Main Menu

ദോഹയില്‍ നിന്ന് കേരളത്തിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ അനുവദിച്ചു

Indian Telegram Android App

ദോഹ: കേരളത്തിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ അനുവദിച്ചതായി ഇന്ത്യന്‍ വ്യോമയാന മന്ത്രാലയം അറിയിച്ചു. അവധിയാഘോഷിക്കാനായി സ്വദേശങ്ങളിലേക്ക് മടങ്ങുന്ന പ്രവാസി ഇന്ത്യക്കാരുടെ തിരക്ക് കണക്കിലെടുത്താണ് കൂടുതല്‍ വിമാനങ്ങള്‍ അനുവദിച്ചത്.

ദോഹയില്‍നിന്ന് തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലേക്കാണ് ഈദുല്‍ ഫിത്തര്‍ ദിനമായ ശനിയാഴ്ച മുതല്‍ ജൂലൈ എട്ട് വരെ എയര്‍ ഇന്ത്യയുടെ കൂടുതല്‍ വിമാനങ്ങള്‍ അനുവദിച്ചിരിക്കുന്നത്. ഇതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചതായും മന്ത്രാലയം വ്യക്തമാക്കി. ഖത്തറിന് മേല്‍ യു.എ.ഇ. ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ യു.എ.ഇ. വഴി ഇന്ത്യയിലേക്കുള്ള യാത്ര ഭൂരിഭാഗം പേരും റദ്ദാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ നിലവിലെ ദോഹയില്‍ നിന്നുള്ള വിമാനങ്ങളില്‍ തിരക്ക് അനിയന്ത്രിതമാകുമെന്നതിനെ തുടര്‍ന്നാണ് പുതിയ നടപടി.

രാജ്യത്തെ 27 ലക്ഷം വരുന്ന ജനസംഖ്യയില്‍ ആറ് ലക്ഷത്തോളം ഇന്ത്യക്കാരാണ്. ഇതില്‍ മൂന്ന് ലക്ഷത്തോളം മലയാളികളും. വ്യാഴാഴ്ച സ്‌കൂള്‍ അവധി കൂടി തുടങ്ങുന്നതോടെ നാട്ടിലേക്ക് തിരിക്കുന്ന പ്രവാസികളുടെ എണ്ണം പ്രതിദിനം 800നും 1,500നും ഇടയിലാണ്. അതുകൊണ്ട് തന്നെ നിലവിലെ സാഹചര്യം പരിഗണിച്ച് അധിക വിമാനങ്ങള്‍ അനുവദിക്കണമെന്ന് പ്രവാസി അസോസിയേഷന്‍ പ്രതിനിധികള്‍ ഇന്ത്യന്‍ സ്ഥാനപതി പി. കുമരന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. പ്രവാസികളുടെ ആവശ്യം സ്ഥാനപതി വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെ അറിയിച്ചിരുന്നു.

സിവില്‍ വ്യോമയാന മന്ത്രി അശോക് ഗജപതിയുമായി സുഷമ സ്വരാജ് നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് നടപടികള്‍ വേഗത്തിലായത്. 186 യാത്രക്കാരെ വീതം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിമാനങ്ങളാണ് സര്‍വീസ് നടത്തുന്നത്. കൊച്ചിയില്‍നിന്ന് തിരുവനന്തപുരത്തേക്കും സര്‍വീസ് നടത്തും. പതിവിന് വിപരീതമായി ഇത്തവണ കേന്ദ്രസര്‍ക്കാരിന്റെ വേഗത്തിലുള്ള നടപടി പ്രവാസികള്‍ക്ക് ഏറെ ആശ്വാസമാകുമെന്നതില്‍ സംശയമില്ല.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്