Main Menu

ദുബൈയില്‍ ഫിലിപ്പൈന്‍ യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; അന്വേഷണം ആവശ്യപ്പെട്ട് സുഹൃത്തുക്കള്‍

ദുബൈ: ഫിലിപ്പൈന്‍ സ്വദേശിയായ യുവതി ദുബൈയില്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന വാദവുമായി സുഹൃത്തുക്കള്‍. കഴിഞ്ഞ മാസം അവസാനമാണ് എയ്ഞ്ചല്‍ പൗയ ത്രസാത് എന്ന യുവതിയെ രക്തത്തില്‍ കുളിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. ദുബൈയിലെ ചൈന ക്ലസ്റ്ററിലെ ഒരു ഫ്ലാറ്റില്‍ വീട്ടുജോലിക്കാരിയായിരുന്നു യുവതി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ജൂലൈ 29നാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മരണപ്പെടുന്നതിന് കുറച്ചു ദിവസം മുന്‍പ് താന്‍ ഗര്‍ഭിണിയാണെന്ന് എയ്ഞ്ചല്‍ പറഞ്ഞിരുന്നുവെന്ന് അവരുടെ ഒരു സുഹൃത്ത് വെളിപ്പെടുത്തി. എന്നാല്‍, ഇക്കര്യത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും ഗര്‍ഭം അലസിപ്പിക്കുമെന്നും യുവതി പറഞ്ഞിരുന്നുവെന്ന് സുഹൃത്ത് പറഞ്ഞു. 2016 മുതല്‍ എയ്ഞ്ചലിന്റെ വിസ കാലാവധി തീര്‍ന്നിരുന്നു. ഇക്കാര്യം യുവതിയെ അലട്ടിയിരുന്നു. ഗര്‍ഭം അലസിപ്പിക്കരുതെന്നും ഓഗസ്റ്റ് ഒന്നു മുതല്‍ ആരംഭിക്കുന്ന പൊതുമാപ്പ് സമയത്ത് എന്തെങ്കിലും വഴി തെളിയുമെന്നും താന്‍ പറഞ്ഞുവെന്ന് സുഹൃത്ത് വ്യക്തമാക്കി. യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള അഭ്യൂഹങ്ങള്‍ നിലനില്‍ക്കുകയാണ്.

തന്റെ റൂംമേറ്റ് ആണ് എയ്ഞ്ചല്‍ മരിച്ച കാര്യം തന്നെ അറിയിച്ചത് സംഭവം അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി കുഞ്ഞിനെ ഇല്ലാതാക്കാന്‍ അവള്‍ എന്തെങ്കിലും മരുന്ന് കഴിച്ചുകാണും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഒരു സുഹൃത്ത് എന്നതിലുപരി എനിക്കൊരു സഹോദരിയായിരുന്നു അവള്‍’-യുവതിയുടെ സുഹൃത്ത് പറഞ്ഞു. എയ്ഞ്ചലിന് പതിനൊന്നും എട്ടും വയസ്സുള്ള രണ്ടു മക്കളുണ്ട്. ഭര്‍ത്താവ് ഒരിക്കല്‍ യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ഒരു വിധത്തിലാണ് രക്ഷപ്പെട്ടത്. തുടര്‍ന്ന് അല്‍ഐയ്‌നിലെ ഒരു വീട്ടില്‍ ജോലി ചെയ്താണ് ഇവര്‍ ജീവിച്ചിരുന്നത്. ഇവിടെയും ദുരനുഭവം ഉണ്ടായപ്പോള്‍ വിവിധ ജോലികള്‍ ചെയ്താണ് ജീവിച്ചിരുന്നത എന്നും സുഹൃത്ത് വെളിപ്പടുത്തി.

യുവതിയുടെ മരണത്തില്‍ അന്വേഷണം വേണം എന്ന് ബന്ധുക്കളും ആവശ്യപ്പെട്ടിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മൃതദേഹം വേഗം വിട്ടുനല്‍കാന്‍ ആവശ്യമായ നടപടികള്‍ ഉണ്ടാകണമെന്നും അവര്‍ അഭ്യര്‍ഥിച്ചു. പൊലീസ് അന്വേഷണം പൂര്‍ത്തിയായാല്‍ ഉടന്‍ മൃതദേഹം വിട്ടുനല്‍കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്