Main Menu

നടിയെ പള്‍സര്‍ സുനി ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു; അന്വേഷണം വേഗത്തിലാക്കാന്‍ ബെഹ്‌റയുടെ നിര്‍ദേശം; അറസ്റ്റ് ഉടനുണ്ടായേക്കും

കൊച്ചി: ഓടുന്ന വാഹനത്തില്‍ നടിയെ പ്രതി പള്‍സര്‍ സുനി ശാരീരികമായി അപമാനിക്കുന്നതിന്റേതെന്ന് കരുതുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ഇതിന്റെ ആധികാരികത ഉറപ്പുവരുത്താനുള്ള പരിശോധനയിലാണ് പൊലീസ്. തന്നെ സുനി ഉപദ്രവിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് നടി നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. നടിയെ ഉപദ്രവിച്ചതിന്റെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് പുഴയിലെറിഞ്ഞെന്നും അഭിഭാഷകനെ ഏല്‍പിച്ചെന്നുമൊക്കെയാണ് ചോദ്യംചെയ്യലില്‍ സുനി ആദ്യം പറഞ്ഞിരുന്നത്. കൂട്ടുപ്രതിവഴി നടി കാവ്യാമാധവന്റെ കാക്കനാട്ടുള്ള വ്യാപാരസ്ഥാപനത്തിലേല്‍പ്പിച്ചെന്ന് പിന്നീട് പറഞ്ഞു. ഈ സ്ഥലങ്ങളിലൊക്കെ പൊലീസ് തിരച്ചില്‍ നടത്തിയിരുന്നു.

നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് കിട്ടിയതോടെ അന്വേഷണം അന്തിമഘട്ടത്തിലെത്തി. പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം അന്വേഷണച്ചുമതലയുള്ള ഐ.ജി. ദിനേന്ദ്ര കശ്യപ് തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ടു. നിര്‍ണായകനീക്കങ്ങള്‍ വരുംദിവസങ്ങളില്‍ ഉണ്ടാകുമെന്നാണ് സൂചന. കേസിൽ പൊലീസ് അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാൻ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. പൊലീസ് ആസ്ഥാനത്തു ഡിജിപി ലോക്നാഥ് ബെഹ്റയുടെ നേതൃത്വത്തിൽ അന്വേഷണ സംഘത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ നിർണായക യോഗം ചേർന്ന ശേഷമാണ് ഈ നീക്കം. ഇതുവരെ ലഭിച്ച തെളിവുകൾ കോർത്തിണക്കാൻ അന്വേഷണ സംഘത്തിനു കഴിഞ്ഞതോടെയാണു പൊലീസിന്റെ ഈ നടപടി. അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഐജി ദിനേന്ദ്ര കശ്യപ്, മേൽനോട്ടം വഹിക്കുന്ന എഡിജിപി ബി.സന്ധ്യ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിലാണ് അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്കു കടക്കാൻ തീരുമാനിച്ചത്.

സിനിമാരംഗത്തുള്ള ചിലര്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ്. അതേസമയം മെമ്മറികാര്‍ഡ് കണ്ടെത്തിയതായി പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. നടിയെ അപമാനിക്കുന്നതിന്റേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചതായി സമ്മതിക്കുന്നുണ്ട്. നടി ആക്രമിക്കപ്പെട്ടതിനുപിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ആക്രമണത്തിന് ഇടയാക്കിയതെന്നുമുള്ള അനുമാനത്തിലാണ് പൊലീസ്. കേസില്‍ അന്വേഷണം വേഗത്തിലാക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശിച്ചു. അന്വേഷണപുരോഗതി വിലയിരുത്താന്‍ പൊലീസ് ആസ്ഥാനത്ത് ഞായറാഴ്ച യോഗംവിളിച്ചിരുന്നു. ക്രൈംബ്രാഞ്ച് നോര്‍ത്ത് സോണ്‍ ഐ.ജി. ദിനേന്ദ്ര കശ്യപിനോട് അന്വേഷണം എത്രയുംവേഗം പൂര്‍ത്തിയാക്കണമെന്ന് ബെഹ്‌റ നിര്‍ദേശിച്ചു. കഴിഞ്ഞ ഫെബ്രുവരിയില്‍നടന്ന സംഭവത്തിലെ അന്വേഷണം ഇനിയും വൈകിക്കൂടെന്നും യോഗത്തില്‍ പൊലീസ് മേധാവി പറഞ്ഞു.

കേസ്ഡയറി വിളിച്ചുവരുത്തി പരിശോധിച്ച ഡി.ജി.പി., കേസന്വേഷണം ഇഴയുന്നതില്‍ അതൃപ്തി രേഖപ്പെടുത്തി. കേസുസംബന്ധിച്ച് പൊതുസമൂഹത്തില്‍ നിലനില്‍ക്കുന്ന ദുരൂഹത തീര്‍ക്കണം. അന്വേഷണച്ചുമതല ഐ.ജി. ദിനേന്ദ്ര കശ്യപിനും മേല്‍നോട്ടം എ.ഡി.ജി.പി. ബി. സന്ധ്യക്കുമായിരിക്കും. കുറ്റക്കാര്‍ക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കണമെന്നും നിര്‍ദേശം നല്‍കി. തെളിവുകള്‍ ലഭിച്ചാല്‍ പ്രതിസ്ഥാനത്ത് എത്ര ഉന്നതനായാലും അറസ്റ്റുചെയ്യാമെന്ന് അന്വേഷണോദ്യോഗസ്ഥരോട് പോലീസ് മേധാവി നിര്‍ദേശിച്ചു. ദിലീപിനെയും നാദിര്‍ഷയെയും ചോദ്യംചെയ്തതിന്റെ വിശദാംശങ്ങള്‍ ബെഹ്‌റ പരിശോധിച്ചു. ഇവരില്‍നിന്ന് സംശയങ്ങള്‍ ദൂരീകരിക്കത്തക്ക വിവരങ്ങള്‍ ലഭിച്ചില്ലെന്ന് അറിയുന്നു. സുനിയുമായിനടന്ന ചില ഫോണ്‍കോളുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി ലഭിച്ചില്ല. ചോദ്യംചെയ്യല്‍ മണിക്കൂറുകള്‍ നീണ്ടുപോകാനും ഇതുകാരണമായി. ആവശ്യമെങ്കില്‍ ഇരുവരെയും വീണ്ടും ചോദ്യംചെയ്യുന്നത് വൈകിക്കേണ്ടെന്ന് പോലീസ് മേധാവി നിര്‍ദേശിച്ചു.

കേസന്വേഷണം കാര്യക്ഷമമായി മുന്നോട്ടുപോകുന്നതായും ഈ ഘട്ടത്തില്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നും ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. കേസില്‍ ഉള്‍പ്പെട്ടെന്ന് സംശയിക്കുന്നവരുമായി സൗഹൃദത്തിലായിരുന്ന ഒരു മുന്‍ എസ്.പി. നിരീക്ഷണത്തിലാണ്. ഇദ്ദേഹം കേസില്‍ ഉള്‍പ്പെടാന്‍ സാധ്യതയുള്ളവരെ സഹായിച്ചതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സുനിയെ പരിചയമില്ലെന്നാണ് ദിലീപ് പോലീസിനോട് പറഞ്ഞത്. ഇത് ശരിയാണോ എന്ന് അറിയാനുള്ള പരിശോധനകളിലാണ് പോലീസ്. ഫോണ്‍രേഖകളില്‍ വ്യക്തമായ സൂചനകള്‍ കിട്ടാത്തതിനാലാണ് ഇവര്‍ ഒന്നിച്ചുണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ പരിശോധിക്കുന്നത്.സുനി മൊഴികള്‍ മാറ്റിമാറ്റിപ്പറയുന്നത് കേസന്വേഷണം വഴിതെറ്റിക്കാനാണോയെന്നും സംശയമുണ്ട്. ശനിയാഴ്ച പറവൂരിനടുത്ത് പെരുമ്പടന്നയിലെ ഒരു സ്ഥാപനത്തില്‍ പൊലീസ് പരിശോധനനടത്തി. പ്രമുഖ നടിയുടെ സ്ഥാപനവുമായി ബിസിനസ് ബന്ധമുള്ളവരാണിതെന്ന് സൂചനയുണ്ട്.

മെമ്മറി കാര്‍ഡ് കൂട്ടുപ്രതിവഴി നടി കാവ്യാമാധവന്റെ കാക്കനാട്ടുള്ള വ്യാപാരസ്ഥാപനത്തിലേല്‍പ്പിച്ചെന്ന് സുനിയുടെ മൊഴി നല്‍കിയിരുന്നു. ഇതുപ്രകാരം കാവ്യ മാധവന്റെ ഉടമസ്ഥതയില്‍, കാക്കനാട് മാവേലിപുരത്തുള്ള ഓണ്‍ലൈന്‍ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ വെള്ളിയാഴ്ച പൊലീസ് പരിശോധന നടത്തിയിരുന്നു. പണമിടപാടുകളും കംപ്യൂട്ടറിലെ വിവരങ്ങളും സി.സി.ടി.വി. ദൃശ്യങ്ങളുമാണ് കാര്യമായി പരിശോധിച്ചത്. സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധനയ്ക്കായി സി.ഡിറ്റിലേക്ക് അയയ്ക്കും.

നടിയെ തട്ടിക്കൊണ്ടുപോയതിന് ശേഷം കാക്കനാട്ടെ കടയില്‍ പോയതായി മുഖ്യ പ്രതി പള്‍സര്‍ സുനി, ജയിലില്‍ നിന്നെഴുതിയ കത്തില്‍ പറഞ്ഞിരുന്നു. സുനി ഇവിടെ എത്തിയിരുന്നോ എന്ന് ഉറപ്പിക്കാനാണ് പൊലീസ് ദൃശ്യങ്ങള്‍ പരിശോധിക്കുന്നത്. ഇതിന് പുറമെ കാവ്യയുടെ വെണ്ണലയിലെ വില്ലയിലും ശനിയാഴ്ച പൊലീസ് പരിശോധനയ്‌ക്കെത്തി. വൈകീട്ട് മൂന്നരയ്ക്കും അഞ്ച് മണിക്കും പൊലീസ് എത്തിയെങ്കിലും വില്ലയില്‍ ആളില്ലാത്തതിനാല്‍ പൊലീസ് മടങ്ങുകയായിരുന്നു. വനിതാ പൊലീസ് ഉള്‍പ്പെടെയുള്ള സംഘമാണ് എത്തിയത്.

സുനി ദിലീപിന് അയച്ചതായി പറയുന്ന കത്തില്‍ സാമ്പത്തികമായ ചില ആവശ്യങ്ങളാണ് പ്രധാനമായും ഉന്നയിച്ചിരുന്നത്. ഈ കത്തില്‍ കാക്കനാട്ടെ ഒരു സ്ഥാപനത്തെക്കുറിച്ചും പരാമര്‍ശമുണ്ട്. കത്തില്‍ കടയുടെ പേരൊന്നും പറയുന്നില്ലെങ്കിലും ഇത് കാവ്യയുടെ സ്ഥാപനമാകാമെന്ന നിഗമനത്തിലാണ് പൊലീസ്. സുനിയുടെ സഹ തടവുകാരുടെ മൊഴിയിലും കാക്കനാട്ടെ കടയെപ്പറ്റി സൂചനയുണ്ട്. ആക്രമിച്ചതിന്റെ പിറ്റേന്ന് സുനി കാക്കനാട്ടെ കടയിലെത്തിയെന്നാണ് ഇവരുടെ മൊഴിയില്‍ വ്യക്തമാകുന്നത്. ഇക്കാര്യത്തെപ്പറ്റി ദിലീപില്‍ നിന്ന് പോലീസ് വിശദമായി ചോദിച്ചറിഞ്ഞതായാണ് സൂചനകള്‍.
കാക്കനാട്ടെ കടയെക്കുറിച്ച് സുനിയുടെ കത്തില്‍ പരാമര്‍ശിക്കുന്നത് പൊലീസ് ഗൗരവത്തോടെയാണ് കാണുന്നത്. ദിലീപിന്റെയും നാദിര്‍ഷയുടെയും മൊഴികള്‍ പരിശോധിക്കുന്നതിന്റെ ഭാഗമായാണ് കാക്കനാട്ടെ പരിശോധന. രഹസ്യമായി നടത്തിയ പരിശോധനയില്‍ ഒരു സി.ഐ.യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പങ്കെടുത്തത്. വെള്ളിയാഴ്ച കാലത്ത് പതിനൊന്നു മണിയോടെയാണ് പൊലീസ് സ്ഥാപനത്തിലെത്തിയത്. ഉച്ചയ്ക്ക് രണ്ടു മണിവരെ പരിശോധന നീണ്ടുനിന്നു.Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്