എന്നാണ് വിവരം. അതേസമയം പി.കെ.ശശിക്കെതിരെ നിലപാടെടുക്കാന്‍ ജില്ലയിലെ സിപിഐഎം നേതാക്കള്‍ക്ക് ഭയമാണ്. കഴിഞ്ഞ ദിവസം ജില്ലാ കമ്മിറ്റിയിലും സെക്രട്ടേറിയറ്റിലും ആരും വിഷയം ഉന്നയിക്കാതിരുന്നതിന്റെ കാരണവും ഇതുതന്നെ.

ഓഗസ്റ്റ് 25ന് എംഎല്‍എ വിശ്വസ്തരായ ഏരിയാ കമ്മിറ്റി അംഗങ്ങളുടെ യോഗം വിളിച്ചു. തനിക്കെതിരെ ഗൂഢാലോചന രൂപപ്പെട്ടിട്ടുണ്ടെന്നും പാര്‍ട്ടിയെ ബാധിക്കുന്ന ഈ പ്രശ്‌നത്തെ നേരിടണമെന്നും നിര്‍ദേശം നല്‍കി. പരാതിക്കാരിയെ നേരില്‍ കണ്ടു സമ്മര്‍ദം ചെലുത്തുന്നതിനു രണ്ടു മുതിര്‍ന്ന അംഗങ്ങളെ ചുമതലപ്പെത്തി. ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് എത്തിയ ഇവരോട് ‘നിങ്ങളുടെ മക്കള്‍ക്കാണ് ഇങ്ങനെയൊരു അനുഭവം ഉണ്ടാകുന്നതെങ്കില്‍ എന്തായിരിക്കും പ്രതികരണം’ എന്ന് യുവതി ചോദിച്ചതോടെ രണ്ടുപേരും പിന്‍വാങ്ങി.

26ന് ഡിവൈഎഫ്‌ഐ ജില്ലാ നേതൃത്വത്തിലെ രണ്ടു പേരുടെ അനുനയ ശ്രമം നടന്നു. വിഷയം പുറത്തുവന്നാല്‍ പാര്‍ട്ടിക്ക് അപകീര്‍ത്തിയാകുമെന്നും പാര്‍ട്ടിക്കു പരുക്കേല്‍ക്കാതിരിക്കാന്‍ പിന്മാറണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ സമാനമായ പരാതിയില്‍ കണ്ണൂരിലെ നേതാവിനെതിരെ നടപടി ഉണ്ടായപ്പോള്‍ പാര്‍ട്ടിക്കൊന്നും സംഭവിച്ചില്ലല്ലോ എന്ന് യുവതി ചോദിച്ചു. അനുനയത്തിനു ശ്രമിച്ച ജില്ലാ നേതാക്കളെ ഈ സമയത്തു മറ്റൊരു ഡിവൈഎഫ്‌ഐ നേതാവ് ഫോണില്‍ വിളിച്ച് ‘നിങ്ങളെ ആരാണ് ഇതിനു ചുമതലപ്പെടുത്തിയത്’ എന്നു ചോദിച്ചു ക്ഷോഭിക്കുന്നു.

സംഭവം മാധ്യമങ്ങളിലൂടെ പുറത്തായതിനു ശേഷം ജില്ലയ്ക്കു പുറത്തുള്ള കേന്ദ്രത്തില്‍ യുവതിക്കൊപ്പം നില്‍ക്കുന്നുവെന്നു കരുതുന്നവരുമായി ചര്‍ച്ച നടത്തുന്നു. പക്ഷേ, അവര്‍ വിട്ടുവീഴ്ചയ്ക്കു തയാറായില്ല. സഹകരണ സ്ഥാപനത്തില്‍ ജോലിയുള്ള വിശ്വസ്തനെ ഉപയോഗിച്ചു പണം വാഗ്ദാനം ചെയ്യാനുള്ള ശ്രമവും പൊളിയുന്നു.

അതിനിടെ പി. കെ. ശശിക്കെതിരായ ലൈംഗികാതിക്രമ പരാതി പാര്‍ട്ടിക്കകത്ത് ഏതുവിധേനയും തീര്‍ക്കാന്‍ സിപിഐഎം ശ്രമം തുടങ്ങി. പരാതിക്കാരി പൊലീസിനെ സമീപിച്ചാല്‍ എംഎല്‍എയെ വാറന്റില്ലാതെ അറസ്റ്റ് ചെയ്യാം. നിയമസഭയുടെയും സ്പീക്കറുടെയും പ്രത്യേക സംരക്ഷണം എംഎല്‍എയ്ക്ക് ഇക്കാര്യത്തില്‍ ലഭിക്കുമെന്നു കരുതാനാവില്ല. പരാതിക്കാരി പൊലീസിനെ സമീപിച്ചാല്‍ സിആര്‍പിസി 354 പ്രകാരം സ്ത്രീത്വത്തെ അപമാനിച്ചതിനു പൊലീസിന് അറസ്റ്റ് ചെയ്യാം.

ജാമ്യം കിട്ടാന്‍ പ്രയാസമുള്ള വകുപ്പാണിത്. പരാതിക്കാരിയെ നേരിട്ടു കണ്ട് വിവരങ്ങള്‍ തേടി കേസെടുക്കാന്‍ വനിതാ കമ്മിഷന് ആവശ്യപ്പെടാം. എന്നാല്‍ സ്വമേധയാ കേസെടുക്കാനില്ലെന്നു സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം കൂടിയായ വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ വ്യക്തമാക്കി. ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗമായ യുവതിയുടെ പരാതി ജില്ലാതലത്തില്‍ തന്നെ പറഞ്ഞുതീര്‍ത്തില്ലെന്ന രോഷമാണ് സിപിഐഎം നേതൃത്വത്തിന്റേത്. മാസങ്ങള്‍ക്കു മുന്‍പു നടന്ന സംഭവം ഇപ്പോള്‍ പരാതിയായതിനു പിന്നില്‍ പാര്‍ട്ടിയിലെ വിഭാഗീയതയുണ്ടോ എന്ന പരിശോധനയും നേതാക്കള്‍ നടത്തുന്നു. ഒരിക്കല്‍ വിഎസ് പക്ഷത്തിനു കടുത്ത സ്വാധീനമുണ്ടായിരുന്ന പാലക്കാട്ട് വിഭാഗീയതയുടെ തുരുത്തുകളുണ്ടെന്നാണു കഴിഞ്ഞ ജില്ലാ സമ്മേളന വേളയില്‍ വിലയിരുത്തപ്പെട്ടത്. ഔദ്യോഗിക പക്ഷത്തെ പ്രധാനികളിലൊരാളായ ശശി തന്റെ ശൈലികൊണ്ടു പാര്‍ട്ടിയില്‍ ശത്രുക്കളെ സമ്പാദിച്ചിട്ടുണ്ട്.

വിഭാഗീയതയുടെ കാലത്തു വിഎസ് പക്ഷത്തിനു മേല്‍ക്കൈയുണ്ടായിരുന്ന ജില്ലയില്‍ ഔദ്യോഗിക പക്ഷത്തിനൊപ്പം ഉറച്ചു നിന്നതാണ് ശശിയെ കരുത്തനാക്കിയത്. മുന്‍പു ചില വിഷയങ്ങളില്‍ ശശിക്കെതിരായ നിലപാടെടുത്ത മുന്‍ എംഎല്‍എ കഴിഞ്ഞ സമ്മേളനത്തോടെ ജില്ലാ സെക്രട്ടേറിയറ്റില്‍നിന്നു പുറത്തായി. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റപ്പാലം മണ്ഡലത്തില്‍ മത്സരിക്കാന്‍ തീരുമാനിച്ച ശശിയെ പ്രദേശികമായ ചില പ്രശ്‌നങ്ങളെത്തുടര്‍ന്നാണു ഷൊര്‍ണൂരിലേക്കു മാറ്റിയത്. ഷൊര്‍ണൂരില്‍ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചിരുന്ന ജില്ലാ സെക്രട്ടേറിയറ്റംഗം എതിര്‍ത്തെങ്കിലും സംസ്ഥാന നേതൃത്വത്തിലെ സ്വാധീനമുപയോഗിച്ചു ശശി സീറ്റു നേടി. എതിര്‍പ്പുയര്‍ത്തിയ അംഗം അടുത്ത സമ്മേളനത്തോടെ പുറത്താവുകയും ചെയ്തു.

ജില്ലാ സമ്മേളനം നടന്ന മണ്ണാര്‍ക്കാട്ട് ശശിയെ ‘തമ്പുരാന്‍’ എന്നു വിശേഷിപ്പിച്ചു ഫ്‌ലെക്‌സ് വച്ചതും പാര്‍ട്ടിയില്‍ വിവാദമായിരുന്നു. പാലക്കാട് ജില്ലയിലെ ഭൂരിഭാഗം നേതാക്കള്‍ക്കും പരാതിക്കാരിയായ യുവതിയോട് അനുകൂല നിലപാടാണ്. നടപടി നേരിടേണ്ടി വരുമെന്ന ഭയമാണ് പാര്‍ട്ടിയില്‍ പോലും വിഷയം ഉന്നയിക്കുന്നതില്‍ നിന്ന് അവരെ പിന്തിരിപ്പിക്കുന്നത്.Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്