ദുബായില്‍ ടാക്സി നിരക്ക് കുറവെന്ന് പഠനം

ദുബായ്: ടാക്സി നിരക്ക് കുറവുള്ള നഗരങ്ങളില്‍ ഒന്നാണ് ദുബായിയെന്ന് പഠനം. ലോകത്തെ 80 ജനപ്രിയ നഗരങ്ങളില്‍ നടത്തിയ പഠനത്തില്‍ വിമാനത്താവളത്തില്‍ നിന്ന് നഗരമധ്യത്തിലേക്കുള്ള യാത്രാ നിരക്ക് താരതമ്യം ചെയ്തപ്പോള്‍ നിരക്ക് കുറവില്‍ അഞ്ചാം സ്ഥാനത്താണ് ദുബായ്.
‘കാര്സ്പ്രിംഗ് 2017 ടാക്സി നിരക്ക് സൂചിക’യില്‍ കിലോമീറ്റര്‍ നിരക്ക്, വെയ്റ്റിങ് ചാര്‍ജ്, വിമാനത്താവളത്തില്‍ നിന്ന് നഗരത്തിലേക്കുള്ള നിരക്ക് എന്നിവ വിലയിരുത്തിയാണ് പട്ടിക തയാറാക്കിയത്. വിമാനത്താവളത്തില്‍ നിന്ന് ടാക്സി നിരക്ക് ഏറ്റവും കുറവ് കെയ്റോയിലാണ്. രണ്ടാം സ്ഥാനത്ത് മുംബൈ, ടുനീസും ടള്ളിനും കഴിഞ്ഞാല്‍ തൊട്ടു പിന്നിലാണ് ദുബായ്. 30 ദിര്‍ഹം മാത്രമാണ് നഗരമധ്യത്തിലേക്കുള്ള നിരക്ക്.
ടോക്കിയോയിലാണ് ആണ് ഏറ്റവും ചിലവേറിയ ടാക്സിയാത്ര. ദുബായില്‍ നല്‍കുന്നതിന്റെ 22.7 ഇരട്ടിയാണ് അവിടെ നിരക്ക്. തുടക്ക വാടകയുടെ കാര്യത്തില്‍ ദുബായിലെ നിരക്ക് 45ാം സ്ഥാനത്താണ്. ടുനീസിലാണ് ഏറ്റവും കുറവ്. അതേസമയം ടാക്സി ഡ്രൈവര്‍മാര്‍ കൂടുതലായി ഉപയോഗിക്കുന്ന വാഹന മോഡലില്‍ ടൊയോട്ട കൊറോള്ളയ്ക്കാണ് ദുബായില്‍ പ്രിയം. മുംബൈയില്‍ ഇത് ഇന്നോവയാണ്.